വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓഫീസ് തുറന്നു; ഭദ്രദീപം കൊളുത്തി ഉമ്മന്‍ചാണ്ടി

By Web TeamFirst Published Aug 28, 2019, 8:57 PM IST
Highlights

വയനാടിന്‍റെ പുനര്‍നിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വം ആണെന്നും അതിനായി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു. ഇന്ന് എട്ടിടങ്ങളിലാണ് രാഹുല്‍ സന്ദര്‍ശിച്ചത്

കല്‍പ്പറ്റ: വയനാട്ടില്‍ രാഹുല്‍ ഗാന്ധി എംപി ഓഫീസ് തുറന്നു. വയനാട് കൽപ്പറ്റയിലെ ഗൗതം കെട്ടിടത്തിലാണ് എംപി ഓഫീസ് പ്രവര്‍ത്തിക്കുക. ഓഫീസിന്റെ ഉദ്ഘാടന ചടങ്ങിൽ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഭദ്രദീപം തെളിയിച്ചു. മഴക്കെടുതി രൂക്ഷമായ വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ രാഹുല്‍ ഗാന്ധി ഇന്നലെയാണ് എത്തിയത്.

ഉരുള്‍പ്പൊട്ടലും കനത്ത മഴയും നാശം വിതച്ച സമയത്തും വയനാട്ടിലേക്ക് രാഹുല്‍ എത്തിയിരുന്നു. വയനാടിന്‍റെ പുനര്‍നിര്‍മാണം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവാദിത്വം ആണെന്നും അതിനായി രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരും ഒന്നിക്കണമെന്നും രാഹുല്‍ അഭ്യര്‍ത്ഥിച്ചു.

ഇന്ന് എട്ടിടങ്ങളിലാണ് രാഹുല്‍ സന്ദര്‍ശിച്ചത്. നാളെ കോഴിക്കേട്ടേക്കും പിന്നീട് മലപ്പുറം ജില്ലയിലേക്കും പോകും. ദുരിതബാധിത മേഖലകളില്‍ തനിക്ക് ചെയ്യാന്‍ സാധിക്കുന്നതെല്ലാം ചെയ്യുമെന്നും രാഹുല്‍ ജനങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. പ്രളയത്തില്‍ തകര്‍ന്ന വയനാട്ടിലെ റോഡുകള്‍ പുനര്‍നിര്‍മ്മിക്കാനും അറ്റക്കുറ്റപ്പണി ചെയ്യാനുമായി ഫണ്ട് അനുവദിക്കണം എന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്‍കരിക്ക് കത്തയച്ചിരുന്നു.

പ്രളയം ഏറ്റവും കൂടുതല്‍ ബാധിച്ചത് തന്‍റെ മണ്ഡലമായ വയനാടിനെയാണെന്നും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലും ദേശീയപാതയടക്കമുള്ള റോഡുകള്‍ തകരുകയും പിളര്‍ന്നു പോകുകയും ചെയ്തിട്ടുണ്ടെന്നും രാഹുൽ കത്തിൽ പറയുന്നു. ഈ സാഹചര്യത്തില്‍ റോഡുകളുടെ നവീകരണത്തിന് മുന്‍ഗണന നല്‍കണമെന്നാണ് രാഹുല്‍ ആവശ്യപ്പെടുന്നത്.

 

click me!