പിണറായിസം പറഞ്ഞ് സതീശനിസത്തിലെത്തി, അസോസിയേറ്റാക്കാൻ യുഡിഎഫിന് പിന്നാലെ നടന്നു, ഫലം വന്നപ്പോള്‍ എക്സ് ഫാക്ടർ

Published : Jun 23, 2025, 02:56 PM ISTUpdated : Jun 23, 2025, 03:30 PM IST
PV Anvar

Synopsis

യുഡിഎഫ് കേന്ദ്രങ്ങളിലും അന്‍വര്‍ ഇളക്കമുണ്ടാക്കി. മണ്ഡലത്തിൽ 20000ത്തിനടുത്ത് വോട്ട് നേടിയെങ്കിലും അൻവർ ഇപ്പോഴും അനിശ്ചാവസ്ഥയിലാണെന്നതാണ് യാഥാര്‍ഥ്യം.

മലപ്പുറം: സ്വന്തം രാഷ്ട്രീയ ജാതകമെഴുതുക എന്ന വലിയ ദൗത്യമായിരുന്നു ഈ തെരഞ്ഞെടുപ്പിൽ പി.വി. അൻവറിന് മുന്നിലെ വെല്ലുവിളി. ആദ്യഘട്ടത്തിൽ അൻവർ വെല്ലുവിളി അതിജീവിച്ചുവെന്ന് പറയാം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ജയത്തോളം മൂല്യമുള്ള നേട്ടമാണ് സ്വന്തമാക്കിയത്. ശക്തരായ രണ്ട് മുന്നണികൾക്കെതിരെ പൊരുതി 19760 വോട്ടുകൾ ഒറ്റക്ക് നേടുക എന്നത് കേരള രാഷ്ട്രീയത്തിൽ അത്ര ഈസിയായ കാര്യമല്ല. അതും കോൺ​ഗ്രസിനും ലീ​ഗിനും സിപിഎമ്മിനും ഒരുപോലെ സ്വാധീനമുള്ള മണ്ഡലത്തിൽ.

സാങ്കേതികമായി അൻവറാണ് നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് സൃഷ്ടിച്ചത്. പൊലീസിനെതിരെയും ആഭ്യന്തര വകുപ്പിനെയും പി ശശിയെയും രൂക്ഷമായി വിമർശിച്ച്, പിന്നീട് മുഖ്യമന്ത്രി പിണറായി വിജയനെയും കുറ്റപ്പെടുത്തി മുന്നണിവിട്ട അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചു. യുഡിഎഫിൽ ചേക്കേറി നിലമ്പൂരിൽ മത്സരിക്കുക എന്നതായിരുന്നു ലക്ഷ്യം. സീറ്റ് ലഭിക്കില്ലെന്നുറപ്പായതോടെ തനിക്ക് സ്വീകാര്യനായ വിഎസ് ജോയിയെ സ്ഥാനാർഥിയാക്കണമെന്ന് അൻവർ ഉപാധിവെച്ചു. 

സ്ഥാനാർഥി പ്രഖ്യാപനത്തിന് മുമ്പും പിമ്പും ആര്യാടൻ ഷൗക്കത്തിനെ പരസ്യമായി തള്ളിപ്പറഞ്ഞു. ഇത് യുഡിഎഫിലും പ്രതിസന്ധിയുണ്ടാക്കി. ആര്യാടൻ ഷൗക്കത്തിനെ പരസ്യമായി അം​ഗീകരിക്കാതെ അൻവറിന്റെ മുന്നണി പ്രവേശനം പരി​ഗണിക്കില്ലെന്ന് യുഡിഎഫ് കട്ടായം പറഞ്ഞു. എന്നാൽ വാക്കുമാറ്റാൻ അൻവർ തയ്യാറായില്ല. തങ്ങളുടെ സ്ഥാനാർഥിയെ തള്ളിപ്പറഞ്ഞ അൻവറിനെ കോൺ​ഗ്രസ് തള്ളിയതോടെ പ്രതിസന്ധി രൂക്ഷമായി. മുസ്ലിം ലീ​ഗ് അനുനയ ശ്രമം നടത്തിയിട്ടും കോൺ​ഗ്രസ് വാതിൽ അടച്ചതോടെ ഒറ്റക്ക് മത്സരിക്കുക എന്നല്ലാതെ മറ്റുവഴികളൊന്നും അൻവറിന് മുന്നിൽ ഉണ്ടായിരുന്നില്ല. 

കോൺ​ഗ്രസ് കൈവിട്ടതോടെ വി.ഡി. സതീശനെതിരെയും അൻവർ രം​ഗത്തെത്തി. പിണറായിസം എന്ന വാക്കുപോലെ സതീശനിസം എന്ന വാക്കും അൻവർ പ്രയോ​ഗിച്ചു. ഇതിനിടെ തൃണമൂൽ കോൺ​ഗ്രസിന്റെ ചിഹ്നത്തിലും പേരിലും മത്സരിക്കാനാവില്ല എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചതോടെ തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലായി അൻവർ. അതേസമയം, നിരന്തരമായ വാർത്താസമ്മേളനങ്ങളിലൂടെ മാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുക എന്ന അൻവറിന്റെ തന്ത്രം ഒരുപരിധി വരെ വിജയിച്ചു.

