രാത്രി യാത്രാ നിരോധനം : സമരം പത്താംദിവസത്തിലേക്ക്, സമരവേദിയില്‍ ഇന്ന് രാഹുല്‍ എത്തും

By Web TeamFirst Published Oct 4, 2019, 6:35 AM IST
Highlights

സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ നിരാഹാരമിരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില തീരെ മോശമായിരിക്കുകയാണ്.
 

ബത്തേരി: വയനാട്ടിലെ യാത്രാ നിരോധനത്തിനെതിരായ നാട്ടുകാരുടെ സമരവേദിയിൽ രാഹുൽ ഗാന്ധി ഇന്ന് എത്തും. രാവിലെ ഒന്‍പത് മണിയോടെ ബത്തേരിയിലെ സമരപന്തലിൽ എത്തുന്ന രാഹുൽ ഒരു മണിക്കൂറോളം സമരക്കാരോടൊപ്പം ചിലവഴിക്കും. സമരത്തിന്‍റെ ഭാവിയെകുറിച്ച് നിർണായക തീരുമാനങ്ങള്‍ രാഹുല്‍ഗാന്ധിയുടെ സന്ദർശനവേളയില്‍ പ്രഖ്യാപിക്കുമെന്നാണ് സംഘാടകർ നല്‍കുന്ന സൂചന. തുടർന്ന് കളക്ടറേറ്റിൽ നടക്കുന്ന ജില്ലാ വികസന സമിതിയുടെ യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുക്കുന്നുണ്ട്. സമരം പത്താം ദിവസത്തിലേക്ക് കടന്നതോടെ നിരാഹാരമിരിക്കുന്ന യുവ നേതാക്കളുടെ ആരോഗ്യനില തീരെ മോശമായിരിക്കുകയാണ്.

ഇന്നലെ സമരത്തിന് ഐക്യദാർഢ്യവുമായി നൂറുകണക്കിനുപേർ സമരപന്തലിലേക്കെത്തിയിരുന്നു. നാട്ടുകാരടക്കം നിരവധി പേർ ഉപവാസമിരുന്നു. കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും, ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. ശ്രീധരന്‍ പിള്ളയും ഇന്നലെ സമരവേദിയിലെത്തി പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഒക്ടോബർ 14 നു തങ്ങള്‍ക്ക് അനുകൂലമായി കേന്ദ്ര സർക്കാർ സുപ്രീംകോടതിയിൽ സത്യവാങ്മൂലം സമർപ്പിക്കുമെന്നാണ് സമരക്കാരുടെ പ്രതീക്ഷ. അതിന് മുമ്പ് കേന്ദ്ര സംസ്ഥാന നേതാക്കളെ സമരപന്തലിലെത്തിച്ച് സമരത്തിന് പിന്തുണ വിപുലമാക്കാനാണ് ശ്രമം. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാതയിലൂടെയുള്ള രാത്രിയാത്രയ്ക്ക് കഴിഞ്ഞ പത്ത് വര്‍ഷമായി നിരോധനം നിലനില്‍ക്കുകയാണ് യാത്രനിയന്ത്രണം കൂടുതല്‍ ശക്തമാക്കാനും പകല്‍ സമയത്തേക്ക് നീട്ടാനുമുള്ള സാധ്യത സുപ്രീംകോടതി ആരാഞ്ഞതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് വയനാട്ടില്‍ നടക്കുന്നത്.  

click me!