കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ്; പോസ്റ്റ്‍മോർട്ടം ചെയ്ത മുഴുവൻ ഡോക്ടർമാരും ക്വാറന്‍റീനില്‍

By Web TeamFirst Published Jul 11, 2020, 4:41 PM IST
Highlights

ജൂലൈ അഞ്ചിന് കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അരിമ്പൂര്‍ സ്വദേശി വല്‍സലയാണ് മരിച്ചത്.

തൃശൂ‌ർ: തൃശൂർ അരിമ്പൂരിൽ കുഴഞ്ഞ് വീണ് മരിച്ച വീട്ടമ്മയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇവരെ പോസ്റ്റ്‍മോർട്ടം ചെയ്ത മുഴുവൻ ഡോക്ടർമാരും നിരീക്ഷണത്തിൽ പോകണമെന്ന് മെഡിക്കല്‍ ബോര്‍ഡ്. ഡോക്ടര്‍മാരടക്കം 10 പേരോട് ജൂലൈ 21 വരെ ക്വാറന്‍റീനില്‍ തുടരാനാണ് നിര്‍ദ്ദേശം. ജൂലൈ അഞ്ചിന് കുഴഞ്ഞുവീണ് മരിച്ച വീട്ടമ്മയ്ക്ക് ഇന്നലെയാണ് കൊവിഡ് സ്ഥിരീകരിച്ചത്. അരിമ്പൂര്‍ സ്വദേശി വല്‍സലയാണ് മരിച്ചത്.

കുഴഞ്ഞ് വീണ് മരിച്ച നിലയിലാണ് വീട്ടമ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ട്രൂനാറ്റ് പരിശോധനയിലും ഫലം നെഗറ്റീവായിരുന്നു. മൂന്നാമത് നടത്തിയ പിസിആര്‍ പരിശോധനയിലാണ് കൊവിഡ് പോസിറ്റീവ് ആയത്. അതേസമയം, പോസ്റ്റ്‍മോർട്ടത്തിന് മുൻപെടുത്ത സാമ്പിളിന്‍റെ ഫലം വരും മുൻപാണ് സംസ്കാര ചടങ്ങുകൾ നടന്നത്. അതുകൊണ്ട് തന്നെ കൊവിഡ് പ്രോട്ടോകോൾ പാലിക്കാതെയായിരുന്നു വീട്ടമ്മയുടെ മൃതദേഹം സംസ്കരിച്ചത്.

കൊവിഡ് സ്ഥിരീകരിച്ച കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ഉണ്ടായിരുന്ന ബസ്സിൽ വത്സലയുടെ മകൾ യാത്ര ചെയ്തിരുന്നു. മകളുടെ നിരീക്ഷണ കാലാവധി ഇന്നയാണ് അവസാനിച്ചത്. രോഗ ലക്ഷണമൊന്നും ഇവര്‍ക്ക് പ്രകടമായിരുന്നില്ല. എന്നാൽ ഇവരിൽ നിന്നാകാം വത്സലക്ക് രോഗം പിടിപെട്ടതെന്നാണ് നിഗമനം.

click me!