
തിരുവനന്തപുരം: സംസ്ഥാനത്ത് ക്വാറിഉല്‍പ്പന്നങ്ങള്‍ക്ക് കടുത്ത ക്ഷാമം തുടരവേ ക്വാറികളും ക്രഷറുകളും അടച്ചിട്ട് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേക്ക്. ക്വാറികളില്‍ നിന്നും നിയമവിരുദ്ധമായി പിഴയീടാക്കി ഇതര സംസ്ഥാന ലോബികളെ സര്‍ക്കാര്‍ സഹായിക്കുന്നുവെന്നാരോപിച്ചാണ് ഈ മാസം 26 മുതല്‍ ക്വാറികള്‍ പ്രവര്‍ത്തനം നിര്‍ത്തിവെക്കുന്നത്..ക്വാറി ഉല്‍പ്പന്നങ്ങളുടെ വില വര്‍ധനവിനേത്തുടര്‍ന്ന് പ്രതിസന്ധിയിലായ നിര്‍മാണ മേഖല ഇതോടെ പൂര്‍ണമായും സ്തംഭിക്കും.
ഒരു വര്‍ഷം മുമ്പ് സംസ്ഥാനത്ത് 700ലധികം ക്വാറികള്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് നൂറില്‍ താഴെ ക്വാറികള്‍ മാത്രം. ലൈസന്‍സ് പുതുക്കി കിട്ടുന്നതുള്‍പ്പെടെയുള്ള വിഷയങ്ങളാണ് ക്വാറികളുടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍കാരണമെന്ന് ഉടമകള്‍ പറയുന്നു. കടുത്ത ക്ഷാമം നേരിടാന്‍ തുടങ്ങിയതോടെ ക്വാറി ഉല്‍പ്പന്നങ്ങളുടെ വിലയും കുത്തനെ കൂടി. ഒരു ക്യുബിക് എം സാന്‍റിന് നാല്‍പ്പത്തിയഞ്ചില്‍ നിന്നും അറുപത്തിയഞ്ച് രൂപ വരെയെത്തി. മെറ്റലിനും വില വര്‍ദ്ധിച്ചു. നിര്‍മാണ മേഖല കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനിടയിലാണ് ക്വാറി ഉടമകള്‍ ഈ മാസം 26 മുതല്‍ അനിശ്ചിത കാല സമരം പ്രഖ്യാപിച്ചിരിക്കുന്നത്. സർക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ പിഴ ചുമത്തി ക്വാറി ഉടമകളെ പിഴിയുകയാണെന്നാണ് ആരോപണം.
ക്വാറി സമരം തുടങ്ങിയാല്‍ ദേശീയ പാതാ നിര്‍മാണ പ്രവൃത്തിയെയടക്കം പ്രതികൂലമായി ബാധിക്കും. മാർച്ച് 31ന് മുമ്പായി പണി പൂര്‍ത്തിയാക്കേണ്ട സര്‍ക്കാര്‍ കരാറുകാരും പ്രതിസന്ധിയിലാകും. വീട് നിര്‍മാണമുള്‍പ്പെടെ മുടങ്ങാന്‍ സാധ്യതയുള്ളതിനാല്‍ സര്‍ക്കാര്‍ അടിയന്തിരമായി വിഷയത്തിലിടപെടണമെന്ന ആവശ്യമാണ് ഉയരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam