സ്ഥാനാര്‍ത്ഥികളിൽ ഭൂരിപക്ഷം പുതുമുഖങ്ങളാവണമെന്ന് രാഹുൽ, നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി വേണമെന്ന് എൻഎസ്എസ്

Published : Jan 18, 2021, 05:29 PM ISTUpdated : Jan 18, 2021, 05:32 PM IST
സ്ഥാനാര്‍ത്ഥികളിൽ ഭൂരിപക്ഷം പുതുമുഖങ്ങളാവണമെന്ന് രാഹുൽ, നേതൃത്വത്തിൽ ഉമ്മൻ ചാണ്ടി വേണമെന്ന് എൻഎസ്എസ്

Synopsis

 നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടേയും മുന്നണിയുടേയും നേതൃസ്ഥാനത്ത് ഉമ്മൻ ചാണ്ടി വരണമെന്ന് എൻഎസ്എസ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് സൂചന. 

ദില്ലി: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ പാ‍ർട്ടിയുടേയും മുന്നണിയുടേയും കടിഞ്ഞാണ്‍ ഏറ്റെടുത്ത് കോണ്‍ഗ്രസ് ഹൈക്കമാൻഡ്. പത്ത് വ‍ര്‍ഷത്തിനിടെ രാജ്യത്തെ അനവധി സംസ്ഥാനങ്ങളിൽ കോണ്‍ഗ്രസിന് അധികാരം നഷ്ടമായ സാഹചര്യത്തിൽ എല്ലാ അഭിപ്രായ ഭിന്നതയും മാറ്റിവച്ച് കേരളത്തിൽ യുഡിഎഫിൻ്റെ വിജയം ഉറപ്പാക്കാനായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുക എന്ന വ്യക്തമായ സന്ദേശമാണ് സംസ്ഥാന നേതൃത്വത്തിന് ഹൈക്കമാൻഡ് നൽകിയിരിക്കുന്നത്. 

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളിൽ ഭൂരിപക്ഷവും പുതുമുഖങ്ങളും യുവാക്കളും വനിതകളുമായിരിക്കണമെന്ന് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും ഇന്ന് സംസ്ഥാന നേതാക്കളോട് നേരിട്ട് ആവശ്യപ്പെട്ടു. ഗ്രൂപ്പ് പരിഗണനകൾ മാറ്റിവച്ച് എല്ലാ മണ്ഡലത്തിലും ഏറ്റവും വിജയസാധ്യതയുള്ള സ്ഥാനാ‍ര്‍ത്ഥിയെ നിശ്ചയിക്കണമെന്നും ദേശീയ നേതൃത്വം സംസ്ഥാന നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. 

ദില്ലിയില്ലെത്തിയ രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻ ചാണ്ടി എന്നിവരുമായി കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവറിൻ്റെ സാന്നിധ്യത്തിലാണ് ഹൈക്കമാൻഡ് നേതാക്കൾ ച‍ര്‍ച്ച നടത്തിയത്. നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാൻ ഉമ്മൻ ചാണ്ടി അധ്യക്ഷനായി പ്രത്യേക സമിതിക്ക് ഹൈക്കമാൻഡ് രൂപം നൽകിയിട്ടുണ്ട്.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ, എഐസിസി സെക്രട്ടറിമാരായ താരിഖ് അൻവ‍ര്‍, കെസി വേണുഗോപാൽ, കെ സുധാകരൻ, കെ മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, വിഎം സുധീരൻ എന്നിവരാണ് മേൽനോട്ടസമിതിയിലുള്ളത്. തിരുവനന്തപുരം എംപി ശശി തരൂരിനെ കൂടി സമിതിയിൽ ഉൾപ്പെടുത്തുന്ന കാര്യം ഹൈക്കമാൻഡ് പരിഗണിക്കുന്നുണ്ട്.  നിയമസഭാ തെരഞ്ഞെടുപ്പിൽ പാര്‍ട്ടിയുടേയും മുന്നണിയുടേയും നേതൃസ്ഥാനത്ത് ഉമ്മൻ ചാണ്ടി വരണമെന്ന് എൻഎസ്എസ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു എന്നാണ് സൂചന. 

മുഖ്യമന്ത്രി സ്ഥാനാ‍ര്‍ത്ഥിയെ ചൊല്ലി ഒരു തരത്തിലുള്ള വിവാദങ്ങളും പാടില്ലെന്ന കര്‍ശന മുന്നറിയിപ്പും ഹൈക്കമാൻഡ് നേതാക്കൾക്ക് നൽകിയിട്ടുണ്ട്. കൂട്ടായ നേതൃത്വത്തിന് കീഴിൽ മുന്നണിയും പാര്‍ട്ടിയും തെരഞ്ഞെടുപ്പിനെ നേരിടണമെന്നും തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് ജയിച്ച ശേഷം മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയുടെ കാര്യത്തിൽ തീരുമാനമെടുക്കാമെന്നുമാണ് ഹൈക്കമാൻഡിൻ്റെ നിലപാട്. 

PREV
click me!

Recommended Stories

'ബസ്സിൽ തുടങ്ങി സൗഹൃദം, 'അങ്കിളിന്റെ' പെരുമാറ്റം ഹൃദ്യമായിരുന്നു'; ചതി അറിഞ്ഞില്ല, അക്ഷർധാമിൽ ഫോണും വാച്ചുമടക്കം 1.8 ലക്ഷത്തിന്റെ മുതൽ കവര്‍ന്നു
സുരേഷ് ഗോപിക്കെതിരെ മന്ത്രി ആര്‍ ബിന്ദു; 'നുണകള്‍ മാത്രം പ്രചരിപ്പിക്കാൻ മണ്ഡലത്തിലേക്ക് എത്തുന്ന എംപിയായി മാറി'