'അൻവർ പിടിക്കുക എൽഡിഎഫ് വോട്ട്, അതിനനുസരിച്ച് യുഡിഎഫിന്‍റെ ഭൂരിപക്ഷം കൂടും'; എംവി ഗോവിന്ദന്‍റെ ആർഎസ്എസ് പരാമർശം നന്നായെന്നും അബ്ദുൾ വഹാബ്

Published : Jun 19, 2025, 09:47 AM ISTUpdated : Jun 19, 2025, 10:47 AM IST
abdul vahab

Synopsis

പതിനയ്യായിരം മുതൽ ഇരുപതിനായിരം വരെ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഷൗക്കത്ത് ജയിക്കും

മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വൻ ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുൾ വഹാബ് എം പി. സ്വതന്ത്ര സ്ഥനാർഥിയായി മത്സരിക്കുന്ന മുൻ എം എൽ എയായ പി വി അൻവർ പിടിക്കുക എൽ ഡി എഫിന്‍റെ വോട്ടുകളായിരിക്കും. അൻവർ പിടിക്കുന്ന വോട്ടുകൾക്കനുസരിച്ച് യു ഡി എഫ് സ്ഥാനാർഥിയുടെ ഭൂരിപക്ഷം കൂടുമെന്നും അബ്ദുൾ വഹാബ് പറഞ്ഞു. പതിനയ്യായിരം മുതൽ ഇരുപതിനായിരം വരെ വോട്ടിന്‍റെ ഭൂരിപക്ഷത്തിൽ ഷൗക്കത്ത് ജയിക്കുമെന്നും മുസ്ലിം ലീഗ് നേതാവ് കൂട്ടിച്ചേർത്തു. ആർ എസ് എസ് സഹകരണം സംബന്ധിച്ചുള്ള സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ പരാമർശം നന്നായെന്നും, ഞങ്ങൾ അവരെ കുറിച്ച് പറഞ്ഞത് അവർ തന്നെ ഇപ്പോൾ സമ്മതിച്ചെന്നും അബ്ദുൾ വഹാബ് വിവരിച്ചു. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ സ്ഥാനാർത്ഥികളും പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. യു ഡി എഫ് സ്ഥാനാർഥി രാഷ്ട്രീയം പറഞ്ഞില്ലെന്നും സിനിമ ഡയലോഗ് വെച്ചാണ് പ്രചരണം നടത്തിയതെന്നും പി വി അൻവർ പ്രതികരിച്ചു. വോട്ടെണ്ണി കഴിഞ്ഞാൽ ആര്യാടന് കഥ എഴുതാൻ പോകാം. സ്വരാജിന് സി പി എം സെക്രട്ടറിയേറ്റിലേക്കും പോകാം. താൻ നിയമസഭയിലേക്ക് പോകുമെന്നും അൻവർ പറഞ്ഞു. എൽ ഡി എഫിൽ നിന്ന് 25 % വോട്ട് തനിക്ക് ലഭിക്കും. യു ഡി എഫിൽ നിന്ന് 35 % വോട്ടും ലഭിക്കും. 75000 ന് മുകളിൽ വോട്ട് തനിക്ക് ലഭിക്കും. അത് ആത്മ വിശ്വാസമല്ല, യാഥാർത്ഥ്യമാണെന്നും പി വി അൻവർ മാധ്യമങ്ങളോട് പറ‍ഞ്ഞു. ജനങ്ങളുടെ വിഷയങ്ങൾ രണ്ട് മുന്നണികളും അവഗണിച്ചു. 2016 ൽ ആര്യാടൻ ഷൗക്കത്തിൻ്റെ ബൂത്തിൽ താൻ ആണ് ലീഡ് ചെയ്തത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഈ ബൂത്തിൽ ലീഡ് ആയി. ഇത്തവണയും നമുക്ക് കാണാം. സി പി എം പ്രാദേശിക നേതാക്കൾക്ക് ബന്ധപ്പെടാൻ മൂന്ന് മൊബൈൽ നമ്പർ നൽകിയിട്ടുണ്ട്. അവർ നിരന്തരം ബന്ധപ്പെടുന്നുണ്ട്. മുണ്ടൂരിൽ ദാരുണമായ മരണത്തിനിടെയാണ് തെരഞ്ഞെടുപ്പെന്നും അൻവർ കൂട്ടിച്ചേർത്തു.

വലിയ ഭൂരിപക്ഷം മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നുവെന്നാണ് യു ഡി എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചത്. മണ്ഡലം തിരിച്ചുപിടിക്കും. ഈ തെരഞ്ഞെടുപ്പിൽ ശക്തമായ മഴയത്താണ് പ്രചാരണവും കലാശക്കൊട്ടുമെല്ലാം നടന്നത്. അതിനാൽ തന്നെ ആ ആവേശം വോട്ടെടുപ്പിലുണ്ടാകും. മികച്ച പോളിങ് നടക്കുമെന്ന് കരുതുന്നു. ചരിത്ര ഭൂരിപക്ഷത്തോടെ നിലമ്പൂർ തിരിച്ചുപിടിക്കും. യു ഡി എഫിന് തൊട്ടുപിന്നിൽ വരുന്ന സ്ഥാനാർത്ഥി എൽ ഡി എഫായിരിക്കും. പിന്നെ സ്വതന്ത്രരായിരിക്കും. എൽ ഡി എഫ് - യു ഡി എഫ് മത്സരമാണ് വർഷങ്ങളായി മണ്ഡലത്തിൽ നടക്കുന്നതെന്നും ആര്യാടൻ ഷൗക്കത്ത് പ്രതികരിച്ചു.

ഒരു ഘട്ടത്തിലും തനിക്ക് ആശങ്ക തോന്നിയിട്ടില്ലെന്നും നാട് പകർന്ന് നൽകിയ ആത്മവിശ്വാസം ശക്തമായുണ്ടെന്നുമാണ് ഇടത് സ്ഥാനാർഥി എം സ്വരാജ് പ്രതികരിച്ചത്. ഓരോ ദിവസവും ആത്മവിശ്വാസം വർധിച്ചു. ആഹ്ലാദത്തോടെയാണ് തെരഞ്ഞെടുപ്പിനെ വരവേറ്റത്. പ്രതീക്ഷയിൽ കവിഞ്ഞ പിന്തുണ ലഭിച്ചു. എൽ ഡി എഫ് പ്രവർത്തകർക്കെല്ലാം അതേ ആത്മവിശ്വാസമുണ്ടെന്നും എം സ്വരാജ് പറഞ്ഞു. എല്ലാവരും വോട്ട് ചെയ്യണമെന്നും ഇടത് സ്ഥാനാർത്ഥി ആഹ്വാനം ചെയ്തു.

PREV
Read more Articles on
click me!

Recommended Stories

പട്ടാമ്പിയിൽ നിന്ന് കാണാതായ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തി
'റിയൽ കേരള സ്റ്റോറി': മുത്തപ്പൻ മടപ്പുരയിൽ അയ്യപ്പൻ പാട്ടിന് ദഫ് മുട്ട്; അൽ ബദ്‍രിയ ദഫ് മുട്ട് സംഘം ചുവടുവെച്ചത് കണ്ണൂരിലെ ക്ഷേത്രത്തിൽ