
തൃശൂർ: വയനാട് കല്‍പ്പറ്റയില്‍ രാഹുല്‍ ഗാന്ധി എംപിയുടെ (Rahul Gandhi MP Office) ഓഫീസ് എസ്എഫ്ഐ (SFI) പ്രവർത്തകർ അടിച്ചു തകർത്തതിനെതിരെ കടുത്ത പ്രതിഷേധം ഉയർത്തി ടി എൻ പ്രതാപൻ എംപി. രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർത്തും ജീവനക്കാരെ കൈയ്യേറ്റം ചെയ്തും ഫയലുകൾ അലങ്കോലമാക്കിയും എസ്എഫ്ഐ ഗുണ്ടകൾ എന്ത് വിപ്ലവമാണ് സാധ്യമാക്കിയതെന്ന് ടി എൻ പ്രതാപൻ ചോദിച്ചു. ബിജെപിയും ആർഎസ്എസും രാജ്യത്ത് ഇന്നേറ്റവും കൂടുതൽ ആക്രമിക്കുകയും വേട്ടയാടുകയും ചെയ്യുന്ന പ്രതിപക്ഷ നേതാവാണ് രാഹുൽ ഗാന്ധി.
ഇഡി അടക്കമുള്ള ഏജൻസികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുന്നു. അപ്പോഴും സംഘ പരിവാറിനോട് തെല്ലും രാജിയാവില്ലെന്ന് ഉറച്ചുപറയുകയാണ് രാഹുൽ ചെയ്യുന്നത്. അങ്ങനെയൊരു നേതാവിനെയാണ് സിപിഎം അവഹേളിക്കുന്നത്. വയനാട്ടിലെ രാഹുൽ ഗാന്ധിയുടെ ഓഫീസ് തല്ലിത്തകർക്കാൻ എസ്എഫ്ഐ ഗുണ്ടകളെ പറഞ്ഞയച്ച മൂത്ത കമ്യുണിസ്റ്റുകൾക്ക് സംഘ പരിവാറുകാരെ നാഴികയ്ക്ക് നാൽപ്പതുവട്ടം സുഖിപ്പിച്ചോളാമെന്ന കരാർ പാലിക്കാനുണ്ടാവും. ആക്രമണം നടത്തിയവരെ വിവരംകെട്ട വർഗ്ഗം എന്നും ടി എൻ പ്രതാപൻ വിശേഷിപ്പിച്ചു.
ഇത്തരം ചെയ്തികൾ സിപിഎമ്മിനെ ജനമനസ്സുകളിൽ നിന്നകറ്റുമെന്ന് മുഖ്യമന്ത്രിക്കും പാർട്ടി നേതാക്കൾക്കും അറിയാം. എന്നിരുന്നാലും ചെയ്തുവെച്ച കുറ്റങ്ങൾക്കും തെറ്റുകൾക്കും അഴിമതിവകകൾക്കും കേന്ദ്ര സർക്കാരിന്റെ സംരക്ഷണം കിട്ടാൻ പാർട്ടി നശിച്ചാലും വേണ്ടില്ലെന്നാണ് നിനക്കുന്നതെങ്കിൽ കേരളം പാഠം പഠിപ്പിക്കുമെന്നം പ്രതാപൻ ഫേസ്ബുക്കിൽ കുറിച്ചു. സ്ഥലകാല ബോധവും ബുദ്ധിയും നഷ്ട്ടപ്പെട്ട എസ്എഫ്ഐ തെമ്മാടികൾ പിണറായിക്ക് വേണ്ടി മോദിയെ സുഖിപ്പിക്കാൻ കാണിച്ച തോന്നിവാസമാണ് രാഹുൽ ഗാന്ധിയുടെ ഓഫീസിൽ നടന്ന ഗുണ്ടായിസമെന്നാണ് ഷാഫി പറമ്പിൽ പറഞ്ഞത്. ഇതിന് മാപ്പില്ലെന്നും ജനാധിപത്യ പ്രതിരോധം തീർക്കുമെന്നും ഷാഫി വ്യക്തമാക്കി.
സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിക്കും. മോദിക്കെതിരെ സമരം ചെയ്യാൻ മുട്ട് വിറക്കുന്ന സിപിഎമ്മും കുട്ടി സഖാക്കളും കാണിച്ച തെമ്മാടിത്തരത്തിൽ യെച്ചൂരിയുടെ നിലപാട് അറിയണം. രണ്ട് മുദ്രാവാക്യം വിളിച്ചതിന് വധശ്രമത്തിന് കള്ളക്കേസെടുത്ത പിണറായുടെയും സംഘത്തിന്റെയും മോദി പ്രീണനമാണ് കൽപറ്റയിൽ കണ്ടതെന്നും ഷാഫി പറഞ്ഞു. കേരളത്തിൽ സമ്പൂർണ്ണ അരാജകത്വമാണെന്നാണ് സംഭവത്തോടുള്ള യൂത്ത് കോൺഗ്രസിന്റെ പ്രതികരണം. കേരളത്തിലെ ഇടതു രാഷ്ട്രീയത്തിൻറെ തീവ്ര സ്വഭാവം ഇതോടെ വെളിവായി. കേരള സർക്കാർ എന്തുകൊണ്ട് ഗുണ്ടായിസം പ്രോത്സാഹിപ്പിക്കുന്നു.
ആക്രമണത്തിൽ എസ് എഫ് ഐയെ തള്ളിപ്പറഞ്ഞ് മുഖ്യമന്ത്രിയടക്കമുള്ളവർ
ഗുണ്ടകളെ ജയിലിൽ അടയ്ക്കണം എന്നും യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടു. ബഫര്‍സോണ്‍ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലെന്ന് ആരോപിച്ചായിരുന്നു എസ്എഫ്ഐയുടെ അതിക്രമം. ഓഫീസിലേക്ക് പ്രവര്‍ത്തകര്‍ തള്ളിക്കയറി സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. പ്രവര്‍ത്തകര്‍ ഓഫീസിലേക്ക് തള്ളി കയറിയതോടെ പൊലീസ് ലാത്തിവീശി. എംപിയുടെ ഓഫീസിന്‍റെ ഷട്ടറുകൾക്ക് കേടുപാടുണ്ട്. രാഹുല്‍ ഗാന്ധിയുടെ ഓഫീസ് സ്റ്റാഫ് അഗസ്റ്റിന്‍ പുല്‍പ്പള്ളിയെ മര്‍ദ്ദിച്ചതായി കോണ്‍ഗ്രസ് ആരോപിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ പറഞ്ഞയച്ചത് സിപിഎം ആണെന്നാണ് ഡിസിസി പ്രസിഡന്‍റിന്‍റെ ആരോപണം. ആക്രമണത്തിന് പൊലീസ് ഒത്താശയുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
രാഹുല്‍ ഗാന്ധിയുടെ ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. പരിസ്ഥിതി ദുർബലമേഖലയിലെ ബഫര്‍ സോണുമായി ബന്ധപ്പെട്ട് കേരളത്തിലെ കര്‍ഷകരുടെ ആശങ്കകള്‍ രാഹുല്‍ ഗാന്ധി ഇന്നലെ ചർച്ച ചെയ്തിരുന്നു. മലബാറിൽ നിന്നുള്ള എംഎൽഎമാരുമായി ചർച്ച നടത്തിയ രാഹുൽ ഗാന്ധി, വയനാട്ടിലെ സാഹചര്യം വിലയിരുത്തിയിരുന്നു. നിർദ്ദേശത്തിൽ ഭേദഗതിക്ക് വേണ്ടി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും രാഹുൽ ഗാന്ധി അറിയിച്ചിരുന്നു. ബഫര്‍ സോണുമായി ബന്ധപ്പെട്ട് വലിയ പ്രതിഷേധങ്ങളാണ് കേരളത്തിൽ ഉയർന്നിട്ടുള്ളത്. ബഫർ സോൺ കൂടുതൽ ബാധിക്കുന്ന വയനാട്, ഇടുക്കി അടക്കമുള്ള ജില്ലകളിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ ഹർത്താൽ നടത്തിയിരുന്നു. സംരക്ഷിത വനമേഖലക്ക് ചുറ്റും ഒരുകിലോമീറ്റർ പരിസ്ഥിതിലോലമാക്കിയ സുപ്രീംകോടതി ഉത്തരവിൽ പ്രതിഷേധിച്ചാണ് ഹർത്താൽ നടന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam