
തിരുവനന്തപുരം : രാഹുൽ ഈശ്വറിന് നൽകിയ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കോടതിയെ സമീപിച്ചു. രാഹുൽമാങ്കൂട്ടത്തിൽ കേസിലെ പരാതിക്കാരിയെ യൂട്യൂബ് ചാനലിലൂടെ വീണ്ടും അധിക്ഷേപിച്ചുവെന്നും ഇത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സൈബർ പോലീസിന്റെ നടപടി. ജാമ്യം റദ്ദാക്കാനായി കോടതിയിൽ അപേക്ഷ നൽകി.
യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട ബലാത്സംഗ കേസിൽ പരാതി നൽകിയ യുവതിയെ രാഹുൽ ഈശ്വർ തന്റെ യൂട്യൂബ് ചാനലിലൂടെ അധിക്ഷേപിച്ചതോടെയാണ് കേസെടുക്കുന്നതും രാഹുൽ ഈശ്വർ അറസ്റ്റിലാകുന്നതും. ഈ കേസിൽ ജാമ്യം അനുവദിച്ചപ്പോൾ, പരാതിക്കാരിക്കെതിരെ മോശം പരാമർശങ്ങൾ നടത്തരുതെന്ന് കോടതി കർശന നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ഈ വ്യവസ്ഥ ലംഘിക്കപ്പെട്ടുവെന്നാണ് പോലീസ് കോടതിയെ അറിയിച്ചത്. യുട്യൂബ് ചാനലിലൂടെ നടത്തിയ വീഡിയോ പരാമർശങ്ങൾ അതിജീവിതയുടെ അന്തസ്സിനെ ബാധിക്കുന്നതാണെന്നും അന്വേഷണത്തെ സ്വാധീനിക്കാൻ സാധ്യതയുള്ളതാണെന്നും പോലീസ് അപേക്ഷയിൽ പറയുന്നു. ജാമ്യം നൽകിയ കോടതിയിലാണ് പോലീസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ അത് റദ്ദാക്കാനുള്ള അധികാരം കോടതിക്കുണ്ട്. പോലീസിന്റെ അപേക്ഷ പരിഗണിച്ച് കോടതി ഉടൻ രാഹുൽ ഈശ്വറിന് നോട്ടീസ് അയക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam