
ദില്ലി: വയനാട് മണ്ഡലത്തിൽ രാഹുൽ ഗാന്ധി മത്സരിക്കുമോയെന്ന വാര്‍ത്തകളിൽ പ്രതികരണവുമായി എഐസിസി വൃത്തങ്ങൾ. മണ്ഡലം മാറുന്നുവെന്ന സൂചന രാഹുൽ ഗാന്ധി ഇതുവരെ നൽകിയിട്ടില്ലെന്നാണ് എഐസിസി നേതൃത്വത്തിൽ നിന്ന് ലഭിച്ച വിവരം. വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ രാഹുൽ ഗാന്ധിയുടെ പ്രതികരണത്തിന് കാക്കുകയാണെന്നും എഐസിസി നേതാക്കൾ അറിയിച്ചു. വയനാട് സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പമെന്ന റിപ്പോർട്ടുകളോടാണ് പ്രതികരണം. രാഹുൽ ഗാന്ധി ഇക്കുറി കർണ്ണാടകയിൽ നിന്നോ തെലങ്കാനയിൽ നിന്നോ മത്സരിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്.
അമേഠിയിൽ തിരിച്ചടിയുണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ടാണ് 2019 ൽ രണ്ട് സീറ്റുകളിൽ രാഹുൽ ഗാന്ധി മത്സരിച്ചത്. അമേഠിയിൽ സ്മൃതി ഇറാനിയോട് തോറ്റപ്പോൾ വയനാട്ടിൽ 4,31,770 എന്ന മൃഗീയ ഭൂരിപക്ഷത്തിന് അദ്ദേഹം ജയിച്ചു. സിപിഐയിലെ പിപി സുനീറായിരുന്നു എതിരാളി. കഴിഞ്ഞ തവണ തന്നെ രാഹുൽ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വത്തെ സിപിഐയും ഇടതുമുന്നണിയും അതിരൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബിജെപിക്കെതിരെ പൊരുതാനാണ് രാഹുൽ ഗാന്ധി തയ്യാറാകേണ്ടതെന്നായിരുന്നു പ്രധാന വിമര്‍ശനം.
ബിജെപിക്കെതിരെ സിപിഐയും സിപിഎമ്മും കൂടെ ഭാഗമായ ഇന്ത്യ മുന്നണിയെ നയിക്കുന്നത് കോൺഗ്രസാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ പല സംസ്ഥാനങ്ങളിലും സഖ്യമുണ്ടാക്കാനുള്ള ശ്രമം തുടരുന്ന കോൺഗ്രസ്, കേരളത്തിൽ സഖ്യമുണ്ടാകില്ലെന്ന് വ്യക്തമാക്കിയതാണ്. എന്നാൽ തങ്ങളുടെ ദേശീയ നേതാവായ ആനി രാജയെ ഇറക്കി വയനാട്ടിൽ രാഷ്ട്രീയമായി തന്നെ കോൺഗ്രസിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ് സിപിഐ. ഇതോടെ ഇന്ത്യ മുന്നണിയിലെ കക്ഷിയുടെ പ്രധാന നേതാവിനെതിരെ രാഹുൽ ഗാന്ധി മത്സരിക്കുന്ന സ്ഥിതിയുണ്ടായാൽ ബിജെപി അത് രാഷ്ട്രീയമായി തന്നെ ആയുധമാക്കും. ബിജെപിക്കെതിരെയാണ് അല്ലാതെ തങ്ങൾക്കെതിരെയല്ല രാഹുൽ ഗാന്ധി മത്സരിക്കേണ്ടതെന്ന ഇടത് നിലപാടിനോടും കോൺഗ്രസിന് മറുപടി പറയേണ്ടി വരും. അതേസമയം എപി അബ്ദുള്ളക്കുട്ടിയെയാണ് വയനാട്ടിൽ എൻഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി പരിഗണിക്കുന്നത്. ബിജെപി ദേശീയ വൈസ് പ്രസിഡന്റാണ് എപി അബ്ദുള്ളക്കുട്ടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam