
പത്തനംതിട്ട: ബലാത്സംഗ കേസിൽ നാടകീയമായി രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വിവിധ ഇടങ്ങളിൽ ശക്തമായ പ്രതിഷേധമാണ് നടന്നത്. രാഹുലിനെ പത്തനംതിട്ട എആര്‍ ക്യാമ്പിൽ നിന്ന് ഇറക്കിയപ്പോള്‍ മുതൽ ആശുപത്രിയിലും പിന്നീട് ജയിലിൽ എത്തിക്കുന്നതുവരെ യുവമോര്‍ച്ച, ബിജെപി, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രാഹുലിനെ വൈദ്യ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർ പൊലീസ് വാഹനം തടഞ്ഞു. ഏറെനേരം പണിപ്പെട്ടാണ് പൊലീസ് വാഹനത്തിൽ നിന്നും രാഹുലിനെ പുറത്തിറക്കാൻ കഴിഞ്ഞത്.
ആശുപത്രിക്ക് അകത്തു വെച്ച് പൊലീസും സമരക്കാരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. വൈദ്യ പരിശോധന കഴിഞ്ഞ് പുറത്തിറക്കിയപ്പോഴും പ്രതിഷേധം തുടർന്നു. ഡിവൈഎഫ്ഐ പ്രവർത്തകർ രാഹുലിന് പൊതിച്ചോർ നൽകി. മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കി ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയും പ്രതിഷേധം ഉണ്ടായി. ബിജെപി പ്രവർത്തകർ പോലീസ് വാഹനത്തിന് മുന്നിൽ കിടന്നു. പ്രവർത്തകരെ പിടിച്ചുമാറ്റാൻ ശ്രമിക്കുന്നതിനിടയിൽ ബിജെപി പത്തനംതിട്ട ജില്ലാ സെക്രട്ടറി നിതിൻ ശിവയുടെ കാലിലെ വിരൽ ഒടിഞ്ഞു. മാവേലിക്കര ജയിലിലേക്ക് കൊണ്ടുപോകുന്ന വഴിയിൽ ഉടനീളം കരിങ്കൊടി കാണിച്ചും കൂക്കി വിളിച്ചു പ്രതിഷേധം നടന്നു. ജയിലിനു മുന്നിലും രാഹുലിനെതിരെ മുദ്രാവാക്യം വിളിച്ചു.
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അടൂരിലെ വീടിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. പ്രതിഷേധ സാധ്യത കണക്കിലെടുത്താണ് സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ പാലക്കാട്ടെ എംഎൽഎ ഓഫീസിലേക്കും ബിജെപി യുവമോർച്ച പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. എംഎൽഎയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധ മാർച്ച്. പ്രകടനമായെത്തിയ പ്രവർത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. പിന്നാലെ പ്രവർത്തകർ രാഹുലിന്‍റെ കോലം കത്തിച്ചു. അതേസമയം, ബലാത്സംഗ കേസിൽ മാവേലിക്കര സ്പെഷ്യൽ സബ് ജയിലിൽ റിമാന്‍ഡിലായ രാഹുൽ മാങ്കൂട്ടത്തിൽ നാളെ വീണ്ടും ജാമ്യ ഹര്‍ജി നൽകും. അതീവ ഗുരുതരസ്വഭാവത്തിലുള്ള മൂന്നാം പരാതിയിലാണ് അറസ്റ്റ് എങ്കിലും രാഹുലിന് കുലുക്കമില്ല.
കേസിൽ നിന്ന് രക്ഷപ്പെടാനുള്ള തെളിവുകൾ തന്‍റെ പക്കലുമുണ്ടെന്നാണ് രാഹുൽ ഉദ്യോഗസ്ഥരോട് ചോദ്യം ചെയ്യലിനിടെ പറഞ്ഞത്. പുറത്തിറങ്ങുമെന്നും സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്നും രാഹുൽ വെല്ലുവിളിച്ചു. രണ്ട് ബലാത്സംഗ കേസുകളിൽ അറസ്റ്റ് നീട്ടിക്കിട്ടിയതിന്‍റെ ആശ്വാസത്തിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ മൂന്നാം ബലാത്സംഗ പരാതിയിലാണ് ഒടുവിൽ അറസ്റ്റിലാകുന്നത്. വിദേശത്തുള്ള പരാതിക്കാരി ഇ- മെയിലിൽ ഡിജിപിക്ക് നൽകിയ പരാതിയിൽ അതീവരഹസ്യമായായിട്ടായിരുന്നു എസ്ഐടി നീക്കങ്ങൾ. 2024 ഏപ്രിലിൽ തിരുവല്ലയിലെ ഹോട്ടലിൽ വെച്ച് ക്രൂരമായി പീഡിപ്പിച്ചെന്നാണ് പരാതി. വീഡിയോ കാളിലൂടെ യുവതിയുടെ മൊഴി രേഖപ്പെടുത്തി എസ്ഐടി വിവരങ്ങൾ രഹസ്യമാക്കി വെച്ചു. എഫ്ഐആർ വിവരങ്ങൾ ചോരാതിരിക്കാൻ പത്തനംതിട്ട എസ്പി മജിസ്ട്രേറ്റിനെ രഹസ്യമായി അറിയിച്ചു.
വിദേശത്തു നിന്നും പരാതിക്കാരിയെത്തി രഹസ്യമൊഴിക്കു ശേഷം രാഹുലിനെ അറസ്റ്റ് ചെയ്യാമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ, നടപടി വൈകുന്നതിൽ ആശങ്ക അറിയിച്ചും നേരിട്ട അനുഭവങ്ങൾ വൈകാരികയമായി വിവരിക്കുകയും ചെയ്തുള്ള പരാതിക്കാരിയുടെ സന്ദേശം കേട്ടാണ് മുഖ്യമന്ത്രി ഇന്നലെ രാത്രി എട്ടുമണിയോടെ അറസ്റ്റിന് ഡിജിപിക്ക് നിർദ്ദേശം നൽകിയത്. എസ് പി പൂങ്കൂഴലി വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രം ചേർത്ത് നടത്തിയ ഓപ്പറേഷനിലൂടെയാണ് പാലക്കാട്ട് കെപിഎം ഹോട്ടലിൽനിന്ന് രാഹുലിനെ അർദ്ധരാത്രി കസ്റ്റഡിയിലെടുക്കുന്നത്. രണ്ട് ബലാത്സംഗ കേസുകൾ ഉണ്ടായിട്ടും പൊലീസിനെ കബളിപ്പിച്ചു മുങ്ങി ജയിൽവാസമൊഴിവാക്കി പൊങ്ങിയ രാഹുലാണ് ഒടുവിൽ മറ്റൊരു കേസിൽ അറസ്റ്റിലായി ജയിലിലാകുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam