
കണ്ണൂര്‍: ഉരുൾപൊട്ടൽ ഭീഷണിയുള്ളതിനാല്‍ കണ്ണൂർ ജില്ലയിൽ ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ജില്ലാ കളക്ടറുടെ ഉത്തരവ്. ചെങ്കൽ , കരിങ്കൽ ക്വാറികളുടെ പ്രവർത്തനം ഈ മാസം 14 വരെ നിർത്തിവെക്കാനാണ് കളക്ടര്‍ ഉത്തരവ് ഇട്ടിരിക്കുന്നത്. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വടക്കൻ ജില്ലകളിലെ പല സ്ഥലങ്ങളും വെള്ളത്തിനടിയിലായി. കോഴിക്കോടും , കണ്ണൂരും , കാസർകോടും ഉരുൾപൊട്ടലുണ്ടായി. പുഴകൾ കരകവിഞ്ഞതിനെ തുടർന്ന് ആയിരത്തിലധികം പേരെ മാറ്റിപാർപ്പിച്ചു. കണ്ണൂരിലെ ശ്രീകണ്ഠപുരം പട്ടണം മുഴുവൻ വെള്ളത്തിനിടിയിലായി.
ചെങ്ങളായി , പൊടിക്കളം പഞ്ചായത്തുകളിലെ വീടുകളിലും വെള്ളം കയറി. ജില്ലയിൽ ഇതുവരെ അഞ്ഞൂറിലധികം പേരെ മാറ്റിപാർപ്പിച്ചു. പയ്യാവൂർ പഞ്ചായത്തിലെ ചീത്തപ്പാറയിലും കേളകം അടയ്ക്കാത്തോട് വനപ്രദേശത്തുമാണ് ഉരുൾപ്പൊട്ടലുണ്ടായത്. ഇവിടങ്ങളിൽ വ്യാപകമായി കൃഷി നശിച്ചു. വളപട്ടണം പുഴ കരകവിഞ്ഞതോടെ പറശ്ശിനിക്കടവ് ക്ഷേത്രം ഉൾപ്പടെ അഞ്ച് പഞ്ചായത്തുകൾ വെള്ളത്തിനടിയിലായി. തളിപറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam