Rabies Death: സംസ്ഥാനത്ത് ഡെങ്കിപ്പനിയേക്കാൾ ജീവനപഹരിച്ച് പേവിഷ ബാധ; ഈ മാസം മാത്രം 5 മരണം

By Web TeamFirst Published Aug 27, 2022, 5:29 PM IST
Highlights

കേരളത്തിൽ കഴിഞ്ഞ വർഷം പേവിഷ ബാധയേറ്റ് മരിച്ചത് 15 പേർ, ഈ വർഷം ഇതുവരെ മരിച്ചത് 19 പേർ; പാലക്കാട്ടും ഗുരുവായൂരിലും തെരുവുനായ ആക്രമണം. പാലക്കാട് 5 വയസ്സുകാരിക്കും ഗുരുവായൂരിൽ നഗരസഭ ജീവനക്കാരനും തെരുവുനായയുടെ കടിയേറ്റു

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷ ബാധ ഏറ്റുള്ള മരണം 8 മാസം കൊണ്ട് കഴിഞ്ഞ വ‌ർഷത്തെ കണക്ക് മറികടന്നു. ഈ വർഷം ഇതുവരെ 19 പേരാണ് കേരളത്തിൽ പേവിഷ ബാധ ഏറ്റു മരിച്ചത്.  ഡെങ്കിപ്പനി ബാധയെ തുടർന്നുണ്ടായ മരണത്തേക്കാൾ കൂടുതലാണ് ഇത്.  കഴിഞ്ഞ വ‌ർഷം ആകെയുണ്ടായത് 15 പേവിഷ മരണമാണ്. 14 പേരിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. അതേസമയം ഈ വർഷം പേവിഷബാധ സ്ഥിരീകരിച്ച എല്ലാവരും മരിച്ചു. സംസ്ഥാനത്ത് ഈ മാസം മാത്രം 5 പേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്. 

പേവിഷ ബാധ: മൃഗങ്ങളുമായി ഇടപഴകുന്നവർ കുത്തിവയ്പ്പ് മുൻകൂർ എടുക്കണം, നിലവിലെ രീതി മാറണമെന്ന് വിദഗ്‍ധർ

പേവിഷ ബാധയ്ക്കെതിരായ വാക്സിനേഷനിൽ നിലവിൽ പിന്തുടരുന്ന രീതി മാറ്റുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് പ്രശസ്ത വൈറോളജിസ്റ്റ് ഗഗൻദീപ് കാങ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. നായ്ക്കൾ അടക്കം പേവിഷ ബാധ സാധ്യത കൂടുതലുള്ള മൃഗങ്ങളുമായി ഇടപഴകുന്നവർ മുൻകൂർ വാക്സീൻ സ്വീകരിക്കുന്നതാണ് നല്ലതെന്ന് ഗഗൻദീപ് കാങ് വ്യക്തമാക്കി. നിർഭാഗ്യവശാൽ, കടിയേറ്റ  ശേഷം വാക്സീൻ നൽകുന്നതാണ് നിലവിലെ രീതി. നായ്ക്കളുടെ ആക്രമണത്തിന് ഇരയായ ശേഷം വാക്സീൻ എടുക്കുമ്പോൾ പരാജയ സാധ്യത കൂടുതലാണ്. കടിയേറ്റ സ്ഥലം, വാക്സീൻ എടുക്കുന്നതിലെ കാലതാമസം എന്നിവ ഫലപ്രാപ്തിയിൽ പ്രധാനമാണെന്നും ഗഗൻദീപ് കാങ് പറഞ്ഞു.  വാക്സീൻ ഗുണനിലവാരത്തിൽ പ്രശ്നങ്ങൾ ഉണ്ടോ ഇല്ലയോ എന്നത് പരിശോധനയിലൂടെ തെളിയിക്കപ്പെടേണ്ടതാണെന്നും ഗഗൻദീപ് കാങ് വ്യക്തമാക്കി. 

പാലക്കാട്ടും ഗുരുവായൂരിലും തെരുവുനായ ആക്രമണം

പാലക്കാട് കൂറ്റനാട് അ‍ഞ്ച് വയസ്സുകാരിയെ തെരുവുനായ ആക്രമിച്ചു. ചാലിപ്പുറം സ്വദേശിയായ പെൺകുട്ടിക്കാണ് നായയുടെ കടിയേറ്റത്. മുഖത്തും പുറത്തും കാലിലും പരിക്കേറ്റ കുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകീട്ട് വീടിന്റെ മുൻവശത്തു നിൽക്കുമ്പോഴാണ് കുട്ടിയെ തെരുവ് നായ  ആക്രമിച്ചത്.

വീണ്ടും തെരുവുനായ ആക്രമണം, പാലക്കാട് 5 വയസ്സുകാരിക്ക് കടിയേറ്റു; വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും 

ഗുരുവായൂരില്‍ നഗരസഭ ജീവനക്കാരനാണ് തെരുവ് നായയുടെ കടിയേറ്റത്. ചാവക്കാട് കായങ്ക വീട്ടില്‍ സൂര്യനെയാണ് തെരുവുനായ ആക്രമിച്ചത്. 
നഗരസഭ ഓഫീസിന് മുന്നിൽ രാവിലെ ആറരയോടെയായിരുന്നു സംഭവം. 

'ഗൗരവമുള്ള വിഷയം, വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടും'

സംസ്ഥാനത്തെ തെരുവുനായ ശല്യം ഗൗരവമുള്ള വിഷയമാണെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. നായ്ക്കളുടെ എണ്ണം കൂടി. കൊവിഡ് ബാധയ്ക്ക് ശേഷം തെരുവു നായ്ക്കളുടെയും വീട്ടിൽ വളർത്തുന്ന നായ്ക്കളുടേയും എണ്ണം കൂടിയിരിക്കുകയാണ്. അനുപാതികമായി കടിയേൽക്കുന്നവരുടെ എണ്ണവും വാക്സിനേഷന്റെ തോതും കൂടിയിട്ടുണ്ട്. തെരുവുനായ്ക്കളുടെ എണ്ണം കൂടിയതോടെ വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടേണ്ട സാഹചര്യം ഉണ്ടായിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. നിലവിൽ 30 വന്ധ്യംകരണ കേന്ദ്രങ്ങളാണ് ഉള്ളത്. എന്നാൽ ഒരു ബ്ലോക്കിൽ ഒരു വന്ധ്യംകരണ കേന്ദ്രം വേണം എന്ന നിലയിലാണ് ഇപ്പോൾ കാര്യങ്ങൾ. വന്ധ്യംകരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടാനുള്ള നടപടികൾ ഉണ്ടാകും. എന്നാൽ ഇത്തരം കേന്ദ്രങ്ങൾ നിലനിർത്തി കൊണ്ടുപോകാനുള്ള ഭാരിച്ച ചെലവാണ് പ്രതിസന്ധി ഉണ്ടാക്കുന്നതെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. വന്ധ്യംകരണത്തോടൊപ്പം, തെരുവുനായ്ക്കളെ വാക്സിനേറ്റ് ചെയ്യാനുള്ള നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. വാക്സിനേറ്റ് ചെയ്ത നായ്ക്കളുടെ ശരീരത്തിൽ ചിപ്പ് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നത്. തെരുവുനായ ശല്യം തടയാൻ ആരോഗ്യ-തദ്ദേശ-മൃഗസംരക്ഷണ വകുപ്പുകളുടെ കൂട്ടായ  ശ്രമം ഉണ്ടാകുമെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു. 

 

click me!