വീടെന്ന സ്വപ്നം ഇപ്പോഴും അകലെ; 18 വർഷമായി രാധാകൃഷ്ണൻ സർക്കാർഓഫീസുകളില്‍ കയറിയിറങ്ങുന്നു; അധികൃതർ കാണുന്നുണ്ടോ?

Published : Oct 30, 2022, 09:23 AM ISTUpdated : Oct 30, 2022, 09:33 AM IST
വീടെന്ന സ്വപ്നം ഇപ്പോഴും അകലെ; 18 വർഷമായി രാധാകൃഷ്ണൻ സർക്കാർഓഫീസുകളില്‍ കയറിയിറങ്ങുന്നു; അധികൃതർ കാണുന്നുണ്ടോ?

Synopsis

ലക്ഷം പദ്ധതി, ഇഎംഎസ് ഭവന പദ്ധതി, സീറോ ലാൻഡ് പദ്ധതി, ഒടുവിൽ ലൈഫ് പദ്ധതി. സർക്കാർ പദ്ധതികൾ മാറി മാറി വന്നെങ്കിലും രാധാകൃഷ്ണന്‍റെ പദ്ധതികൾ ഒന്നും നടന്നില്ല.  

കൊച്ചി: ഒരു തുണ്ട് ഭൂമിക്കും വീടിനും വേണ്ടി കഴിഞ്ഞ 18 വർഷമായി സർക്കാർ ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഉദയംപേരൂർ സ്വദേശി രാധാകൃഷ്ണനും ഭാര്യ ആനന്ദവും. 2004 ൽ തുടങ്ങിയ പോരാട്ടം 2022ൽ എത്തുമ്പോഴും രാധാകൃഷ്ണന് വീടെന്ന സ്വപ്നം അകലെയാണ്. ഭാര്യ വികലാംഗയായിട്ട് കൂടി വേണ്ട പരിഗണ കിട്ടിയിട്ടില്ലെന്നാണ് രാധാകൃഷ്ണന്‍റെ പരാതി.

എല്ലാവർക്കും വീടെന്ന സർക്കാർ വാഗ്ദാനം ഈ അറുപത്തിയഞ്ചുകാരൻ കേട്ട് തുടങ്ങിയിട്ട് രണ്ട് പതിറ്റാണ്ടാകുന്നു. ഒരുതുണ്ട് ഭൂമിക്കും വീടിനും വേണ്ട് പഞ്ചായത്ത് ഓഫീസ് കയറിയിറങ്ങി കടന്നുപോയ 18വർഷങ്ങൾ. ലക്ഷം പദ്ധതി, ഇഎംഎസ് ഭവന പദ്ധതി, സീറോ ലാൻഡ് പദ്ധതി, ഒടുവിൽ ലൈഫ് പദ്ധതി. സർക്കാർ പദ്ധതികൾ മാറി മാറി വന്നെങ്കിലും രാധാകൃഷ്ണന്‍റെ പദ്ധതികൾ ഒന്നും നടന്നില്ല.

ഉദയംപേരൂരിലെ ഒറ്റ മുറിയുടെ വാടക മുടങ്ങിയിട്ടും പത്ത് മാസമാകുന്നു. പാചകവും കിടപ്പുമെല്ലാം ഈ ഒറ്റമുറിയിലാണ്. സ്വർണ്ണപണിക്കാരനായിരുന്നു രാധാകൃഷ്ണൻ. ഇപ്പോൾ പണിയില്ല. ഭൂമിയില്ലാത്തവർക്കുള്ള സീറോ ലാൻഡ് പദ്ധതിയിൽ ഉൾപെടുമെന്ന് ഉറപ്പിച്ചതാണ്. പക്ഷെ പരിശോധിക്കാനെത്തിയവർ രാധാകൃഷ്ണനെ സമ്പന്നനാക്കി അത് മുടക്കി. ഭാര്യ ആനന്ദം വികലാംഗയാണ്. ആ പരിഗണനയും നാളിതുവരെ ഇല്ല

ലൈഫ് പദ്ധതിയിൽ പഞ്ചായത്ത് പട്ടികയിൽ ഏഴാം നമ്പരുകാരനായി താനുണ്ടെന്ന് രാധാകൃഷ്ണൻ പറയുന്നു. ഭൂമി വാങ്ങി വന്നാലെ വീടുള്ളുവെന്നാണ് പഞ്ചായത്ത് ന്യായം. ലൈഫിൽ ഭൂമിയും വീടും വാഗ്ദാനം ചെയ്യുന്നുണ്ട്. പഞ്ചായത്ത് കൈവശമുള്ള ഭൂമിയിൽ ഒരു തുണ്ട് നൽകണമെന്നും രാധാകൃഷ്ണൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഒരാൾക്കായി നൽകിയാൽ കീഴ്വഴക്കമാകുമെന്ന മറുപടിയിൽ അതും തള്ളി.

ഈ ദമ്പതികൾ വീടിനായി ഇറങ്ങി തിരിക്കുമ്പോൾ മുഖ്യമന്ത്രി എകെ ആന്‍റണി ആയിരുന്നു വാജ്പേയി ആയിരുന്നു പ്രധാനമന്ത്രി. പിന്നീട് എത്ര മുഖ്യമന്ത്രിമാർ, പ്രധാനമന്ത്രിമാർ വന്നു, പഞ്ചായത്ത് പ്രസിഡന്‍റുമാർ മാറി. പക്ഷെ രാധാകൃഷ്ണന്‍റെ കഷ്ടപാടിന് മാത്രം മാറ്റമില്ല. ഇനിയും എത്രനാൾ അർഹതപ്പെട്ട കിടപ്പാടത്തിനായി ഇവർ അലയണം?

PREV
click me!

Recommended Stories

കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ കേസ്: 'ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ല, പരാതിക്കാരി തെറ്റിദ്ധരിച്ചതാകാം'; പി ‌ടി കുഞ്ഞുമുഹമ്മദ്K