
മലപ്പുറം: യുഡിഎഫ് പ്രവേശനത്തിൽ സന്തോഷമെന്ന് പി വി അൻവർ. പിണറായിസത്തിന്റെ തിക്താനുഭവങ്ങൾക്കിടെ കിട്ടിയ സന്തോഷ വാർത്തയാണിതെന്നും യുഡിഎഫ് നേതാക്കൾക്ക് അഭിവാദ്യങ്ങളെന്നും പി വി അൻവർ മാധ്യമങ്ങളോട് പ്രതികരിച്ചു. നേരത്തെ ഉയര്‍ത്തിയ വിഷയങ്ങള്‍ ശരിയെന്ന് തെളിഞ്ഞതിലുള്ള അംഗീകാരമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർഷിപ്പ്. പിണറായിസത്തിനെതിരെയുള്ള വോട്ട് വരാൻ കിടക്കുന്നേയുള്ളുവെന്നും യുഡിഎഫ് 100 സീറ്റ് കടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വി ഡി സതീശന്റെ പേര് ഉൾപ്പെടെ എടുത്ത് പറഞ്ഞാണ് പി വി അൻവർ വാർത്താസമ്മേളനത്തിൽ നന്ദി അറിയിച്ചത്. ഞാൻ മത്സരിക്കുക എന്നതിനേക്കാൾ യുഡിഎഫ് അധികാരത്തിൽ കയറുക എന്നത് പ്രധാനം. മുന്നണി പറഞ്ഞാൽ എവിടെയും മത്സരിക്കും. നിരുപാധിക പിന്തുണയാണ് യുഡിഎഫിന് നൽകുന്നത്. എൽഡിഎഫ് സർക്കാർ ഹാൻഡിക്യാപ്പ്ഡാണെന്നും അൻവർ വിമർശിച്ചു. ഇടത് പക്ഷക്കാർ തന്നെ യുഡിഎഫിന് വോട്ട് ചെയ്യും. മരുമോനിസത്തെയും പിണറായിസത്തെയും സഖാക്കൾ തന്നെ വോട്ട് ഇട്ട് തോൽപിക്കുമെന്നും പി വി അൻവർ കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിൽ കിട്ടിയ ജനപിന്തുണ നിലനിർത്താനും സർക്കാർ വിരുദ്ധ വോട്ടുകൾ പരമാവധി ഏകീകരിക്കാനും ലക്ഷ്യമിട്ടാണ് പിവി അൻവറിനെ മുന്നണിയുടെ ഭാഗമാക്കാനുള്ള യുഡിഎഫ് തീരുമാനം. മുസ്ലിം ലീഗ് നിലപാടും അൻവറിന്‍റെ മുന്നണി പ്രവേശനത്തില്‍ നിര്‍ണായകമായി. നിയമസഭാ തെരഞ്ഞെടുപ്പിൽ മന്ത്രി മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ അൻവറിനെ ഇറക്കുന്ന കാര്യം യുഡിഎഫിന്‍റെ സജീവ പരിഗണനയിലാണ്.
പിണറായിയുടെ ഭാഷയിൽ കോൺഗ്രസ് സംസ്കാരമുള്ള ആളാണ് പി വി അൻവർ. എങ്കിലും പിണറായി മുഖ്യമന്ത്രിയായ ശേഷമുള്ള 8 വർഷക്കാലത്തോളം പൊതുവേദികളിലും സൈബർ ഇടങ്ങളിലും കോൺഗ്രസിനും യുഡിഎഫിനുമെതിരായ സിപിഎമ്മിന്‍റെ ഏറ്റവും പ്രഹര ശേഷിയുള്ള ആയുധവും അൻവറായിരുന്നു. രാഹുൽ ഗാന്ധിക്കെതിരായ ഡിഎൻഎ പരാമർശം മുതൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ ഉയർത്തിയ മീൻവണ്ടിയിലെ കോഴ പണം വരെ സിപിഎം നേതൃത്വത്തിന്‍റെ ആശീർവാദത്തോടെ അന്‍വര്‍ കെട്ടഴിച്ചുവിട്ട ആരോപണങ്ങളും ആക്ഷേപങ്ങളും അനവധി. അതെ അൻവർ തന്നെയാണ് ഒടുവിൽ അസോസിയേറ്റ് അംഗമായി മുന്നണിയിലേക്കെത്തുന്നത്.
സിപിഎമ്മുമായി തെറ്റിപ്പിരിഞ്ഞത് മുതൽ യുഡിഎഫായിരുന്നു അൻവറിന്‍റെ ലക്ഷ്യമെങ്കിലും വി ഡി സതീശന്‍റെ നിലപാടായിരുന്നു പ്രധാന തടസ്സം. നിലമ്പൂർ ഉപതെരഞ്ഞെടുപ്പോടെ ഇരുവരും തമ്മിലുളള ഭിന്നത കൂടുതൽ രൂക്ഷമാവുകയും ചെയ്തിരുന്നു. എങ്കിലും നിലവിലെ സാഹചര്യത്തില്‍ അൻവറിനെ പുറത്ത് നിർത്തുന്നത് ബുദ്ധിയല്ല എന്നായിരുന്നു മുസ്ലിംലീഗ് നിലപാട്. ഇതോടൊപ്പം തദ്ദേശ തെരഞ്ഞെടുപ്പിൽ സർക്കാരിനെതിരെ അലയടിച്ച ജനവികാരവും നിലമ്പൂര്‍ മണ്ഡലത്തില്‍ ഉള്‍പ്പെടെ നേടാനായ മുന്നേറ്റവും കോണ്‍ഗ്രസ് നിലപാടിനെ സ്വാധീനിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam