
കൊച്ചി: സംസ്ഥാന സർക്കാരിന്‍റെ നിർദ്ദിഷ്ട കെ റെയിൽ പദ്ധതിക്കെതിരെ ശക്തമായ പ്രതിഷേധത്തിന് തുടക്കമിട്ട് ജനകീയ സമിതി. ക്വിറ്റ് സിൽവർലൈൻ, സേവ് കേരള എന്ന മുദ്രാവാക്യമുയർത്തി സംസ്ഥാന വ്യാപകമായാണ് സമരം. ഇടത് സഹയാത്രികൻ പ്രൊഫ. ആർ.വി.ജി.മേനോനാണ് ഇന്ന് സമരം ഓൺലൈനായി ഉദ്ഘാടനം ചെയ്യുന്നത്.
കെ റെയിലിന് കേന്ദ്ര അനുമതി ലഭിച്ചിട്ടില്ല, നിയമസഭയിൽ പോലും സർക്കാർ ചർച്ചക്കും തയ്യാറല്ല. 20,000 ത്തോളം കുടുംബങ്ങളെ കുടിയൊഴിപ്പിക്കേണ്ട പദ്ധതി പ്രതികൂലമായി ബാധിക്കുന്നവരാണ് സമരസജ്ജരായിരിക്കുന്നത്. ഇന്ന് മുതൽ വരുന്ന ഞായറാഴ്ച വരെ ക്വിറ്റ് സിൽവർ ലൈൻ സേവ് കേരള മുദ്രാവാക്യമുയർത്തി ചെറിയ യോഗങ്ങൾ നേരിട്ടും, ഓൺലൈനായും സംഘടിപ്പിക്കും. സെപ്റ്റംബർ മാസത്തിൽ എല്ലാ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിലും പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. ഒക്ടോബർ 27ന് സെക്രട്ടേറിയേറ്റിലേക്ക് മാർച്ച് നടത്തും. ഇതിനായി എല്ലാ ജില്ലകളിലും മേഖലകളിലും സമരസമിതി കൂട്ടായ്മകൾ രൂപീകരിച്ചു.
പദ്ധതിയിൽ നിന്ന് സർക്കാർ പിന്മാറും വരെ സമരം തുടരുമെന്നാണ് ജനകീയ സമിതി തീരുമാനം. നിലവിലെ ഗതാഗത പദ്ധതികളെ വികസിപ്പിക്കാതെ ആകാശപ്പാതയ്ക്കായുള്ള സർക്കാർ നീക്കം ദുരൂഹമെന്നാണ് കെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ ആരോപണം.
കാസർകോട് മുതൽ തിരുവനന്തപുരം വരെ നീളുന്ന 529 കിലോമീറ്റർ പാതയ്ക്കായി 1198 ഹെക്ടർ സ്വകാര്യ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ആദ്യ റിപ്പോർട്ട് അപൂർണ്ണമായതിനാൽ പദ്ധതിക്കായി വീണ്ടും സാമൂഹിക ആഘാത പഠനം നടത്താൻ ടെണ്ടർ വിളിച്ചിരിക്കുകയാണ് സംസ്ഥാന സർക്കാർ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam