കോഴിക്കോട് - വയനാട് തുരങ്കപാത: മൂന്നിരട്ടി ചെലവ് വരും, നാല് വരി പാത അഭികാമ്യം; ഡിപിആർ സമർപിച്ചു

By Web TeamFirst Published Jul 14, 2021, 7:55 AM IST
Highlights

താമരശേരി ചുരം കയറാതെ കേവലം എട്ട് കിലോമീറ്റര്‍ ദൂരമുളള പാതയിലൂടെ വയനാട്ടിലെത്താന്‍ കഴിയുന്നതാണ് ഈ ഹൈടെക് പാത

കോഴിക്കോട്: വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് നിർമ്മിക്കുന്ന തുരങ്കപാതയുടെ ഡിപിആര്‍ കൊങ്കണ്‍ റെയില്‍വേ സര്‍ക്കാരിന് സമര്‍പ്പിച്ചു. സര്‍ക്കാര്‍ 658 കോടി രൂപ വകയിരുത്തിയ തുരങ്ക പാത പൂര്‍ത്തിയാക്കാനായി 2200 കോടി രൂപയോളം ചെലവിടേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടിലുളളത്. രണ്ടുവരി പാതയെന്ന നിര്‍ദ്ദേശമായിരുന്നു ആദ്യം ഉയര്‍ന്നതെങ്കിലും കൂടുതല്‍ അഭികാമ്യം നാലു വരി പാതയാണെന്ന നിര്‍ദ്ദേശവും കൊങ്കണ്‍ റെയില്‍വേ മുന്നോട്ട് വച്ചിട്ടുണ്ട്. ഇന്ന് ചേരുന്ന ഉന്നതതല യോഗം റിപ്പോര്‍ട്ട് വിലയിരുത്തും.

താമരശേരി ചുരം കയറാതെ കേവലം എട്ട് കിലോമീറ്റര്‍ ദൂരമുളള പാതയിലൂടെ വയനാട്ടിലെത്താന്‍ കഴിയുന്നതാണ് ഈ ഹൈടെക് പാത. ഇതിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട റിപ്പോര്‍ട്ടാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അധികൃതര്‍ ഇപ്പോള്‍ സര്‍ക്കാരിനു സമര്‍പ്പിച്ചിട്ടുളളത്. തിരുവമ്പാടി പഞ്ചായത്തിലെ ആനക്കാംപൊയിലില്‍ നിന്ന് മറിപ്പുഴ സ്വര്‍ഗ്ഗം കുന്ന് വഴി വയനാട്ടിലെ മേപ്പാടി പഞ്ചായത്തിലെ കളളാടിയില്‍ എത്തുന്നതാണ് തുരങ്കപാത.

പദ്ധതിയുടെ ഔപചാരിക ലോഞ്ചിംഗ് ഇക്കഴിഞ്ഞ ഒക്ടോബര്‍ അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വ്വഹിച്ചിരുന്നു. പരിസ്ഥിതി അനുമതി കിട്ടാത്ത, ഡിപിആര്‍ പോലും തയ്യാറാകാത്ത പദ്ധതയുടെ ഔപചാരികമായ പ്രഖ്യാപനം നടത്തിയ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ചും പരിഹസിച്ചും പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഏതായാലും ആറ് മാസത്തിലേറെ കാലം കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ അധികൃതര്‍ ആനക്കാംപൊയിലിലും കളളാടിയിലും ക്യാംപ് ചെയ്ത് നടത്തിയ പരിശോധനകള്‍ക്കും പഠനങ്ങള്‍ക്കുമൊടുവിലാണ് ഈ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ തയ്യാറാക്കിയത്.

ഡിപിആറിൽ പറയുന്ന കാര്യങ്ങൾ ഇവ

കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ തയ്യാറാക്കിയ ഡിപിആറില്‍ പറയുന്ന ഏറ്റവും പ്രധാന കാര്യം ഈ പദ്ധതിയുടെ ചെലവ് സംബന്ധിച്ചാണ്. പ്രാഥമികമായി കിഫ്ബി സഹായത്തോടെ 658 കോടി രൂപയാണ് ഈ പദ്ധതിക്കായി സര്‍ക്കാര്‍ വകയിരുത്തിയിട്ടുളളത് എങ്കിലും പദ്ധതി പൂര്‍ത്തിയാക്കാന്‍ ഇതിന്‍റെ മൂന്നിരട്ടി തുകയെങ്കിലും വേണ്ടി വരുമെന്നാണ് ഡിപിആര്‍ പറയുന്നത്. രണ്ട് വരി പാതയാണ് നിര്‍മിക്കുന്നതെങ്കില്‍ 1800 കോടിയോളം രൂപ ചെലവ് വരും. നാല് വരി പാതയാണെങ്കില്‍ 2200കോടി രൂപയില്‍ നിര്‍മാണം പൂര്‍ത്തിയാക്കാം. താമരശേരി ചുരത്തിലെ നിലവിലെ ഗതാഗതത്തിരക്ക് പരിഗണിക്കുമ്പോള്‍ നാല് വരി പാതയാണ് അഭികാമ്യമെന്നും കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

രണ്ട് വരി പാതയാണെങ്കില്‍ ഇതിന് സാമന്തരമായി ഒരു എമര്‍ജന്‍സി ടണല്‍ കൂടി നിര്‍മിക്കേണ്ടി വരും. തുരങ്കത്തിനുളളില്‍ അപകടമോ ഓക്സിജന്‍ കുറവ് പോലുളള ബുദ്ധിമുട്ടോ ഉണ്ടായാല്‍ യാത്രക്കാര്‍ക്ക് പുറത്തെത്താനുളള മാര്‍ഗ്ഗമാണിത്. നാലു വരി പാതയാണെങ്കില്‍ എമര്‍ജന്‍സി ടണലിന്‍റെ ആവശ്യം വരില്ല. പാതകളെ പരസ്പരം ബന്ധിപ്പിക്കാന്‍ മാര്‍ഗ്ഗം ഉണ്ടെന്നതാണ് കാരണം.

പാത യാഥാര്‍ത്ഥ്യമാകുന്നതിന് ഒട്ടേറെ കടമ്പകളുണ്ട്. വനഭൂമി ഏറ്റെടുക്കേണ്ടതില്ലെങ്കിലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്‍റെ അനുമതി ആവശ്യമാണ്. പാരിസ്ഥിതിക അനുമതിയും വേണം. ഈ നടപടികള്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ തന്നെ പൂര്‍ത്തിയാക്കുമെന്നാണ് ധാരണ. പാരിസ്ഥിതിക അനുമതിയുടെ ഭാഗമായി പബ്ലിക് ഹിയറിങ് അടക്കം നടത്തി പൊതുജനത്തിന്‍റെ അനുമതിയും നേടേണ്ടതുണ്ട്. 2200 കോടിയോളം രൂപ പദ്ധതിക്കായി മാറ്റി വയ്ക്കേണ്ടിയും വരും.

നടപടികളുടെയെല്ലാം ആദ്യപടിയാണ് കൊങ്കണ്‍ റെയില്‍വേ കോര്‍പറേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുളള ഡിപിആര്‍. ഈ ഡിപിആര്‍ സര്‍ക്കാര്‍ അംഗീകരിക്കുകയാണെങ്കില്‍ നടപടികള്‍ മുന്നോട്ട് പോകും. മുഖ്യമന്ത്രി നേരിട്ടാണ് പദ്ധതിയുടെ മേല്‍നോട്ടം നടത്തുന്നത്. സര്‍ക്കാരിന്‍റെ മുന്‍ഗണനാ പദ്ധതികളില്‍ ഒന്നാണിത്. നടപടികളെല്ലാം വേഗത്തില്‍ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. നിര്‍മാണം തുടങ്ങിയാല്‍ മൂന്ന് വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാമെന്നാണ് കൊങ്കണ്‍ റെയില്‍വേ അധികൃതര്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുളളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ  അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ്  അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona 

click me!