കൈക്കൂലിക്കേസ്; വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് റിമാൻഡിൽ, വകുപ്പുതല നടപടി ഉടൻ

Published : May 24, 2023, 12:32 PM IST
കൈക്കൂലിക്കേസ്; വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് റിമാൻഡിൽ, വകുപ്പുതല നടപടി ഉടൻ

Synopsis

സുരേഷിനെതിരായ വകുപ്പുതല നടപടിയിലും ഉടൻ തീരുമാനമുണ്ടാകും. കേസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് തഹസീൽദാർ പാലക്കാട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.

പാലക്കാട്: പാലക്കാട് പാലക്കയത്തെ കൈക്കൂലി കേസിൽ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്‍റ് സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതി ജൂൺ 6 വരെ റിമാൻഡ് ചെയ്തു. ഇയാളെ തൃശൂർ ജില്ലാ ജയിലിലേക്ക് മാറ്റി. സുരേഷിനെതിരായ വകുപ്പുതല നടപടിയിലും ഉടൻ തീരുമാനമുണ്ടാകും. കേസുമായി ബന്ധപ്പെട്ട് മണ്ണാർക്കാട് തഹസീൽദാർ പാലക്കാട് ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകി.

മൂന്ന് വർഷം മുമ്പാണ് പാലക്കയം വില്ലേജ് ഓഫീസിൽ സുരേഷ് കുമാർ എത്തുന്നത്. കൈക്കൂലി കണക്ക് പറഞ്ഞ് വാങ്ങിയിരുന്ന സുരേഷ് കുമാർ 
പണം കൊടുത്തില്ലെങ്കിൽ മാസങ്ങളോളം നടത്തിക്കും എന്നാണ് നാട്ടുകാര്‍ പറയുന്നത്. സർവ്വേ പൂർത്തിയാക്കാത്ത പ്രദേശമായതിനാൽ പ്രദേശവാസികൾക്ക് വില്ലേജ് ഓഫീസിനെ ആശ്രയിക്കാതെ വഴിയില്ല. വിവിധ സർട്ടിഫിക്കറ്റുകൾക്കായി പലരിൽ നിന്നും 500 മുതൽ 10,000 രൂപ വരെയാണ് ഇയാള്‍ കൈപ്പറ്റിയത്. ഇതിനെതിരെ നേരത്തെ വില്ലേജ് ഓഫീസിന് മുന്നിൽ നാട്ടുകാർ പ്രതിഷേധ സമരം നടത്തിയിരുന്നു. എന്നാൽ സുരേഷ് കുമാർ കൈക്കൂലിക്കാരൻ ആണെന്ന് എന്നറിയില്ലായിരുന്നുവെന്ന് പാലക്കയം വില്ലേജ് ഓഫീസർ വ്യക്തമാക്കി.

മണ്ണാർക്കാട് തഹസീൽദാറുടെ നേതൃത്വത്തിൽ പാലക്കയം വിലേജ് ഓഫീസിൽ പരിശോധന നടത്തി. മണ്ണാർക്കാട് ലോഡ്ജ് മുറിയിൽ പണത്തിന് പുറമെ കവർ പൊട്ടിക്കാത്ത 10 പുതിയ ഷർട്ടുകൾ, മുണ്ടുകൾ, കുടംപുളി ചാക്കിലാക്കിയത്, 10 ലിറ്റർ തേൻ, പടക്കങ്ങൾ, കെട്ടുക്കണക്കിന് പേനകൾ എന്നിവ കണ്ടത്തിയിരുന്നു. കൈക്കൂലിയായി പൈസ മാത്രമല്ല എന്ത് കിട്ടിയാലും സുരേഷ് കുമൾ കൈപ്പറ്റിയിരുന്നുവെന്നാണ് വിജിലൻസിൻ്റെ നിഗമനം. ഇയാൾ ഒരു മാസമായി വിജിലൻസ് നിരീക്ഷണത്തിലായിരുന്നു. അനധികൃത സ്വത്ത് എങ്ങനെ സമ്പാദിച്ചെന്ന് വിജിലൻസ് അന്വേഷിക്കും.

മുമ്പ് ജോലിയെടുത്തിരുന്ന വിലേജ് ഓഫീസുകളിലും ഇയാൾ വ്യാപകമായി ക്രമക്കേട് നടത്തി. എന്നാൽ വിജിലൻസിന് ഇയാളെ ക്കുറിച്ച് പരാതി കിട്ടുന്നത് ഇതാദ്യമാണ്. കൈയിൽ കോടികൾ ഉള്ളപ്പോഴും സുരേഷ് കുമാർ താമസിച്ചിരുന്നത് 2500 രൂപ മാസവാടകയുള്ള റൂമിലാണ്. സ്വന്തമായി കാറോ ഇരുചക്രവാഹനമോ ഇല്ല. പണം സ്വരുക്കൂട്ടിയത് സ്വന്തമായി വീട് വെക്കാനെന്നാണ് പ്രതിയുടെ മൊഴി. അവിവാഹിതൻ ആയതിനാൽ  ശമ്പളം അധികം ചെലവാക്കേണ്ടി വരാറില്ലെന്നും മൊഴിയുണ്ട്. 

റൂം പൂട്ടാതെ പോലും പലപ്പോഴും സുരേഷ് കുമാർ പുറത്തിറങ്ങിയിരുന്നതായി പ്രദേശവാസികൾ പറയുന്നു. സുരേഷ് കുമാറിൻ്റെ മുറിയിൽ നിന്  കണ്ടെത്തിയ നാണയത്തുട്ടുകൾ എണ്ണി തിട്ടപ്പെടുത്തി. ആകെ 9000 രൂപയുടെ നാണയത്തുട്ടുകളാണുള്ളത്. മുറിയിൽ നിന്ന് ആകെ 35 ലക്ഷത്തി 70,000 രൂപ കണ്ടെത്തിയത്. സുരേഷ് കുമാറിനെ തൃശൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

PREV
click me!

Recommended Stories

കീഴടങ്ങിയേക്കില്ല; ഹൈക്കോടതിയിൽ മുന്‍കൂര്‍ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ
ശബരിമല സ്വര്‍ണക്കൊള്ള കേസ്; ജയശ്രീയും ശ്രീകുമാറും കീഴടങ്ങണമെന്ന് ഹൈക്കോടതി, എഫ്ഐആറും രേഖകളും ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകി