
വയനാട്: രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ച് തകർത്ത സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കേസില്‍ 19 എസ്എഫ്ഐ പ്രവർത്തകരെയാണ് പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്. എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റ് ജോയൽ ജോസഫ്, സെക്രട്ടറി ജിഷ്ണു ഷാജി എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തിൽ എസ്എഫ്ഐയിൽ അച്ചടക്കനടപടിയും വരും.
കടുത്ത അമർഷം രേഖപ്പെടുത്തിയ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് നടപടിക്ക് എസ്എഫ്ഐയോട് നിർദ്ദേശിച്ചിട്ടുണ്ട്. സമരം പാർട്ടി അറിയാതെയാണെന്നാണ് സിപിഎം വിശദീകരണം. എസ്എഫ്ഐ ജില്ലാ ഘടകത്തിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ ഉടൻ നടപടി എടുത്ത് വിവാദത്തിൽ നിന്നും തലയൂരാനാണ് എസ്എഫ്ഐ സംസ്ഥാന നേതൃത്വത്തിൻറെ ശ്രമം. ദേശീയതലത്തിൽ ബിജെപിക്കതിരെ രാഹുലും ഇടതുപാർട്ടികളും യോജിച്ചുള്ള പോരാട്ടം നടത്തുമ്പോൾ എസ്എഫ്ഐ അക്രമം വലിയ തിരിച്ചടിയായെന്നാണ് സിപിഎം വിലയിരുത്തൽ.
പ്രതിഷേധം കടുപ്പിക്കാൻ യുഡിഎഫ്
സംഭവത്തില്‍ പ്രതിഷേധിച്ച് വയനാട്ടിൽ ഇന്ന് യുഡിഎഫ് റാലിയും പ്രതിഷേധയോഗവും നടത്തും. ഉച്ചക്ക് രണ്ട് മണിക്ക് രാഹുല്‍ ഗാന്ധി എംപിയുടെ ഓഫീസ് പരിസരത്ത് നിന്നും ആയിരക്കണക്കിന് പേരെ അണിനിരത്തി റാലി നടത്താനാണ് തീരുമാനം. തുടര്‍ന്ന് കല്‍പ്പറ്റ ടൗണില്‍ പ്രതിഷേധയോഗവും നടത്തും. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, എം കെ രാഘവന്‍, കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് അഡ്വ. ടി സിദ്ദിഖ് അടക്കമുള്ള കോണ്‍ഗ്രസിന്റെയും യുഡിഎഫിന്റെയും സംസ്ഥാന നേതാക്കള്‍ റാലിയില്‍ പങ്കെടുക്കും.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച നടപടിയെ സംസ്ഥാനത്തും ദില്ലിയിലും വരെ വലിയ പ്രതിഷേധങ്ങൾക്കാണ് കാരണമായത്. കോണ്‍ഗ്രസ് ദേശീയ നേതാക്കള്‍ ഉൾപ്പടെയുള്ളവർ ആക്രമണത്തിന് എതിരെ രംഗത്ത് വന്നു. ഓഫീസ് ആക്രമണം ഭീരുത്വമെന്ന് രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ പ്രതികരിച്ചു. രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ ഏറ്റവും നീചമായ സ്ഥിതിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടും പ്രതികരിച്ചു. രാഷ്ട്രീയത്തിൽ അക്രമത്തിന് സ്ഥാനമില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിന്റെ പ്രതികരണം.