
പാലക്കാട്: കോൺഗ്രസുമായി ഇടഞ്ഞുനിൽക്കുന്ന കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ പി സരിനുമായി കൂടിക്കാഴ്ച്ച നടത്തി പിവി അൻവർ എംഎൽഎ. പാലക്കാട് എത്തിയാണ് അൻവർ സരിനെ കണ്ട് ചർച്ച നടത്തിയത്. തിരുവില്വാമലയിലെ ബന്ധുവീട്ടിൽ വെച്ചായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച. പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോൺഗ്രസിനെതിരെ രൂക്ഷ വിമർശനമാണ് പി സരിൻ നടത്തിയത്. ഈ സാഹചര്യത്തിലാണ് ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച ശ്രദ്ധേയമാവുന്നത്.
അതേസമയം, പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ച പി സരിനെ തള്ളുന്ന നിലപാടാണ് കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തില്‍ മിടു മിടുക്കനാണെന്നും ഷാഫിയുടെ ചോയ്സ് എന്നത് അധിക നേട്ടമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പ്രതികരിച്ചു. വൈകാരികമായി പ്രതികരിക്കരുതെന്ന് സരിനോട് ആവശ്യപ്പെട്ടിരുന്നു. അച്ചടക്ക ലംഘനം ഉണ്ടായിട്ടുണ്ടോ എന്ന് കെപിസിസി പ്രസിഡന്‍റ് പരിശോധിച്ച് പറയുമെന്നും സതീശന്‍ പറഞ്ഞു. പി സരിന്‍റെ വാര്‍ത്താസമ്മേളനത്തില്‍ അച്ചടക്ക ലംഘനം ഉണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്നാണ് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ പ്രതികരിച്ചത്. സ്ഥാനാർത്ഥി നിർണയം കോൺഗ്രസ് കീഴ്വഴക്കം അനുസരിച്ചാണ് നടന്നത്. സ്ഥാനാർത്ഥി ആകണമെന്ന് സരിൻ നേരിട്ട് വന്നു ആവശ്യപ്പെട്ടിരുന്നു. ആലോചിച്ചു പറയാം എന്നാണ് സരിനോട് പറഞ്ഞത്. പരസ്യമായി പ്രതികരിച്ചത് ശരിയായില്ല. അത് സരിന് ഗുണകരമല്ലെന്നും കെ സുധാകരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിലാണ് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനര്‍ ഡോ. പി സരിൻ അതൃപ്തി പരസ്യമാക്കിയത്. പാർട്ടി കുറച്ച് ആളുടെ ആവശ്യത്തിന് വഴങ്ങരുത്. വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വിമര്‍ശിച്ചു. യഥാർത്ഥ്യങ്ങളെ കണ്ണടച്ച് ഇരുട്ടാക്കരുത്. ഉൾപാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ ആവശ്യപ്പെട്ടു. ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും താന്‍ പുറത്തിറങ്ങിയിട്ടില്ലെന്ന് സരിന്‍ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി. എന്നാൽ സിപിഎമ്മിലേക്ക് പോവുമോ എന്നതിന് സരിൻ വ്യക്തമായി മറുപടിയും പറഞ്ഞില്ല.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam