കാലിക്കറ്റ്, എം.ജി., നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലകളിലെ ഗവേഷകർ പരിസ്ഥിതി സൗഹൃദ നാനോ സിൽവർ ഉപയോഗിച്ച് വികസിപ്പിച്ചെടുത്ത നവീന ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ് പൗഡറിന് പേറ്റൻ്റ് ലഭിച്ചു.  

കോഴിക്കോട് : കാലിക്കറ്റ്, എം.ജി. സർവകലാശാലകളിലെയും നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാലയിലെയും ഗവേഷകർ പരിസ്ഥിതി സൗഹൃദ രീതിയിൽ നിർമിച്ച നാനോ സിൽവർ ഉപയോഗിച്ച് വികസിപ്പിച്ച നവീന ഡി.എൻ.എ. ഫിംഗർപ്രിന്റിംഗ് പൗഡറിനും അനുബന്ധ സാങ്കേതികവിദ്യക്കും പേറ്റൻ്റ് ലഭിച്ചു. ഒരു വ്യക്തി ഒരു വസ്തുവിനെ സ്പർശിക്കുമ്പോൾ അവിടെ കണ്ണാൽ കാണാനാകാത്ത ചെറുതായ ത്വക്ക് കോശങ്ങൾ അവശേഷിക്കും. ഇതിലടങ്ങിയിരിക്കുന്ന ഡി.എൻ.എ. കണ്ടെത്തുന്ന രീതിയെയാണ് ടച്ച് ഡി.എൻ.എ. എന്ന് വിളിക്കുന്നത്. പരിസ്ഥിതി സൗഹൃദമായ നാനോ-സിൽവർ ഘടകങ്ങൾ ഉപയോഗിച്ച് വികസിപ്പിച്ച പ്രത്യേക ഡി.എൻ.എ ഫിംഗർപ്രിന്റിംഗ് പൗഡർ വഴി ഇത്തരം അദൃശ്യ ഡി.എൻ.എ. തെളിവുകൾ കൂടുതൽ കൃത്യതയോടെ കണ്ടെത്താൻ കഴിയുന്ന പുതിയ സാങ്കേതികവിദ്യയണിത്.

വിരലടയാളങ്ങൾ വ്യക്തമായി ദൃശ്യവത്കരിക്കാനും ഉയർന്ന നിലവാരത്തിൽ ഫോട്ടോഗ്രാഫ് ചെയ്യാനും കഴിയുന്നതോടൊപ്പം അതേ വിരലടയാളങ്ങളിൽ നിന്ന് ഡി.എൻ.എ. സാമ്പിളുകൾ ശേഖരിക്കാനുമുള്ള സൗകര്യം ഈ സാങ്കേതികവിദ്യ ഒരുക്കുന്നു. സാധാരണ രീതികളേക്കാൾ പത്ത് മടങ്ങ് കൂടുതൽ “ടച്ച് ഡി.എൻ.എ.” ലഭ്യമാക്കാൻ കഴിയുന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകതയെന്ന് ഗവേഷകർ വ്യക്തമാക്കി.

കുറ്റാന്വേഷണ ശാസ്ത്രത്തിൽ വിരലടയാളങ്ങൾ കണ്ടെത്തുന്നതിനും വ്യക്തിയെ തിരിച്ചറിയുന്നതിനും ഈ സാങ്കേതികവിദ്യ നിർണായകമാകും. അക്കാദമിക് മേഖലയിലും നിയമപ്രവർത്തന രംഗത്തും ഈ നേട്ടം ശ്രദ്ധേയമായ മുന്നേറ്റമായി കണക്കാക്കപ്പെടുന്നു. ഡോ. ഷാരൽ റെബല്ലോ, ഡോ. എം.എസ്. ജിഷ ( എം.ജി. സർവകലാശാല ), ഡോ എം.എസ്. ശിവപ്രസാദ്, ആർ. സുവിത (കാലിക്കറ്റ് സർവകലാശാല, ഫോറൻസിക് സയൻസ് പഠനവകുപ്പ്, കേരളാ പോലീസ് അക്കാദമി), ഡോ. ഇ.എം. അനീഷ്, ( കാലിക്കറ്റ് സർവകലാശാല, സുവോളജി പഠനവകുപ്പ് ), ശ്രുതി ജയൻ ( നാഷണൽ ഫോറൻസിക് സയൻസ് സർവകലാശാല ) എന്നിവർ ഉൾപ്പെടുന്നതാണ് ഗവേഷക സംഘം.