Latest Videos

ശര്‍ക്കര വിവാദം കൊഴുക്കുന്നു; ഏഴ് വിതരണക്കാര്‍ നല്‍കിയ 65 ലക്ഷം കിലോ ശര്‍ക്കരയ്ക്ക് ഗുണനിലവാരമില്ല

By Web TeamFirst Published Aug 30, 2020, 8:46 PM IST
Highlights

ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചെടുക്കണമെന്നാണ് വിതരണക്കാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, റേഷന്‍ കടകള്‍ വഴി ലക്ഷകണക്കിന് കിറ്റുകള്‍ വിതരണം ചെയ്തതിന് ശേഷമാണ് സാമ്പിളുകളുടെ പരിശോധനാഫലം വന്നത്. 

തിരുവനന്തപുരം: ഓണക്കിറ്റിനൊപ്പം വിതരണം ചെയ്ത ശർക്കരയ്ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയതിൽ ആശങ്ക ശക്തമാകുന്നു. പരിശോധനാഫലം വരും മുമ്പേ വിതരണം ചെയ്ത കിറ്റുകൾ വാങ്ങിയ ലക്ഷക്കണക്കിന് കുടുംബങ്ങളാണ് വെട്ടിലായത്. ഗുണനിലവാരക്കുറവ് കണ്ടെത്തിയശേഷം മാത്രമാണ് ശർക്കര തിരിച്ചെടുത്ത് പഞ്ചസാര പകരം നൽകിയത്.

ഓണത്തിന് 11 ഇനങ്ങളടങ്ങിയ കിറ്റില്‍ 1 കിലോ ശര്‍ക്കര വീതമാണ് ഉള്‍പ്പെടുത്തിയിരുന്നത്. വിതരണം ചെയ്യുന്ന ശര്‍ക്കരയുടെ തൂക്കവും ഗുണനിലവാരവും സംബന്ധിച്ച് വ്യാപക ആക്ഷേപമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് സപ്ലൈകോ ശര്‍ക്കരയുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചത്. ഫലം ഞെട്ടിക്കുന്നതായിരുന്നു. ഏഴ് വിതരണക്കാര്‍ നല്‍കിയ 65 ലക്ഷം കിലോ ശര്‍ക്കര ഭക്ഷ്യയോഗ്യമല്ലെന്ന് കണ്ടെത്തി. ചിലതില്‍ സുക്രോസിന്‍റെ അളവ് കുറവാണ്. ചിലതില്‍ നിറം ചേര്‍ത്തിട്ടുണ്ട്. ചിലതില്‍ മുടിയുടെ സാന്നിദ്ധ്യമുണ്ട്. ഭക്ഷ്യയോഗ്യമല്ലാത്തതിനാല്‍ തിരിച്ചെടുക്കണമെന്നാണ് വിതരണക്കാര്‍ക്ക് രേഖാമൂലം നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍, റേഷന്‍ കടകള്‍ വഴി ലക്ഷകണക്കിന് കിറ്റുകള്‍ വിതരണം ചെയ്തതിന് ശേഷമാണ് സാമ്പിളുകളുടെ പരിശോധനാഫലം വന്നത്. 

നോര്‍ത്ത് മലബാര്‍ സ്റ്റേറ്റ്  കോ ഓപ്പറേറ്റീവ് സൊസൈറ്റി സപ്ലൈകോക്ക് നല്‍കിയ ശര്‍ക്കരയും ഗുണനിലവാരമില്ലാത്ത പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇത് തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമെന്നാണ് അവരുടെ വിശദീകരണം. വിവാദമുണ്ടായ സാഹചര്യത്തില്‍ ശര്‍ക്കരയ്ക്ക് പകരം ഒന്നര കിലോ പഞ്ചസാരയാണ് ഇപ്പോള്‍ ഓണകിറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

click me!