ഒറ്റക്ക് മത്സരിച്ചാൽ പരാമവധി 10000-15000 വോട്ടുകൾ നേടുമെന്നായിരുന്നു കണക്കുകൂ‌ട്ടൽ. എൽഡിഎഫിൽ എം സ്വരാജ് സ്ഥാനാർഥിയായതോടെ അൻവർ പിടിക്കുക യുഡിഎഫ് വോട്ടുകളായിരിക്കുമെന്നും വിലയിരുത്തൽ വന്നു. തണുത്തതായിരുന്നു അൻവറിന്റെ പ്രചാരണം. കൈയിൽ അഞ്ച് പൈസയില്ലെന്ന് പറഞ്ഞ് ക്രൗഡ് ഫണ്ടിങ് ന‌ടത്തി. ടിഎംസി നേതാവ് യൂസഫ് പത്താനെ എത്തിച്ച് റോഡ് ഷോ നടത്തിയത് മാത്രമായിരുന്നു എടുത്തുപറയാനുണ്ടായിരുന്നത്. കൊട്ടിക്കലാശത്തിന് ഇരുമുന്നണികളും അണിനിരന്നപ്പോൾ ചായക്കടയിൽ ചായ കുടിച്ച് നിൽക്കുകയായിരുന്നു അൻവർ.

 ഫലം വന്നപ്പോൾ അൻവർ ഇരുമുന്നണികളെയും ഞെട്ടിച്ചു. ഇരുമുന്നണികളിൽ നിന്നും ഒരുപോലെ വോട്ടുനേടി. എൽഡിഎഫിന്റെ ശക്തികേന്ദ്രങ്ങളായ അമരമ്പലം, നിലമ്പൂർ, കരുളായി എന്നിവിടങ്ങളിൽ നിന്നും അപ്രതീക്ഷിതമായി വോട്ട് സ്വന്തമാക്കി. യുഡിഎഫ് കേന്ദ്രങ്ങളിലും അന്‍വര്‍ ഇളക്കമുണ്ടാക്കി. മണ്ഡലത്തിൽ 20000ത്തിനടുത്ത് വോട്ട് നേടിയെങ്കിലും അൻവർ ഇപ്പോഴും അനിശ്ചാവസ്ഥയിലാണെന്നതാണ് യാഥാര്‍ഥ്യം. അൻവറിന്റെ സഹായമില്ലാതെ തന്നെ 11000 വോട്ടു ഭൂരിപക്ഷത്തിൽ യുഡിഎഫ് വിജയിച്ച സാഹചര്യത്തിൽ അൻവറിനെ മുന്നണിയിൽ എടുക്കണമോ എന്നത് കോൺ​ഗ്രസിന്റെ തീരുമാനമാകും. കെപിസിസി പ്രസി‍ഡന്റ് സണ്ണി ജോസഫ് അനുകൂല നിലപാട് പറഞ്ഞെങ്കിലും വിഡി സതീശന്റേതടക്കമുള്ള നേതാക്കളുടെ നിലപാട് നിർണായകമാകും. മുന്നണിയിലില്ലാതെ അധിക കാലം പിടിച്ചുനിൽക്കാനാകില്ലെന്ന് വ്യക്തമായി അറിയുന്ന അന്‍വര്‍, എന്തുവില കൊടുത്തും യുഡിഎഫില്‍ കയറിപ്പറ്റാകും ശ്രമിക്കുക. 

മറുഭാ​ഗത്ത്, പിവി അൻവറിന്റെ വോട്ടുകൾ ഇടതുപക്ഷത്തിന്റെ കണ്ണ് തുറപ്പിക്കുന്നതാണ്. ആഭ്യന്തര വകുപ്പിനെയും പൊലീസിനെയും വനംവകുപ്പിനെതിരെയുമായിരുന്നു അൻവറിന്റെ വിമർശനമേറെയും. മലയോര മേഖലയിലെ വന്യജീവി ആക്രമണവും കൃഷിനാശവും എടുത്തുപറ‍ഞ്ഞായിരുന്നു പ്രചാരണം. ഈ വിഷയങ്ങൾ വോട്ടർമാരെ സ്വാധീനിക്കാൻ സാധിക്കുന്നതാണെന്ന് ഫലം പറയുന്നു. അതായത്, ആഭ്യന്തരവകുപ്പിനും പൊലീസിനും വനംവകുപ്പിനുമെതിരെയുള്ള അൻവറിന്റെ വിമർശനങ്ങൾക്ക് ചെവികൊടുത്തില്ലെങ്കിൽ വരുന്ന തെരഞ്ഞെടുപ്പിലും ബാധിക്കുമെന്ന പാഠമാണ് അൻവർ നൽകിയത്. 

PREV
Read more Articles on
click me!

Recommended Stories

രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സം​ഗകേസ്; അറസ്റ്റ് തടയാതെ കോടതി, മുൻകൂർ‌ ജാമ്യാപേക്ഷയിൽ വിശദമായ വാദം തിങ്കളാഴ്ച
വർക്കലയിൽ പ്രിന്റിം​ഗ് പ്രസിലെ മെഷീനിൽ സാരി കുരുങ്ങി വീട്ടമ്മയ്ക്ക് ദാരുണാന്ത്യം