
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ അറസ്റ്റിലായ സംഭവത്തിൽ മുൻ തന്ത്രി കണ്ഠരര് രാജീവർക്കെതിരായ പൊലീസിന്‍റെ റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്ന് തന്ത്രിയുടെ ബന്ധു രാഹുൽ ഈശ്വർ. തന്ത്രി താന്ത്രിക നടപടികൾ പാലിച്ചില്ല എന്നാണ് റിമാന്‍റ് റിപ്പർട്ടിലുള്ളത്. ഇത് പറയാൻ പ്രത്യേക അന്വേഷണ സംഘത്തിന് തന്ത്രം, മന്ത്രം, പൂജ ഒക്കെ അറിയാമോ എന്നും പൊലീസ് റിമാന്‍റ് റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും രാഹുൽ ഈശ്വർ ഫേസ്ബുക്കിൽ കുറിച്ചു. ബ്രഹ്മശ്രീ കണ്ഠരര് രാജീവരോട് ബഹുമാനത്തോടെ പല കാര്യങ്ങളിലും വിയോജിക്കുന്നു വ്യക്തിയാണ് ഞാൻ. അദ്ദേഹവും ഞാനും പരസ്യമായി പല അവസരങ്ങളിലും അതിശക്തമായി പരസ്പര വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട്, പക്ഷേ ഈ കേസിൽ തന്ത്രിയെ ബലിയാടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ / രാഷ്ട്രീയ നഷ്ട്ടം നികത്താൻ ആരെങ്കിലും ശ്രമിക്കുകയാണോ എന്ന് സംശയിക്കുന്നുവെന്നും രാഹുൽ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണ്ണരൂപം
Police Remand Report ഞെട്ടിക്കുന്നതാണ് - "... ദേവന്റെ (അയ്യപ്പൻറെ) അനുജ്ഞ വാങ്ങാതെയും, താന്ത്രിക നടപടികൾ പാലിക്കാതെയും ആണ് 13 പ്രതി രാജീവ് തന്ത്രി ആചാര ലംഘനം ദേവസ്വം ബോർഡിൻറെ ശ്രദ്ധയിൽ പെടുത്താതയും, ക്ഷേത്രത്തിന്റെ ആചാരപരമായ കാര്യങ്ങളിൽ അന്തിമ തീരുമാനം എടുക്കേണ്ട തന്ത്രി... ദേവസ്വം ബോർഡിൻറെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 1 പ്രതി ഉണ്ണികൃഷ്ണ പോറ്റിക്കു മേല്പറഞ്ഞ കൈമാറുന്നത് തടയാൻ ഉള്ള നടപടികൾ എടുത്തില്ല, മൗനാനുവാദം നൽകി"
1) സ്വാമി അയ്യപ്പൻ പോലീസിന് മൊഴി കൊടുത്തോ ? ---- അയ്യപ്പൻറെ അനുമതി ഇല്ല എന്ന് ആര് പോലീസിനോട് പറഞ്ഞു.
2) ഇനി അയ്യപ്പൻറെ അനുമതി ഉണ്ട് എന്ന് തന്ത്രി പറഞ്ഞാൽ, ആ കാര്യം ഉയർത്തി അറസ്റ്റ് ചെയ്തൂടെ ? ---- "തന്ത്രി അയ്യപ്പൻറെ പേരിൽ അനുമതി കൊടുത്തു എന്ന് പോലീസിന് വാദിക്കാമല്ലോ"
3) ദേവസ്വം ബോർഡിൻറെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ആണ് എന്ന് പോലീസ് തന്നെ പറയുന്നു ---- പിന്നെ തന്ത്രി കൊടുത്തയക്കില്ല എന്ന് പറയണോ ??
4) താന്ത്രിക നടപടികൾ പാലിച്ചില്ല എന്ന് പറയാൻ SIT തന്ത്രം, മന്ത്രം, പൂജ ഒക്കെ അറിയാമോ ?
എന്തൊക്കെ കള്ളങ്ങൾ ആണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. തന്ത്രിയെ ബലിയാടാക്കി രാഷ്ട്രീയ ലാഭം ഉണ്ടാക്കാൻ / രാഷ്ട്രീയ നഷ്ട്ടം നികത്താൻ ആരെങ്കിലും ശ്രമിക്കുകയാണോ ?
ഹൈക്കോടതി ഇടപെടണം എന്ന് ഒരു അയ്യപ്പ വിശ്വാസി എന്ന നിലയിൽ പ്രാർത്ഥിക്കുന്നു.. സ്വാമി ശരണം
NOTE - ബ്രഹ്മശ്രീ കണ്ഠരര് രാജീവരോട് ബഹുമാനത്തോടെ പല കാര്യങ്ങളിലും വിയോജിക്കുന്നു വ്യക്തിയാണ് ഞാൻ. അദ്ദേഹവും ഞാനും പരസ്യമായി പല അവസരങ്ങളിലും അതിശക്തമായി പരസ്പര വിയോജിപ്പുകൾ പ്രകടിപ്പിച്ചിട്ടുണ്ട് (സാക്ഷാൽ ശബരിമല പ്രക്ഷോഭ കാലത്തു പോലും - മുത്തശ്ശി ദേവകി അന്തർജ്ജനം ആദ്യമായി ശബരിമല പ്രക്ഷോഭത്തിൽ പോലീസ് അറസ്റ്റ് വരിച്ചത് ബ്രഹ്മശ്രീ രാജീവ് അവർകൾക്കു ഇഷ്ടമായില്ല, അതിൽ അദ്ദേഹം എന്നെ വിമർശിക്കുകയും, എന്റെ പല പ്രക്ഷോഭ പരുപാടികളോട് എതിർപ്പുള്ള ആദരണീയനായ തന്ത്രിയുമാണ്. വിയോജിപ്പിലും അദ്ദേഹത്തിന്റെ വലിയ Stature മുന്നിൽ ആദരവോടെ കൈകൂപ്പുന്ന വ്യക്തിയാണ് ഞാൻ)
അതേസമയം ദ്വാരപാലക ശിൽപ്പ കേസിലും തന്ത്രിയെ പ്രതി ചേർക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നീക്കം. ഇതുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകും. ഇന്നലെ അറസ്റ്റ് രേഖപ്പെടുത്തിയത് കട്ടിളപ്പാളി കേസിലാണ്. തന്ത്രി ദേവസ്വം മാനുവൽ ലംഘനത്തിന് കൂട്ടു നിന്നെന്നും സ്വർണം ചെമ്പാക്കിയ മഹസ്സറില്‍ ഒപ്പിട്ടു, യുബി ഗ്രൂപ്പ് സ്വർണം പൂശിയതിതിൽ തന്ത്രിക്ക് വ്യക്തമായ അറിവുണ്ടെന്നുമുള്ള കാര്യങ്ങൾ എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. ദേവസ്വം മാന്വലിൽ തന്ത്രിയുടെ കടമകള്‍ വ്യക്തമാണെന്നും അസി.കമ്മീഷണർ റാങ്കിലുള്ള ഉദ്യോഗസ്ഥനുള്ള ഉത്തരവാദിത്വങ്ങള്‍ തന്ത്രിക്കുമുണ്ടെന്നും എസ്ഐടി വ്യക്തമാക്കി. ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് ഇതുവരെ 11 അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരിക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam