രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ട് ബലാൽസംഗം കേസുകള്‍ അന്വേഷിക്കാൻ ഒറ്റ സംഘം. രണ്ടു കേസുകളും എസ്പി ജി.പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും.
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിനെതിരായ രണ്ട് ബലാൽസംഗം കേസുകള്‍ അന്വേഷിക്കാൻ ഒറ്റ സംഘം. രണ്ടു കേസുകളും എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷിച്ചിരുന്ന ആദ്യ കേസും എസ്പി പൂങ്കുഴലിക്ക് കൈമാറി. തിരുവനന്തപുരത്തെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ച പെണ്‍കുട്ടിയെ ഗർഭഛിദ്രം നടത്തിയെന്നാണ് ആദ്യ കേസ്. ഈ കേസാണ് പൂങ്കുഴലിയുടെ നേതൃത്വത്തിലുളള പ്രത്യേക സംഘത്തിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് കൊല്ലം ഡിവൈഎസ്പി സാനിയ്ക്കാണ് അന്വേഷണ ചുമതല. കേരളത്തിന് പുറത്തുള്ള 23 കാരിയെ പീഡിപ്പിച്ച കേസ് പത്തനംതിട്ട ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിയും അന്വേഷിക്കും. രണ്ടു കേസുകളും ഒരു എസ്പി മേൽനോട്ടം വഹിക്കും.
അതേ സമയം, ബലാത്സംഗ കേസുകൾക്ക് പിന്നാലെ പാർട്ടി പുറത്താക്കിയെങ്കിലും എംഎൽഎ സ്ഥാനം രാജി വയ്ക്കേണ്ടതില്ലെന്ന നിലപാടിലാണ് രാഹുൽ മാങ്കൂട്ടത്തിലെന്നാണ് സൂചന. മണ്ഡലത്തിൽ തന്നെ തുടരാനാണ് രാഹുലിന്റെ തീരുമാനം. കോൺഗ്രസ് നേതാക്കളോ പ്രവർത്തകരോ രാഹുലിന് ഒപ്പം പോയിട്ടുണ്ടെങ്കിൽ പരിശോധിച്ചു നടപടി സ്വീകരിക്കുമെന്നും രാഹുലിന്റെ കൂടെ ഉണ്ടായിരുന്ന ഇക്ബാൽ കെഎസ്‌യുവിന്റെ മുൻ ജില്ലാ സെക്രട്ടറിയായിരുന്നുവെന്നും ഡി സി സി പ്രസിഡന്റ് എ തങ്കപ്പൻ പറഞ്ഞു. അതിനിടയിൽ രാഹുൽ മാങ്കൂട്ടത്തിൽ താമസിക്കുന്ന പാലക്കാട്ടെ ഫ്ലാറ്റിൽ നിന്ന് ഒഴിയാൻ അസോസിയേഷൻ നിർദ്ദേശം നൽകി. മാധ്യമങ്ങളും പോലീസും ഉൾപ്പെടെ നിരന്തരം എത്തുന്നതുകൊണ്ട് സ്വകാര്യത പ്രശ്നം ഉണ്ടാകുന്നുണ്ടെന്ന് ചൂണ്ടി കാണിച്ചാണ് ഈ മാസം 25നകം ഒഴിയണം എന്നതാണ് നിർദ്ദേശം നൽകിയത്. ഫ്ലാറ്റ് ഒഴിയാമെന്ന് രാഹുൽ അറിയിച്ചു.
