
ദില്ലി: കുറ്റക്കാരൻ എന്ന വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം സൂറത്ത് കോടതി തള്ളിയ സാഹചര്യത്തിൽ രാഹുൽ ഗാന്ധി ഇന്നോ നാളെയോ ഔദ്യോഗിക വസതി ഒഴിയും. വീട്ടിലെയും ഓഫീസിലെയും പല സാധനങ്ങളും ഇതിനോടകം മാറ്റിയിട്ടുണ്ട്. 22 ന് ഉള്ളിൽ വസതി ഒഴിയണമെന്നാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഒഴിയാമെന്ന് രാഹുൽ ഗാന്ധി മറുപടി നൽകിയിരുന്നു. ആദ്യമായി എംപി ആയ 2005 മുതൽ തുഗ്ലക്ക് റോഡിലെ ഇതേ വസതിയിലാണ് രാഹുൽ താമസിച്ചിരുന്നത്.
അതേസമയം, ഗുജറാത്ത് സെഷൻസ് കോടതിയുടെ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസിന്‍റെ തീരുമാനം. കേസിലെ പരാതിക്കാരന്‍ പ്രധാനമന്ത്രിയല്ലെന്ന് ചൂണ്ടിക്കാട്ടിയ കോൺഗ്രസ് ഉന്നത കോടതികള്‍ വിധിയിലെ പിഴവുകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു. കുറ്റക്കാരനെന്നുള്ള വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതതോടെ നീണ്ട നിയമപോരാട്ടമാണ് രാഹുൽ ഗാന്ധിയെ കാത്തിരിക്കുന്നത്.
അയോഗ്യത തുടരുന്ന രാഹുൽ ഗാന്ധിക്ക് ആദ്യം ഹൈക്കോടതിയിലും പിന്നീട് സുപ്രീംകോടതിയിലും പോകാമെങ്കിലും നിയമനടപടികൾ വൈകാനുള്ള സാധ്യതയുണ്ട്. കോടതികൾ അവധിക്കാലത്തിലേക്ക് കടക്കുന്നതിനാൽ അടുത്ത രണ്ടാഴ്ചയ്ക്കുളളിൽ രാഹുൽ ഗാന്ധിക്ക് ആശ്വാസം കിട്ടണം. ഗുജറാത്ത് ഹൈക്കോടതിയിൽ മെയ് ആറിനും സുപ്രീംകോടതിയിൽ ഇരുപതിനും വേനലവധി തുടങ്ങും. ഗുജറാത്ത് സെഷൻസ് കോടതിയിലെ പ്രധാന അപ്പീലിൻമേലുള്ള നടപടികൾ പൂർത്തിയാകാൻ മേൽക്കോടതികൾ കാത്തുനിന്നാൽ ലോക്സഭ തെരഞ്ഞെടുപ്പിൽ രാഹുൽ മത്സരിക്കാനുള്ള സാധ്യതയും മങ്ങും.
അതേസമയം കോടതി തീരുമാനത്തിൽ പിഴവ് ഉണ്ടെന്ന് വിമർശിച്ച കോണ്‍ഗ്രസ് ഉത്തരവിൽ പറഞ്ഞ കാരണങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി. ഉന്നത കോടതികള്‍ ഇതിലെ തെറ്റുകള്‍ പരിശോധിക്കണം. കേസുമായി ബന്ധമില്ലാത്ത വിധികൾ ഉദ്ധരിച്ചാണ് ഉത്തരവ് തുടങ്ങന്നതെന്നും അഭിഭാഷകനും കോണ്‍ഗ്രസ് നേതാവുമായി അഭിഷേക് സിങ്‍വി പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam