
തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ മേയറെ കണ്ടെത്താനുള്ള ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നു. അന്തിമ ചർച്ചകളിൽ ബിജെപി വനിതാ കൗൺസിലർ ആർ ശ്രീലേഖക്ക് ആണ് കൂടുതൽ പരിഗണന. കൗൺസിൽ അംഗങ്ങളുമായുള്ള ചർച്ചയിൽ ശ്രീലേഖയുടെ പേരിന് മുൻതൂക്കം. നാളെയാണ് അന്തിമ പ്രഖ്യാപനം വരിക. ദിവസങ്ങളായി നടക്കുന്ന ബിജെപി ചർച്ചകളിലും ശ്രീലേഖയുടെയും വി വി രാജേഷിന്റെയും പേരുകളാണ് ഉയർന്നു കേട്ടിരുന്നത്. ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കാനുള്ള സാധ്യതാപ്പട്ടികയിൽ നിലവിൽ സിമി ജ്യോതിഷ്, ജി എസ് മഞ്ജു, ആശ നാഥ് തുടങ്ങിയവരുടെ പേരുകളാണ് ഉള്ളത്.
ശാസ്തമംഗലത്ത് സ്ഥാനാര്‍ഥിയായി നിര്‍ത്തുമ്പോള്‍ മേയര്‍ പദവി സംബന്ധിച്ച് ഒരു വാഗ്ദാനവും ബിജെ പി നേതൃത്വം നല്കിയിട്ടില്ലെന്ന് മുന്‍ ഡിജിപി ആര്‍ ശ്രീലേഖ നേരത്തെ പ്രതികരിച്ചിരുന്നു. ഇക്കാര്യത്തിൽ പാർട്ടി അധ്യക്ഷനാണ് തീരുമാനം എടുക്കേണ്ടതെന്നും മേയര്‍ പദവിയില്ലെങ്കിലും ജനസേവനത്തിനായി വാര്‍ഡിൽ സജീവമായി ഉണ്ടാവുമെന്നും ആര്‍. ശ്രീലേഖ പറഞ്ഞിരുന്നു. പാര്‍ട്ടി മേയര്‍ പദവി വാഗ്ദാനം ചെയ്താൽ ഇരു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ പറയുന്ന കാര്യങ്ങള്‍ എല്ലാവരും അനുസരിക്കുമെന്നും വി വി രാജേഷും നേരത്തെ പ്രതികരിച്ചിരുന്നു.
അതിനിടെ, തിരുവനന്തപുരം കോർപ്പറേഷനിൽ ഒറ്റയ്ക്ക് ഭരണം നേടാനുള്ള അംഗബലമില്ലെങ്കിലും മേയർ സ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ച് സി പി എം ജില്ലാ കമ്മിറ്റി. പുന്നക്കാമുഗൾ കൗൺസിലറും ജില്ലാ കമ്മിറ്റി അംഗവുമായ ആർ പി ശിവജി ആയിരിക്കും സി പി എം സ്ഥാനാർത്ഥി. മത്സരിക്കാതെ മാറി നിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന വിലയിരുത്തലിലാണ് സി പി എം ജില്ലാ കമ്മിറ്റി, ശിവജിയെ രംഗത്തിറക്കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam