
തിരുവനന്തപുരം: ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ യൂട്യൂബ് ചാനൽ പ്രതിനിധികളിൽ നിന്നും, ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരിൽ നിന്നും ഉടൻ പൊലീസ് മൊഴിയെടുക്കും. പൊലീസ് അന്വേഷണത്തിന് പുറമെ ചോദ്യപേപ്പർ അച്ചടിച്ചതിലും വിതരണത്തിലുമടക്കം വീഴ്ചയുണ്ടായോ എന്ന് വിദ്യാഭ്യാസ വകുപ്പും പരിശോധിക്കും. ചോർച്ച ഉറപ്പിക്കുമ്പോഴും അർദ്ധവാർഷിക പരീക്ഷയായതിനാൽ പുനപരീക്ഷക്കുള്ള സാധ്യത കുറവാണ്
ചോർച്ചക്ക് പിന്നിലാരെന്ന് കണ്ടെത്താൻ സമഗ്ര അന്വേഷണമാണ് നടക്കുക. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരും പരീക്ഷാതലേന്ന് പ്രഡിക്ഷൻ എന്ന രീതിയിൽ ചോദ്യം പുറത്തുവിട്ട യൂട്യൂബ് ചാനലുകളും സംശയ നിഴലിലാണ്. പത്താം തരം വരെയുള്ള ചോദ്യപേപ്പർ തയ്യാറാക്കിയത് ഓരോ ഡയറ്റുകളിലെ അധ്യാപകരാണ്. ഇവരുടെയെല്ലാം മൊഴിരേഖപ്പെടുത്താനാണ് പൊലീസ് നീക്കം.
ചോർത്തിയിട്ടില്ലെന്ന് പറയുമ്പോഴും യൂട്യൂബ് ചാനലുകളുടെ നടപടി അടിമുടി ദുരൂഹമാണെന്നാണ് വിദ്യാഭ്യാസവകുപ്പ് വിലയിരുത്തൽ. ഓൺലൈൻ പ്ലാറ്റ് ഫോമുകൾക്കിടയിൽ നടക്കുന്നത് വലിയ കിടമത്സരമാണ്. വിദ്യാഭ്യാസവകുപ്പിൻറെ ചോദ്യത്തോട് ഏറ്റവും കൂടുതൽ സമാനതകളുള്ള ചോദ്യം തയ്യാറാക്കുന്ന പ്ലാറ്റ് ഫോമിനാണ് പ്രിയം. അവരുടെ സബ്സ്രിക്പ്ഷനാണ് കൂടുതൽ. അധ്യാപകർ തന്നെ ഈ യൂ ട്യൂബ് ചാനലുകൾ നോക്കാൻ വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകിയതായും വിവരമുണ്ട്.
വാർഷിക പരീക്ഷക്കുള്ള തയ്യാറെടുപ്പുകളിലെ ഗൗരവമില്ലായ്മയാണ് അർദ്ധവാർഷിക പരീക്ഷയുട ചോദ്യപേപ്പർ ചോരാനിടയാക്കിയതെന്ന് വിദ്യാഭ്യാസവകുപ്പ് സമ്മതിക്കുന്നുണ്ട്. അച്ചടിച്ച സ്ഥലം മുതൽ വിതരണം ചെയത് ബിആർസികളിൽ നിന്നുും വളരെ നേരത്തെ ചോദ്യങ്ങൾ എത്തുന്ന സ്കൂളുകളിൽ നിന്നും വരെ ചോരാൻ സാധ്യതകളേറെ. സ്വന്തം നിലക്കുള്ള പരിശോധനയും വകുപ്പ് നടത്തു്നു. നാളെ പരീക്ഷാ നടത്തിപ്പിനെ കുറിച്ച് ചർച്ച ചെയയാൻ വിദ്യാഭ്യാസമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. അർദ്ധവാർഷിക പരീക്ഷയായതിനാൽ ചോർന്ന പരീക്ഷകൾ വീണ്ടും നടത്തേണ്ടെന്നാണ് നിലവിലെ ധാരണ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam