
മലപ്പുറം: പിണറായിസത്തിനും മരുമോനിസത്തിനുമെതിരാണ് ജനവിധിയെന്നും സര്‍ക്കാരിന്‍റെ വിലയിരുത്തലാണെന്നും പിവി അൻവര്‍ വാര്‍ത്താസമ്മേളനത്തിൽ പറഞ്ഞു. പിണറായി വിജയൻ വര്‍ഗീയമായി വോട്ടുപിടിക്കാൻ നോക്കി. ഇടതുപക്ഷത്തിന്‍റെ രാഷ്ട്രീയം നഷ്ടമായി.അൻവർ 2000 വോട്ട് പിടിക്കുമെന്ന് പറഞ്ഞവർക്കുള്ള മറുപടിയാണ് തനിക്ക് കിട്ടിയ 20000 വോട്ട്.
വെള്ളാപ്പള്ളി വർഗീയ പരാമർശം നടത്തിയത് പിണറായി പറഞ്ഞിട്ടാണ്. യുഡിഫിനോ തനിക്കോ കിട്ടേണ്ട 10000 വോട്ട് സ്വരാജിന് പോയി. താൻ വെല്ലുവിളിച്ചിട്ടാണ് യുഡിഎഫിൽ എടുക്കാത്തത് എന്ന പ്രചാരണം തെറ്റാണ്. യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചതാണ്. തന്നെ മുന്നണിയിൽ എടുത്തില്ലെന്ന് മാത്രമല്ല അവഹേളിക്കുകയും ചെയ്തു. അതുകൊണ്ടാണ് മത്സരിച്ചത്. താൻ ഒറ്റക്ക് ആണ് 20000 വോട്ട് പിടിച്ചത്. ആരും എന്‍റെ കൂടെയില്ലായിരുന്നു. ഒറ്റക്കാണ് പ്രചാരണം നടത്തിയത്
എല്ലാവരും ഒരുമിച്ച് നിന്നാൽ പിണറായി വിജയനെ താഴെയിറക്കാം. യുഡിഎഫ് പുറം കാൽ കൊണ്ടു ചവിട്ടിയതുകൊണ്ടാണ് അവര്‍ക്ക് ഭൂരിപക്ഷം കുറഞ്ഞത്. ഇനിയെങ്കിലും യുഡിഎഫ് എല്ലാവരെയും കൂടെ കൂട്ടണം. കൃത്യമായ ധാരണയോടെ ഒരുമിക്കണം. മലയോര മേഖലയുടെയും കടലോര ജനതയുടെയും സംരക്ഷണം യുഡിഎഫ് ഏറ്റെടുക്കണം.
മലപ്പുറം, കോഴിക്കോട് ജില്ലകൾ വിഭജിച്ച് മലയോര ജില്ല രൂപീകരിക്കണം. വികസനത്തിലും വിഭവ വിതരണത്തിലും നീതി വേണം. ഇത് ടിഎംസി യുഡിഎഫിന്‍റെ മുന്നിൽ വെക്കുന്ന ഡിമാൻഡാണ്. ഇത് അംഗീകരിക്കുകയാണെങ്കിൽ മുന്നണിയിൽ ചേരും. മുണ്ടേരി -വയനാട് പാത യാഥാർഥ്യമാക്കണം. പിഎസ്‍സി അംഗങ്ങളുടെ എണ്ണം കുറയ്ക്കണം. അംഗങ്ങൾക്കുള്ള പെൻഷൻ നിർത്തണം. ആശാ വര്‍ക്കര്‍മാരുടെ വേതനം വര്‍ധിപ്പിക്കണം. വിഡി സതീശനോട് വിരോധമില്ല. എന്നോട് എടുത്ത സമീപനത്തിലാണ് എതിർപ്പ് ഉണ്ടായിരുന്നത്.
അത് കഴിഞ്ഞെങ്കിൽ കഴിഞ്ഞു. ഈ വിഷയങ്ങൾ യുഡിഎഫ് ഏറ്റെടുക്കുകയാണെങ്കിൽ യുഡിഎഫ് നേതൃത്വവുമായി ചർച്ച നടത്തും. ഇത് മനസിലാകുന്നവർ യുഡിഎഫ് നേതൃത്വത്തിലുണ്ട്. താനും യുഡിഎഫും പ്രവർത്തിക്കുന്നത് ഒരേ ലക്ഷ്യത്തിലാണ്. യുഡിഎഫ് തന്നെ പരിഗണിക്കുകയാണെങ്കിൽ താൻ ബേപ്പൂരിൽ മത്സരിക്കും. മരുമോന് വേണ്ടി എത്രപേരെയാണ് പിണറായി വിജയൻ ഒതുക്കിയതെന്നും അൻവര്‍ ചോദിച്ചു. മരുമോനിസം അവസാനിപ്പിക്കുമെന്നും താൻ പിടിച്ചത് സിപിഎം വോട്ടാണെന്നും പിവി അൻവര്‍ പറഞ്ഞു.