
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ച തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവിനെതിരെ ഹർജിയുമായി സർക്കാർ ഹൈക്കോടതിയിൽ. വസ്തുതകൾ പരിഗണിക്കാതെയുള്ള ഉത്തരവെന്നാണ് ഹർജിയിൽ പ്രോസിക്യൂഷൻ പറയുന്നു. അതേ സമയം രാഹുൽ മാങ്കൂട്ടത്തിൽ 15ാം ദിവസവും ഒളിവിൽ തുടരുകയാണ്. രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് വോട്ട് ചെയ്യാൻ എത്തുമോ എന്നുള്ള സംശയം നിലനിൽക്കേയാണ് സര്‍ക്കാരിന്‍റെ നീക്കമുണ്ടായിരിക്കുന്നത്. മിക്കവാറും നാളെത്തന്നെ ഹൈക്കോടതിയുടെ പരിഗണനയിലേക്ക് ഹര്‍ജി എത്തിയേക്കുമെന്നാണ് വിവരം. ഹര്‍ജിയിൽ സര്‍ക്കാര്‍ പ്രധാനമായും പറയുന്നത്, രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം അനുവദിച്ചത് വസ്തുതകള്‍ പരിഗണിക്കാതെയാണ് എന്നാണ്.
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്. പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടെന്ന വാദം തള്ളിക്കളയാനാകില്ലെന്നും രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കി. രാഹുൽ ബലാത്സംഗം ചെയ്തെന്ന കേസിനെയും പരാതിയെയും സംശയിച്ചാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിമുൻകൂർ ജാമ്യം നൽകിയത്.
എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷം പരാതിക്കാരിയുടെ മൊഴി എടുത്തതിൽ അസ്വാഭാവികതയുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു. അത് കൊണ്ട് തന്നെ പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. യുവതിക്ക് പരാതിയുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ലായിരുന്നുവെന്ന് മൊഴികളിൽ വ്യക്തമാണ്. കേസിനാസ്പദമായ സംഭവം നടന്ന ശേഷവും യുവതിയും രാഹുലും തമ്മിലുള്ള ഇൻസ്റ്റ് ചാറ്റുകളുണ്ട്.
പ്രോസിക്യൂഷൻ ഹാജരാക്കിയ ചില ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പരിശോധിക്കുമ്പോൾ ഉഭയകക്ഷി ബന്ധമാണ് ഉണ്ടായിരുന്നതെന്ന സംശയമുണ്ട്. ചില സ്ക്രീൻ ഷോട്ടുകൾ മായ്ച്ച് കളഞ്ഞതും സംശയത്തിനിടയാക്കുന്നു. അതിനാൽ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകൾ ബലാത്സംഗം നടന്നുവെന്ന് തെളിയിക്കാനാകില്ലെന്ന് കാണിച്ചാണ് മുൻകൂർ ജാമ്യം.
കേസ് രാഷ്ട്രീയ പ്രേരിതമാണെന്നായിരുന്നു രാഹുലിൻറെ വാദം. ആ വാദം ശരിവെക്കും വിധത്തിലായിരുന്നു കോടതി നിരീക്ഷണം. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചിരിക്കുന്നത്. രണ്ടാഴ്ച കൂടുമ്പോഴുള്ള തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. രാവിലെ 10 മുതൽ 11 വരെയാണ് ഹാജരാകേണ്ടത്. അന്തിമ കുറ്റപത്രം നൽകും വരെയോ അല്ലെങ്കിൽ മൂന്നുമാസമോ ഹാജരാകണം. അറസ്റ്റ് ചെയ്താൽ വിട്ടയക്കണം എന്നതടക്കമാണ് ഉപാധികൾ. ബംഗ്ളൂരുവിൽ താമസിക്കുന്ന 23കാരിയായ മലയാളി യുവതിയെ പത്തനംതിട്ടയിലെ ഹോം സ്റ്റേയിൽ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. കെപിസിസി പ്രസിഡണ്ടിനായിരുന്നു യുവതി ആദ്യം പരാതി നൽകിയത്. രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തേക്ക് വരുമെന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam