Kizhakkambalam : കിഴക്കമ്പലത്തെ ആക്രമണം; കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് എംഎല്‍എ

By Web TeamFirst Published Dec 26, 2021, 12:16 PM IST
Highlights

പൊലിസ് ജീപ്പ് കത്തിച്ചതും പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റതുമായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ പറഞ്ഞു.
 

കൊച്ചി: എറണാകുളം കിഴക്കമ്പലത്ത് കിറ്റക്സ് കമ്പനിയിലെ ( kitex Kizhakkambalam ) ജീവനക്കാരായ അതിഥിത്തൊഴിലാളികൾ (Migrant Workers) പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പിവി ശ്രീനിജന്‍ എംഎല്‍എ(PV Sreenijin MLA). തൊഴിലാളികൾ അക്രമം അഴിച്ചു വിട്ട കിറ്റെക്സിലെ ലേബർ ക്യാമ്പ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എംഎല്‍എ. 'നാട്ടുകാർ വളരെ രോഷാകുലരായിരുന്നു, പ്രദേശം ലഹരിയുടെ കേന്ദ്രമായി മാറി എന്നാണ് അവരുടെ പരാതിയെന്ന് ശ്രീനിജന്‍ പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടന്നു വരികയാണ്. പൊലിസ് ജീപ്പ് കത്തിച്ചതും പൊലീസുകാർക്ക് ഗുരുതര പരിക്കേറ്റതുമായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എംഎല്‍എ വ്യക്തമാക്കി.

തീർത്തും അപ്രതീക്ഷിതമായും യാദൃശ്ചികമായുമാണ് ഇന്നലെ രാത്രിയിലെ സംഘർഷമുണ്ടായതെന്നും ഒരു കൂട്ടം തൊഴിലാളികൾ ലഹരിമരുന്ന് ഉപയോ​ഗിച്ചതാണ് സംഘ‍ർഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരമെന്നുമാണ് കിറ്റക്സ്  ചെയർമാർ സാബു ജേക്കബ് പ്രതികരിച്ചത്. കമ്പനിയുടെ പത്ത് വർഷത്തെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഘ‍ർഷമെന്നും എന്നാൽ വിഷയം രാഷ്ട്രീയമായി ഉപയോ​ഗപ്പെടുത്തി കമ്പനി അടച്ചു പൂട്ടിക്കാനാണ് എല്ലാ രാഷ്ട്രീയ പാർട്ടികളുടേയും നീക്കമെന്നും സാബു ആരോപിച്ചു. 

Read More : Kizhakambalam Clash : '500 ഓളം ആക്രമകാരികള്‍; പൊലീസിന്‍റെ ജീവന്‍ രക്ഷിച്ചത് നാട്ടുകാര്‍'

അതേസമയം പൊലീസിനെ ആക്രമിച്ച സംഭവത്തിൽ കുറച്ച് തൊഴിലാളികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിഥി തൊഴിലാളികള്‍ മദ്യലഹരിയിലായിരുന്നുവെന്ന് റൂറൽ എസ്പി കെ കാർത്തിക് ഏഷ്യനെറ്റ് ന്യൂസിനോട് പറഞ്ഞു.  നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണ്. കിഴക്കമ്പലത്ത് അതിഥിതൊഴിലാളികൾ തമ്മിൽ തർക്കമുണ്ടെന്ന് വിവരം ലഭിച്ചതോടെയാണ് പൊലീസ് സംഘം സ്ഥലത്ത് എത്തിയത്. ആദ്യം കൺട്രോൾ റൂമിൽ നിന്ന് പൊലീസ് വെഹിക്കിളും, പിന്നീട് പൊലീസ് സ്റ്റേഷനിൽ നിന്നും ഒരു വാഹനവും സ്ഥലത്തേക്ക് എത്തി. എന്നാൽ പൊലീസിന് നേരെ കല്ലേറുണ്ടായി. 500 ഓളം പേരാണ് സ്ഥലത്തുണ്ടായിരുന്നത്'. ആക്രമണത്തിൽ പരിക്കേറ്റ പൊലീസുകാർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നും എസ്പി വിശദീകരിച്ചു. 

click me!