
എറണാകുളം: സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ മേഴ്‌സിക്കുട്ടനെതിരെ ആരോപണവുമായി വീണ്ടും പി വി ശ്രീനിജന്‍ എംഎല്‍എ. സര്‍ക്കാര്‍ ഭൂമിയില്‍ സ്വന്തം പേരില്‍ സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങാന്‍ അപേക്ഷ നല്‍കി നടക്കാതെ പോയതിലുള്ള നിരാശയും വൈരാഗ്യവും, കാലാവധി തീരുംമുന്‍പ് സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തുനിന്ന് പുറത്തുപോയതിന്റെ നിരാശയുമാണ് മേഴ്‌സിക്കുട്ടനെന്ന് ശ്രീനിജന്‍ പറഞ്ഞു.
പിവി ശ്രീനിജന്‍ പറഞ്ഞത്: ''എറണാകുളം ജില്ലയിലെ രാമന്‍ തുരുത്തിലുള്ള സര്‍ക്കാര്‍ ഭൂമിയില്‍ (ബോള്‍ഗാട്ടി പാലസിന് എതിര്‍വശം16 ഏക്കര്‍) സ്വന്തം പേരിലുള്ള സ്‌പോര്‍ട്‌സ് അക്കാദമി തുടങ്ങാന്‍ അപേക്ഷ കൊടുത്ത് അത് നടക്കാതെ പോയതിലുള്ള നിരാശയും വൈരാഗ്യവും, കാലാവധി തീരുന്നതിനുമുന്‍പ് സംസ്ഥാന പ്രസിഡന്റെ സ്ഥാനത്തുനിന്ന് പുറത്തുപോയതിന്റെ നിരാശയുമാണ് മുന്‍ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റിന്റെ പ്രശ്‌നം. അത് കരഞ്ഞു തന്നെ തീര്‍ക്കട്ടെ..''
കേരളാ ബ്ലാസ്റ്റേഴ്‌സിനെ പേടിപ്പിച്ചാണ് കരാര്‍ മാറ്റി എഴുതിച്ചതെന്ന് പറഞ്ഞ മേഴ്‌സി കുട്ടനെതിരെ വക്കീല്‍ നോട്ടീസ് അയക്കുമെന്ന് ഇന്നലെ ശ്രീനിജന്‍ പറഞ്ഞിരുന്നു. കുട്ടികളുടെ 60 ലക്ഷം രൂപ എടുത്തുകൊണ്ട് പോയ ആളാണ് മേഴ്സി കുട്ടനെന്നും ശ്രീനിജന്‍ ആരോപിച്ചു. സ്റ്റേഡിയം പൂട്ടിയിട്ട സംഭവത്തില്‍ ശ്രീനിജന്‍ ഇന്നലെ മാപ്പ് പറഞ്ഞിരുന്നു. ട്രയല്‍സ് നടക്കുന്ന വിവരം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിനെ അറിയിച്ചിരുന്നെങ്കില്‍ ഗേറ്റ് പൂട്ടിയിടില്ലായിരുന്നുവെന്നും പി വി ശ്രീനിജന്‍ പറഞ്ഞു.
ഗേറ്റ് പൂട്ടിയിട്ട് സെലക്ഷന്‍ ട്രയലിനെത്തിയ വിദ്യാര്‍ത്ഥികളെ റോഡരികില്‍ ഇരുത്തിയ സംഭവത്തില്‍ എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ കൂടിയായ ശ്രീനിജനെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. ശ്രീനിജനെതിരെ നടപടി ആവശ്യപ്പെട്ട് സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അധ്യക്ഷന്‍ യു ഷറഫലി രംഗത്ത് വന്നെങ്കിലും ഇനി പ്രത്യക്ഷ പോര് വേണ്ടെന്നാണ് തീരുമാനം. ഗേറ്റ് തുറന്ന് കൊടുത്ത് സെലക്ഷന്‍ ട്രയല്‍ നടന്നതോടെ പ്രത്യക്ഷ ഏറ്റുമുട്ടലിലേക്ക് ഇനി കടക്കരുതെന്നാണ് കായിക വകുപ്പിന്റെ നിര്‍ദ്ദേശം.
കാസര്‍കോട് ജില്ലയില്‍ വിവാഹേതര ബന്ധങ്ങള്‍ വര്‍ധിക്കുന്നു, വിവാഹ മോചനങ്ങളും; വനിതാ കമ്മീഷന്‍
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam