പൊലീസ് നടപടി അതിവേഗം, പി വി അൻവ‍ർ എംഎൽഎയുടെ അറസ്റ്റ് മുൻപെങ്ങുമില്ലാത്ത വേഗത്തിൽ

Published : Jan 06, 2025, 06:19 AM ISTUpdated : Jan 06, 2025, 11:15 AM IST
പൊലീസ് നടപടി അതിവേഗം, പി വി അൻവ‍ർ എംഎൽഎയുടെ അറസ്റ്റ് മുൻപെങ്ങുമില്ലാത്ത വേഗത്തിൽ

Synopsis

വനം വകുപ്പ് ഓഫീസ് ആക്രമണ കേസിൽ നിലമ്പൂ‍ർ എംഎൽഎ റിമാൻ്റിലായത് പൊലീസിൻ്റെ അതിവേഗ നടപടിക്ക് പിന്നാലെ

നിലമ്പൂർ: വനം വകുപ്പ് ഓഫീസ് ആക്രമിച്ച കേസിൽ മുൻപെങ്ങുമില്ലാത്ത വേഗതയിലാണ് പി.വി അൻവർ എംഎൽഎയുടെ അറസ്റ്റ് പൊലീസ് പൂർത്തിയാക്കിയത്. നാടകീയമായ ചില രംഗങ്ങളുണ്ടായെങ്കിലും വലിയ എതിർപ്പ് അനുയായികളുടെയോ അൻവറിന്‍റെയോ ഭാഗത്ത് നിന്നുണ്ടായില്ല. നിയമസഭാ സാമാജികനായത് കൊണ്ടാണ് അറസ്റ്റ് വരിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം പിണറായി വിജയനെ അധിക്ഷേപിച്ചു. ഒപ്പം ഓവർ സ്മാ‍ർട്ടാകേണ്ടെന്ന് പൊലീസ് ഉദ്യോഗസ്ഥനോട് കുപിതനായി സംസാരിക്കുകയും ചെയ്തു.

ജാമ്യ ഹർജിയുമായി ഇന്ന് തന്നെ കോടതിയെ സമീപിക്കാനാണ് അൻവറിന്‍റെ തീരുമാനം. ഇന്നലെ രാവിലെ 11.45ഓടെ കാട്ടാന ആക്രമണത്തിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിലുള്ള ഡിഎംകെയുടെ പ്രതിഷേധത്തോടെയായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. അൻവറിന്‍റെ പ്രസംഗത്തിന് പിന്നാലെ മാർച്ച് അക്രമാസക്തമായി. പ്രവർത്തകർ ഫോറസ്റ്റ് ഓഫീസ് അടിച്ചുപൊളിച്ചു. വൈകിട്ട് നാല് മണിയോടെ സംഭവത്തിൽ നിലമ്പൂ‍ർ പൊലീസ് നടപടികളിലേക്ക് കടന്നു. ആറ് മണിയോടെ അൻവർ ഒന്നാം പ്രതിയായി 11 പേർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.

വൈകിട്ട് 7 മണിയോടെ അൻവറിനെ അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങി. ഒതായിയിലെ വീടിന് മുന്നിൽ പൊലീസ് സന്നാഹമെത്തി. രാത്രി എട്ടിന് നിലമ്പൂർ ഡിവൈഎസ്പി ബാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള സംഘം അൻവറിന്‍റെ വീട്ടിലേക്കെത്തി. വീടിന് പുറത്ത് അൻവറിന്റെ അനുയായികളും തടിച്ചുകൂടുന്നുണ്ടായിരുന്നു. എട്ടരയോടെ പൊലീസ് വീടിന് അകത്തേക്ക് പ്രവേശിച്ചു. രാത്രി 9.40ഓടെ അറസ്റ്റിന് വഴങ്ങുമെന്ന് അൻവർ പ്രഖ്യാപിച്ചു. പിന്നാലെ വാറന്‍റിൽ ഒപ്പുവെച്ചു.

അനുയായികൾ അൻവറിനെ അനുകൂലിച്ച് മുദ്രാവാക്യം വിളിച്ചു. 9.45ന് അൻവർ മാധ്യമങ്ങളോട് സംസാരിക്കുന്നത് തടഞ്ഞ ഡിവൈഎസ്പിയോടാണ് എംഎൽഎ തട്ടിക്കയറിയത്. 9.50ഓടെ അൻവറുമായി പൊലീസ് സംഘം പുറത്തേക്കെത്തി. അൻവറിനെ പൊലീസ് വാഹനത്തിന്റെ പിന്നിൽ കയറ്റാനാവില്ലെന്ന് പ്രവർത്തകർ പ്രതിഷേധിച്ചെങ്കിലും അധിക നേരം നീണ്ടില്ല. 10.15ന്  അൻവറിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും പുറത്തും വൻ പോലീസ് സന്നാഹമുണ്ടായിരുന്നു. രാത്രി 10.40ന് വൈദ്യപരിശോധന പൂർത്തിയാക്കി മജിസ്ട്രേറ്റിന്റെ വസതിയിലേക്കെത്തിച്ചു. പിന്നാലെ കോടതി എംഎൽഎയെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.

ജാമ്യത്തിനായി നാളെ രാവിലെ കോടതിയെ സമീപിക്കുമെന്ന് പി.വി.അന്‍വർ വ്യക്തമാക്കിയിരുന്നു. 14 ദിവസത്തേക്കാണ് റിമാൻ്റ്. 70 കിലോമീറ്റർ അകലെയുള്ള തവനൂർ സെൻട്രൽ ജയിലിലേക്ക് അൻവറുമായി പൊലീസ് സംഘം പോയി. നേരത്തെ അറസ്റ്റിലായ 4 പ്രവർത്തകരും അൻവറിനൊപ്പമുണ്ട്. 1.50ന് കുറ്റിപ്പുറം പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ വൈദ്യപരിശോധന പൂർത്തിയാക്കിയ ശേഷം 2.15 ന് അൻവറിനെ തവനൂർ സെൻട്രൽ ജയിലിലടച്ചു.

PREV
Read more Articles on
click me!

Recommended Stories

നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും
നടിയെ ആക്രമിച്ച കേസില്‍ വിധി നാളെ, വിചാരണ നേരിട്ടത് 10 പേർ; രാവിലെ 11 ന് കോടതി നടപടികൾ ആരംഭിക്കും