നേതാക്കളെ നിർത്തിപ്പൊരിച്ച് രാഹുൽ ഗാന്ധി, മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ ഇപ്പോഴത്തെ അന്തരീക്ഷത്തിൽ സാധിക്കില്ല, ശക്തി പ്രകടനങ്ങൾക്ക് രൂക്ഷ വിമർശനം

Published : May 09, 2026, 08:10 PM IST
rahul rc vd kc

Synopsis

മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങളിൽ രാഹുൽ ഗാന്ധി നേതാക്കൾക്ക് കർശന താക്കീത് നൽകി. ഇപ്പോഴത്തെ സാഹചര്യത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കമാൻഡ്, ശക്തിപ്രകടനങ്ങൾ അവസാനിപ്പിക്കാൻ ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ പ്രവർത്തകരോട് ഐക്യത്തിന് ആഹ്വാനം ചെയ്തു

ദില്ലി: കേരളത്തിലെ മുഖ്യമന്ത്രി പദത്തെ ചൊല്ലി കോൺഗ്രസിനുള്ളിൽ ഉടലെടുത്ത വിഭാഗീയത തെരുവിലേക്ക് ശക്തിപ്രകടനമായി പടർന്നതിൽ നേതാക്കളെ നിർത്തിപ്പൊരിച്ച് മുൻ അധ്യക്ഷനും ലോക്സഭ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി. മുഖ്യമന്ത്രി സ്ഥാനത്തിനായി അരയും തലയും മുറുക്കി രംഗത്തുള്ള എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, നിലവിലെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, മുൻ പ്രതിപക്ഷ നേതാവും മുതിർന്ന നേതാവുമായ രമേശ് ചെന്നിത്തല എന്നിവർക്കായിരുന്നു രാഹുലിന്‍റെ രൂക്ഷ വിമർശനം. കേരള മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ദില്ലിയിൽ എ ഐ സി സി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖർഗെയുടെ വസതിയിൽ ഈ മൂന്ന് പേരുമായി നടത്തിയ യോഗത്തിലാണ് രാഹുൽ കടുപ്പിച്ചത്. നേതാക്കൾക്ക് പറയാനുള്ളത് മുഴുവൻ കേട്ട രാഹുൽ, ഇപ്പോഴത്തെ അന്തരീക്ഷത്തിൽ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയില്ലെന്ന് അറിയിച്ചു. ശക്തിപ്രകടനം അവസാനിപ്പിക്കാനാകുമോയെന്ന് ഹൈക്കമാൻഡ് ഒന്നടങ്കം ചോദിച്ചു. ശക്തിപ്രകടനം അവസാനിപ്പിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുമെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി. പ്രശ്‌നം പരിഹരിക്കണമെന്നും അതിന് ശേഷം മാത്രമാകും പ്രഖ്യാപനമെന്നും ഖർഗെ വ്യക്തമാക്കി. ഇതോടെയാണ് യോഗം കഴിഞ്ഞ് പുറത്തിറങ്ങിയ നേതാക്കൾ ഒന്നിച്ച് ഐക്യത്തിന് ആഹ്വാനം ചെയ്തത്.

പ്രവർത്തകരെ വേദനിപ്പിക്കരുത്

ഇതിന് പിന്നാലെ മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള വിഭാഗീയത തെരുവിലേക്ക് പടരുന്നതിനെതിരെ കർശന നിലപാടുമായി കെ സി വേണുഗോപാൽ, വി ഡി സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഒന്നിച്ച് രംഗത്തെത്തി. പ്രവർത്തകർ ആർക്കും വേണ്ടി പ്രകടനങ്ങൾ നടത്തരുതെന്നും ഇത്തരം നടപടികൾ സാധാരണക്കാരായ കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കുന്നതാണെന്നും മുഖ്യമന്ത്രി സ്ഥാനത്തിനായി രംഗത്തുള്ള ഈ 3 നേതാക്കളും ഒന്നിച്ച് വ്യക്തമാക്കി. പാർട്ടിയിൽ കടുത്ത വിഭാഗീയതയുണ്ടെന്ന രീതിയിലുള്ള പ്രചരണങ്ങൾക്ക് ഇത്തരം പ്രകടനങ്ങൾ വഴിമരുന്നിടും. അതിനാൽ ഇനി ഒരിടത്തും ഒരു തരത്തിലുള്ള പ്രകടനങ്ങളും പാടില്ലെന്ന് നേതാക്കൾ പ്രവർത്തകരോട് അഭ്യർത്ഥിച്ചു. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സുകൾ ഇന്ന് തന്നെ എടുത്തു മാറ്റണമെന്നും ആർക്കും അനുകൂലമായി തെരുവിൽ ഇറങ്ങരുതെന്നും നേതാക്കൾ നിർദ്ദേശിച്ചു. നേതാക്കളെ ഇഷ്ടപ്പെടുന്നതിൽ തെറ്റില്ല, എന്നാൽ അത് മറ്റുള്ളവരെ അപമാനിക്കുന്ന രീതിയിലേക്ക് മാറരുത്. ജനങ്ങൾക്ക് മുൻപിൽ പാർട്ടിക്ക് മോശമായ ഒരു ചിത്രം ഉണ്ടാക്കാൻ നിലവിലെ സംഭവങ്ങൾ കാരണമായിട്ടുണ്ടെന്നും കെ സിയും ആർ സിയും വി ഡിയും ഒന്നിച്ച് ഓർമ്മിപ്പിച്ചു. പാർട്ടിയാണ് വലുതെന്നും ജനങ്ങളാണ് പരമപ്രധാനമെന്നും വ്യക്തമാക്കിയ നേതാക്കൾ, തെരുവിലെ പോരുകൾ ഇന്നത്തോടുകൂടി അവസാനിപ്പിക്കണമെന്നും ഒരേസ്വരത്തിൽ ആവശ്യപ്പെട്ടു. എല്ലാ ഫ്ലക്സുകളും ഇന്ന് തന്നെ എടുത്തുമാറ്റണമെന്നും നേതാക്കൾ വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'പ്രവർത്തകരെ വേദനിപ്പിക്കരുത്', ഒന്നിച്ച് ഐക്യത്തിന് ആഹ്വാനം ചെയ്ത് കെസി, ആർസി, വിഡി; 'ഇനി പ്രകടനങ്ങൾ പാടില്ല, ഇന്ന് തന്നെ എല്ലാ ഫ്ലക്സുകൾ നീക്കണം'
വല്ലാത്ത സ്നേഹം! വിഡിക്കുവേണ്ടി ഇരിട്ടി ടൗണിലെ റോഡിലുരുണ്ട് കോണ്‍ഗ്രസ് പ്രവർത്തകൻ, മുഖ്യമന്ത്രിയാവട്ടെ എന്ന പ്ലക്കാർഡുമായി ശയനപ്രദർശനം