രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി, ദിലീപടക്കം അഞ്ച് പേരും മടങ്ങി

By Web TeamFirst Published Jan 24, 2022, 8:19 PM IST
Highlights

കേസുമായി ബന്ധപ്പെട്ട് ഇന്ന് സംവിധായകൻ റാഫിയെയും ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷൻസ് മാനേജറെയും ക്രൈം ബ്രാഞ്ച് ഇന്ന് വിളിപ്പിച്ചിരുന്നു

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നടൻ ദിലീപടക്കമുള്ളവരുടെ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യൽ പൂർത്തിയായി. ദിലീപടക്കമുള്ള അഞ്ച് പേരും ഒരു കാറിൽ കളമശേരി ക്രൈം ബ്രാഞ്ച് ഓഫീസിൽ നിന്ന് മടങ്ങി. 

കേസുമായി ബന്ധപ്പെട്ട് ഇന്ന് സംവിധായകൻ റാഫിയെയും ദിലീപിന്റെ നിർമാണ കമ്പനിയായ ഗ്രാന്റ് പ്രൊഡക്ഷൻസ് മാനേജറെയും ക്രൈം ബ്രാഞ്ച് ഇന്ന് വിളിപ്പിച്ചിരുന്നു. സംവിധായകൻ ബാലചന്ദ്ര കുമാർ കൈമാറിയ ഓഡിയോ റെക്കോർഡിൽ റാഫിയുടെ ശബ്ദവുമുണ്ട്. ഇത് തിരിച്ചറിയുന്നതിന് വേണ്ടിയാണ് റാഫിയെ വിളിച്ച് വരുത്തിയതെന്ന് എസ്പി അറിയിച്ചു. ദിലീപിനെതിരെ (Dileep) നിർണായക വെളിപ്പെടുത്തൽ നടത്തിയ സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെ നായകനാക്കി ഒരുക്കാനിരുന്ന ചിത്രത്തിന്റെ തിരക്കഥ എഡിറ്റ് ചെയ്യാനായി ഏൽപ്പിച്ചിരുന്നത് റാഫിയെ ആയിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് അദ്ദേഹത്തെ വിളിച്ച് വരുത്തിയത്. 

ദിലീപിന്റെ മാനേജറെ വിളിച്ചുവരുത്തിയ അന്വേഷണ സംഘം ദിലീപിനും അനുജൻ അനൂപിനും ഒപ്പമിരുത്തി മൊഴിയെടുക്കാൻ ശ്രമിച്ചു. നേരത്തെ ദിലീപിന്റെ  നിർമാണക്കമ്പനിയിൽ നടത്തിയ റെയ്ഡിൽ ചില തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് മാനേജറെ വിളിപ്പിച്ചത്.

വിചാരണയ്ക്കുള്ള സമയപരിധി നീട്ടണമെന്ന ആവശ്യം തള്ളി

നടിയെ ആക്രമിച്ച കേസിൽ വിചാരണയ്ക്കുള്ള സമയപരിധി നീട്ടണം എന്ന സംസ്ഥാനസർക്കാരിൻറെ ആവശ്യം സുപ്രീംകോടതി തള്ളി. സമയം നീട്ടാൻ ആവശ്യപ്പെടേണ്ടത് വിചാരണകോടതി ജഡ്ജിയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാനം നടത്തുന്നത് മാധ്യമവിചാരണയെന്ന് ദിലീപിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മുകുൾ റോത്തഗി പറഞ്ഞു. നീതി നടപ്പാക്കാൻ ഉചിതമായ തീരുമാനം എടുക്കേണ്ടത് വിചാരണ കോടതിയാണെന്ന് സുപ്രീംകോടതി പറഞ്ഞു. വിചാരണ കോടതി കൂടുതൽ സമയം തേടിയാൽ  പരിശോധിക്കാം. കേസിൽ സമയപരിധി പല തവണ നീട്ടിയതാണെന്ന് വിചാരണകോടതി ജഡ്ജിക്കറിയാമെന്നും സുപ്രീംകോടതി പറഞ്ഞു. ഇതിനിടെ പുതിയ 5 സാക്ഷികളെ വിസ്തരിക്കുന്നതിന് കൂടുതല്‍ സമയം തേടി സർക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ സാക്ഷി വിസ്താരം പൂർത്തിയാക്കണമെന്നാണ് കഴിഞ്ഞയാഴ്ചയുള്ള കോടതി ഉത്തരവ്.  എന്നാല്‍ ഇത് പ്രായോഗികമല്ലെന്നും ചില സാക്ഷികൾ കൊവിഡ് ബാധിച്ച് ചികിത്സയിലാണെന്നും സർ‍ക്കാര്‍ കോടതിയെ അറിയിച്ചു.  ഹർജി കോടതി നാളെ പരിഗണിച്ചേക്കും.
 

click me!