ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി. പത്തനംതിട്ട ജിയോ ഗ്രൗണ്ടിലാണ് സംഭവം. ലാപ്ടോപ്പ് പൊട്ടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്ന് പൊലീസ് വിശദീകരണം.

പത്തനംതിട്ട: ന്യൂ ഇയർ ആഘോഷത്തിനിടെ പൊലീസ് അതിക്രമമെന്ന് പരാതി. പത്തനംതിട്ട ജിയോ ഗ്രൗണ്ടിലാണ് സംഭവം. രാത്രി ഏറെ വൈകിയും പരിപാടി നീണ്ടു പോയതോടെ പൊലീസ് ഇടപെടുകയായിരുന്നു. തുടർന്ന് പൊലീസുകാരൻ സ്റ്റേജിലേക്ക് കയറുകയും ഡിജെ കലാകരന്റെ ലാപ്ടോപ്പിന് ചവിട്ടുകയും ചെയ്തു. ഒരു ലക്ഷം രൂപ വിലമതിക്കുന്ന ലാപ്ടോപ്പ് തകർന്നതായി ഡിജെ അഭിരാം സുന്ദർ പറഞ്ഞു. ഇതിന്റെ ദൃശ്യങ്ങൾ ഇയാൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

അതേസമയം, സംഭവത്തിൽ വിശദീകരണവുമായി പത്തനംതിട്ട പൊലീസ് രം​ഗത്തെത്തി. സ്ഥലത്ത് സംഘർഷം ഉണ്ടായതോടെയാണ് ഇടപെട്ടതെന്നും പരിപാടി നിർത്താൻ ആവശ്യപ്പെട്ടിട്ടും അവഗണിച്ചുവെന്നുമാണ് പൊലീസിന്റെ വിശദീകരണം. ലാപ്ടോപ്പ് പൊട്ടിച്ചു എന്നത് അടിസ്ഥാനരഹിതമായ ആരോപണമാണെന്നും പൊലീസ് പറയുന്നു.