
തിരുവനന്തപുരം : നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍ സ്വാതന്ത്ര്യസമര സേനാനികളുടെ സ്മൃതി മണ്ഡപം ഉദ്ഘാടനം ചെയ്യാന്‍ രാഹുല്‍ ഗാന്ധിയെത്താതിരുന്നത് വിവാദമാകുന്നു. ഗാന്ധിയന്‍ ഗോപിനാഥന്‍നായരുടെയും കെഇ മാമന്‍റെയും ബന്ധുക്കളും കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരനും ശശി തരൂരും അടക്കമുള്ള നേതാക്കളും അടക്കം വന്‍ ജനക്കൂട്ടം എത്തിയിട്ടും മുന്നിലൂടെ ജാഥയില്‍ നടന്നു പോയ രാഹുല്‍ ഗാന്ധി എത്തിയില്ല. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതെന്ന് ശശി തരൂര്‍ തുറന്നുപറഞ്ഞു. നിംസ് എംഡിയോട് കെപിസിസി അദ്ധ്യക്ഷന്‍ ക്ഷമാപണം നടത്തുന്ന ദൃശ്യങ്ങളും ഏഷ്യാനെറ്റ്ന്യൂസിന് ലഭിച്ചു.
ഈയിടെ അന്തരിച്ച ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെയും കെഇ മാമന്‍റെയും സ്മൃതി മണ്ഡപമാണ് നെയ്യാറ്റിന്‍കര നിംസില്‍ നിര്‍മിച്ചത്. ഭാരത് ജോഡോ യാത്ര ഇതിന് മുന്നിലൂടെ കടന്നുപോകുമ്പോൾ രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യാനായിരുന്നു നേരത്തെയുണ്ടായിരുന്ന തീരുമാനം. ജാഥയുടെ വിവരങ്ങള്‍ അടങ്ങിയ വാര്‍ത്താക്കുറിപ്പിലും ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചിരുന്നു.
വൈകീട്ട് നാല് മണിക്ക് മുമ്പ് തന്നെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍, ശശി തരൂര്‍ എംപി, യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍, ഡിസിസി അദ്ധ്യക്ഷന്‍ പാലോട് രവി, വിഎസ് ശിവകുമാര്‍ തുടങ്ങിയ നേതാക്കളെത്തി. ഗോപിനാഥന്‍ നായരുടെ ഭാര്യയും കുടുംബാംഗങ്ങളും കെഇ മാമന്‍റെ കുടുംബാംഗങ്ങളും എത്തി. ജാഥ ഇതിന് മുന്നിലൂടെ കടന്നുപോയി. പക്ഷേ രാഹുല്‍ ഗാന്ധി എത്തിയില്ല. സംഭവം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് വലിയ നാണക്കേടായി. പറയാമെന്നല്ലാതെ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരന്‍ പറഞ്ഞത്. ഇത്തരം തീരുമാനങ്ങളാണ് വിശ്വാസ്യത ഇല്ലാതാക്കുന്നതാണെന്നും വിശ്വാസ്യതയെത്തന്നെ ബാധിക്കുമെന്നും ശശി തരൂരും തുറന്നടിച്ചു. മറ്റൊരു അവസരത്തില്‍ നന്നായി ചടങ്ങ് സംഘടിപ്പിക്കാമെന്ന് ഉറപ്പ് നല്‍കിയ കെ സുധാകരന്‍ ആശുപത്രി അധികൃതരോട് ക്ഷമ ചോദിക്കുകയും ചെയ്തു.
സ്വാതന്ത്ര്യ സമര സേനാനികളെ അപമാനിക്കുന്ന നടപടിയായിപ്പോയെന്നാണ് ചില കുടുംബാംഗങ്ങളും പറയുന്നത്. രാജീവ് ഗാന്ധിയുടെ ഫോട്ടോയ്ക്ക് പകരം രാഹുല്‍ ഗാന്ധിയുടെ ഫോട്ടോയ്ക്ക് മാലയിട്ട് നെയ്യാറ്റിന്‍കരയിലെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ കട ഉദ്ഘാടനം ചെയ്തത് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ചര്‍ചയായിരുന്നു. ഈ സംഭവമാണ് രാഹുല്‍ ഗാന്ധി പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ കാരണമെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം പറയുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam