'മലപോലെ വന്നത് എലിപോലെയായി': ഈന്തപ്പഴം, ഖുറാൻ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു

By Web TeamFirst Published Feb 5, 2021, 7:03 AM IST
Highlights

നയതന്ത്ര ബാഗിന്‍റെ മറവിൽ യുഎഇ കോൺസുലേറ്റിലെ ഉന്നതർ സ്വർണം കടത്തിയതുപോലെ ഈന്തപ്പഴത്തിന്‍റെയും ഖുറാന്‍റെയും മറവിൽ കളളക്കടത്തെന്നായിരുന്നു കേന്ദ്ര ഏജൻസികളുടെ സംശയം. 

തിരുവനന്തപുരം: സ്വർണക്കളളക്കടത്ത് കേസിന് പിന്നാലെ ഏറെ കൊട്ടിഘോഷിച്ച ഈന്തപ്പഴം, ഖുറാൻ ഇറക്കുമതിയിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നിലച്ചു. ഇറക്കുമതിയുടെ മറവിൽ സ്വർണക്കളളക്കടത്ത് നടത്തി എന്നതിന് യാതൊരു തെളിവും ഇതുവരെ കണ്ടെത്താനായില്ല. മാത്രവുമല്ല സംസ്ഥാന സർക്കാരിനെ എതിർകക്ഷിയാക്കുന്നതിൽ ഉദ്യോഗസ്ഥർക്കിടയിൽത്തന്നെ വ്യത്യസ്ഥ അഭിപ്രായവുമുണ്ടായി.

യുഎഇ കോൺസുലേറ്റ് വഴി ഖുറാനും ഈന്തപ്പഴവും വിതരണം ചെയ്ത സംഭവത്തിലാണ് കസ്റ്റംസ് പ്രാഥമികാന്വേഷണം നടത്തിയത്. ഖുറാൻ ഏറ്റെടുത്ത് വിതരണം ചെയ്ത മന്ത്രി കെടി ജലീലിനെ മണിക്കൂറോളം ചോദ്യം ചെയ്തു. നയതന്ത്ര ബാഗിന്‍റെ മറവിൽ യുഎഇ കോൺസുലേറ്റിലെ ഉന്നതർ സ്വർണം കടത്തിയതുപോലെ ഈന്തപ്പഴത്തിന്‍റെയും ഖുറാന്‍റെയും മറവിൽ കളളക്കടത്തെന്നായിരുന്നു കേന്ദ്ര ഏജൻസികളുടെ സംശയം. 

ഇതിന് സംസ്ഥാന സർക്കാരിലെ പ്രബലരുടെ പിന്തുണയുണ്ടെന്നും കേന്ദ്ര സർക്കാർ കരുതി. എന്നാൽ ഇരു സംഭവങ്ങളിലും ഒക്കറൻസ് റിപ്പോർട് തയാറാക്കാൻ പോലും കസ്റ്റംസിന് കഴിഞ്ഞില്ല. അതായത് കേസ് എടുത്ത് അന്വേഷിക്കുന്നതിന്‍റെ പ്രാഥമിക നടപടിക്രമം പോലും പൂർത്തിയാക്കാനായില്ല. ഇരു ഇറക്കുമതികളിലും സ്വർണക്കളളക്കടത്തിന് യാതൊരു തെളിവും ലഭിച്ചില്ല. ഇതോടെയാണ് അന്വേഷണം നിലച്ചത്. പുറത്ത് വിതരണം ചെയ്തതിന്‍റെ ഉത്തരവാദിത്വം ആർക്കെന്നത് സംബന്ധിച്ചും കസ്റ്റംസ് നിയമോപദേശകർക്കിടയിൽ തർക്കമുണ്ടായി. 

യുഎഇ കോൺസുലേറ്റ് ഇറക്കുമതി ചെയ്ത ഇവ രണ്ടും പുറത്തു വിതരണം ചെയ്തതിന്‍റെ ഉത്തരവാദിത്വം അവർക്കുതന്നെയാണ് എന്നതായിരുന്നു ഭൂരിപക്ഷ അഭിപ്രായം. ഇക്കാര്യത്തിൽ സംസ്ഥാന സ‍ർക്കാരിനെ പ്രതിക്കൂട്ട‍ിൽ നിർത്തുന്നത് സംബന്ധിച്ചും അഭിപ്രായവ്യത്യാസമുണ്ടായി. ഇതോടെയാണ് ആ നീക്കവും പൊളിഞ്ഞത്. ഈ പഴുത് മുന്നിൽക്കണ്ടാണ് ഈന്തപ്പഴ ഇറക്കുമതിയുടെ ഉത്തരവാദിത്വം ആർക്കെന്ന് ചോദിച്ച് സംസ്ഥാന സർക്കാർ കസ്റ്റംസിന് വിവരാവകാശ അപേക്ഷ നൽകിയത്. നികുതിയടക്കാതെ കൊണ്ടുവന്ന ഈന്തപ്പഴവും മറ്റും അനാഥാലയങ്ങൾക്ക് വിതരണം ചെയ്തതിന്‍റെ പേരിൽ സംസ്ഥാന സർക്കാരിനെതിരെ അഥവാ ഇനി കേസെടുത്താൽ പോലും കാര്യങ്ങൾ ചെറിയൊരു പിഴയിലൊതുങ്ങും. 

click me!