
തിരുവനന്തപുരം: പ്രചാരണ പരിപാടിക്കിടെ വിദേശകാര്യമന്ത്രി പേര് പരാമർശിക്കാത്തതിൽ പിണങ്ങി വേദിവിട്ട് ആർ. ശ്രീലേഖ. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖരുമായുളള കൂടിക്കാഴ്ചക്കിടെയാണ് എസ്. ജയശങ്കർ സ്ഥാനാർത്ഥിയായ ശ്രീലേഖയുടെ പേര് പറയാതിരുന്നത്. സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ സംസാരിച്ചുകൊണ്ടിരിക്കെ വേദിവിട്ടിറങ്ങിയ ശ്രീലേഖയെ നേതാക്കൾ അനുനയിപ്പിച്ച് തിരികെയെത്തിച്ചു.
തിരുവനന്തപുരത്ത് മാസ്കറ്റ് ഹോട്ടലിൽ വട്ടിയൂർക്കാവിലെ പ്രമുഖ വ്യക്തികളുമായി വിദേശകാര്യ മന്ത്രിയുടെ കൂടിക്കാഴ്ചയായിരുന്നു പരിപാടി. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ആർ. ശ്രീലേഖയും നേമത്തെ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറും വേദിയിലുണ്ടായിരുന്നു. ഓൺലൈൻ പ്രസംഗത്തിൽ വിദേശകാര്യമന്ത്രി ആർ. ശ്രീലേഖയുടെ പേര് പറഞ്ഞതേയില്ല. രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമെന്നും അഭ്യർത്ഥിച്ചു. വട്ടിയൂർക്കാവ് മണ്ഡലത്തിലെ പരിപാടിയിൽ തന്‍റെ പേര് പറയാത്തതിൽ പിണങ്ങി ശ്രീലേഖ വേദി വിട്ടിറങ്ങി. സംസ്ഥാന അധ്യക്ഷൻ സംസാരിക്കുന്നതിനിടെയാണ് സംഭവം.
നേതാക്കൾ പിന്നാലെയെത്തി, ശ്രീലേഖയെ അനുനയിപ്പിച്ച് തിരിച്ചെത്തിച്ചു. രാജീവ് ചന്ദ്രശേഖറിനോടും മേയർ വി. വി. രാജേഷിനോടും ശ്രീലേഖ അതൃപ്തി അറിയിച്ചു. പാർട്ടി വേദികളിൽ ശ്രീലേഖയുടെ പിണക്കം ഇതാദ്യമല്ല. കോർപ്പറേഷനിൽ ബിജെപി മേയർ അധികാരമേൽക്കുന്ന ചടങ്ങിൽ പാതിവഴിയിൽ ഇറങ്ങി. പദവിയിലേക്ക് പരിഗണിക്കാഞ്ഞതിലെ പരിഭവം. പ്രധാനമന്ത്രിയെത്തിയ ചടങ്ങിൽ ഒരറ്റത്ത് മാറി നിന്നതും വിവാദമായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam