
തിരുവനന്തപുരം: രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്എഫ്ഐ നടപടിയിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചതോടെ പൂര്‍ണമായും പ്രതിരോധത്തിലായി സിപിഎം. വയനാട് ജില്ലാ കമ്മിറ്റിക്കെതിരെ നടപടി എടുത്ത് തൽക്കാലം തടിയൂരാനുള്ള നീക്കങ്ങൾ ഒരുവശത്ത് നടക്കുമ്പോൾ തന്നെ സംഭവത്തിൽ രാഷ്ട്രീയ നിലപാട് വ്യക്തമാക്കാൻ നിര്‍ബന്ധിതരാവുകയുമാണ് സിപിഎം. മറ്റന്നാൾ നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ വയനാട്ടിലെ എഫ്എഫ്ഐ നടപടി പ്രതിപക്ഷത്തിന് കിട്ടിയ പെനാൾട്ടി കിക്കായി.
മുഖ്യമന്ത്രിക്കും സര്‍ക്കാരിനും എതിരായ സ്വര്‍ണക്കടത്ത് ആക്ഷേപമുന്നയിച്ച് പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചപ്പോഴെല്ലാം രാഹുൽ ഗാന്ധിയെ ഇഡി വേട്ടയാടുന്നത് കണ്ടില്ലേ എന്ന് ചോദിച്ച സിപിഎമ്മിനാണ് വയനാട് ആക്രമണത്തോടെ വാക്ക് നഷ്ടപ്പെട്ടത്. മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ നടന്ന ആക്രമണ ശ്രമവും സ്വർണക്കടത്ത് ആക്ഷേപങ്ങളിലെ പൊള്ളത്തരവും ജനകീയ ക്യാമ്പെയിനിലൂടെ പ്രതിരോധിച്ച് പിടിച്ച് നിൽക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. ഇതിനിടയിലാണ് ജനാധിപത്യ മര്യാദകൾ പോലും ലംഘിച്ച എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റിയുടെ നടപടി പാര്‍ട്ടിയെയും സര്‍ക്കാരിനെയും അക്ഷരാർത്ഥത്തിൽ പ്രതിരോധത്തിലാക്കിയത്. സീതാറാം യെച്ചൂരിയും പിണറായി വിജയനും ഉൾപ്പെടെ അക്രമത്തെ അപലപിച്ചു.
വിമാനത്തിലെ പ്രതിഷേധം കോൺഗ്രസ് അറിഞ്ഞെങ്കിൽ രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം സിപിഎം നേതൃത്വം അറിയാതിരിക്കുന്നത് എങ്ങനെയെന്ന മറുചോദ്യം ഉന്നയിക്കുകയാണ് പ്രതിപക്ഷം. ഇതോടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കേണ്ട ബാധ്യത സിപിഎമ്മിനായി. രാഹുൽ ഗാന്ധിക്കെതിരായ ഇഡി നടപടിയെ ഇതിനോട് കൂട്ടിക്കെട്ടിആക്രമണം കടുപ്പിക്കുകയാണ് പ്രതിപക്ഷത്തെ നേതാക്കൾ. സംഘപരിവാര്‍ അന്തര്‍ധാരയെന്ന ആരോപണം സിപിഎമ്മിനുണ്ടാക്കിയ ബാധ്യതയും വലുതാണ്. ഇതിനെല്ലാം ഇടയിലാണ് മറ്റന്നാൾ നിയമസഭാ സമ്മേളനം ആരംഭിക്കുന്നത്. സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷ പ്രതിഷേധം ആളിപ്പടരുമെന്ന് ഉറപ്പാണ്.