
കണ്ണൂർ: കോൺഗ്രസ് നേതൃത്വവുമായി തനിക്ക് ശക്തമായ ബന്ധമുണ്ടെന്ന് തുറന്ന് പറഞ്ഞ് മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ കെവി തോമസ്. മാഡം ഗാന്ധിയും താനുമായി അന്നും ഇന്നും ശക്തമായ ബന്ധമുണ്ട്. എന്നാൽ പുതിയ നേതൃത്വവുമായി (രാഹുൽ ഗാന്ധി) ആ ബന്ധമില്ല. 2018 ഡിസംബറിന് ശേഷം തനിക്ക് രാഹുൽ ഗാന്ധിയെ കാണാൻ കഴിഞ്ഞിട്ടില്ല. തന്റെ മാത്രം കാര്യമല്ല ഇതെന്നും അദ്ദേഹം കണ്ണൂരിൽ ഏഷ്യാനെറ്റ് ന്യൂസിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു.
പല മുതിർന്ന കോൺഗ്രസ് നേതാക്കൾക്കും രാഹുൽ ഗാന്ധിയെ കാണാൻ കഴിയുന്നില്ല. എത്രയോ ദിവസങ്ങൾ കാത്തിരുന്നിട്ടും കാണാൻ കഴിയാത്ത സ്ഥിതിയുണ്ട്. തനിക്ക് ഏറ്റവും ബഹുമാനമുള്ള നേതാവാണ് സോണിയ ഗാന്ധി. രാഹുൽ എനിക്കെന്റെ മൂത്ത മകനെ പോലെയാണ്. രാഹുൽ ഗാന്ധി നാളെ പ്രധാനമന്ത്രിയായാൽ ഏറ്റവും സന്തോഷിക്കുന്നയാളായിരിക്കും താൻ. എന്നാൽ ചില കാര്യങ്ങളിൽ നിലപാടെടുക്കാതെ കഴിയില്ലെന്നും സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കാനുള്ള തീരുമാനത്തെ കുറിച്ച് കെവി തോമസ് പറഞ്ഞു.
താൻ കോൺഗ്രസുകാരനായി തുടരും. കോൺഗ്രസുകാരനായിരിക്കാൻ സ്ഥാനമാനങ്ങൾ ആവശ്യമില്ല. തന്റെ പാർലമെന്ററി ജീവിതം അവസാനിച്ചു. തൃക്കാക്കര തെരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന ചോദ്യം പ്രസക്തമല്ല. സി പി എമ്മിനോട് താൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. അവർ തനിക്ക് മുന്നിൽ ഒരു ഓഫറും വെച്ചിട്ടില്ല. സി പി എമ്മിന്റെ സംസ്ഥാന നേതൃത്വമല്ല, കേന്ദ്ര നേതൃത്വമാണ് പാർട്ടി കോൺഗ്രസിന്റെ ഭാഗമായ സെമിനാറിലേക്ക് തന്നെ ക്ഷണിച്ചതെന്നും അദ്ദേഹം പറഞ്ഞു.
താനൊരു ഗ്രൂപ്പിന്റെ ഭാഗമായിരുന്നെങ്കിൽ തന്നെയാരും തൊടില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്നെ പാർട്ടിക്കകത്ത് വളഞ്ഞിട്ട് ആക്രമിക്കുകയാണ്. താൻ ഗ്രൂപ്പിൽ നിന്നു മാറിയതാണ് പ്രശ്നം. കേരളത്തിലെ ഗ്രൂപ്പുകൾ ചേർന്ന് തന്നെ വളയുകയാണ്. ഞാനെന്ത് തെറ്റാണ് ചെയ്തത്? 2004 ൽ താൻ ഗ്രൂപ്പിൽ നിന്ന് മാറി. താൻ മാത്രമാണോ സംസ്ഥാനത്ത് കോൺഗ്രസ് പാർട്ടിയിൽ സ്ഥാനമാനങ്ങൾ വഹിച്ചത്? എന്നെക്കാൾ കൂടുതൽ സ്ഥാനം വഹിച്ചവരും തന്നേക്കാൾ പ്രായമുള്ളവരും പാർട്ടിയിൽ ഇല്ലേ? കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ തന്നെ കേരളത്തിൽ എവിടെയെങ്കിലും അക്കമൊഡേറ്റ് ചെയ്യണമെന്ന് സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടതാണ്. എവിടെയും സീറ്റ് തന്നില്ലെന്നും കെവി തോമസ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam