10,000 കുടുംബങ്ങള്‍ക്ക് അവശ്യകിറ്റുകള്‍: വയനാടിന് സാന്ത്വനമായി രാഹുല്‍ ഗാന്ധി

By Web TeamFirst Published Aug 16, 2019, 12:48 PM IST
Highlights

അഞ്ച് കിലോ അരി, പയര്‍, പരിപ്പ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകളാണ് ഓരോ കുടുംബത്തിനും വിതരണം ചെയ്യുന്നത്. നിലവില്‍ പതിനായിരം കുടുംബങ്ങള്‍ക്കുളള സാധനങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലയിലെത്തിയിട്ടുണ്ട്.

കല്‍പ്പറ്റ: വയനാട് മണ്ഡലത്തിലെ പ്രളയ ബാധിതര്‍ക്ക് അരിയടക്കമുളള അവശ്യസാധനങ്ങളെത്തിച്ച് രാഹുല്‍ ഗാന്ധി. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സമാഹരിച്ച് വയനാട്ടിലെത്തിച്ച അവശ്യസാധനങ്ങള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ദുരിതാശ്വസ ക്യാംപുകളില്‍ എത്തിച്ചു തുടങ്ങിയിട്ടുണ്ട്. 

50,000 കിലോ അരിയും മറ്റ് അവശ്യ സാധനങ്ങളുമാണ് വയനാട് മണ്ഡലത്തിലെ വിവിധ ക്യാംപുകളില്‍ വിതരണം ചെയ്യുന്നത്. അഞ്ച് കിലോ അരി, പയര്‍, പരിപ്പ് തുടങ്ങിയ അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുന്ന കിറ്റുകളാണ് ഓരോ കുടുംബത്തിനും വിതരണം ചെയ്യുന്നത്. നിലവില്‍ പതിനായിരം കുടുംബങ്ങള്‍ക്കുളള സാധനങ്ങള്‍ എത്തിയിട്ടുണ്ട്. 

കഴിഞ്ഞയാഴ്ച വയനാട്ടിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ച രാഹുല്‍ ദുരിതബാധിതര്‍ക്ക് പരമാവധി സഹായമെത്തിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇതിനു പിന്നാലെ പുതപ്പും, തണുപ്പകറ്റാനുളള മറ്റു വസ്ത്രങ്ങളും മണ്ഡലത്തിലെത്തി. അടുത്ത ഘട്ടമായി ശുചീകരണത്തിനുളള വിവിധ സാമഗ്രികള്‍ വിതരണം ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. അടുത്തയാഴ്ച രാഹുല്‍ ഗാന്ധി വീണ്ടും വയനാട് മണ്ഡലത്തിലെ പ്രളയബാധിത മേഖലകള്‍ സന്ദര്‍ശിക്കുന്നുണ്ട്. 

click me!