കേരള സ്റ്റോറി 2 സിനിമക്കെതിരെ പരാതി നല്‍കി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ. സിനിമയുടെ സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നല്‍കിയത്

തിരുവനന്തപുരം: കേരള സ്റ്റോറി 2 സിനിമക്കെതിരെ പരാതി നല്‍കി യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് എൻ എസ് നുസൂർ. സിനിമയുടെ സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് പരാതി നല്‍കിയത്. മതസ്പർധ വളർത്താനുള്ള ഗൂഢാലോചനയെന്നാണ് പരാതിയില്‍ പറയുന്നത്. മുഖ്യമന്ത്രി, ഡിജിപി തുടങ്ങിയവർക്കാണ് പരാതി നൽകിയത്. അതേസമയം കേരള സ്റ്റോറി 2ന്‍റെ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. വെസ്റ്റ് ബംഗാളിലെ തീയറ്ററിലാണ് ബുക്കിങ് ആരംഭിച്ചിരിക്കുന്നത്. ബുക്ക് മൈ ഷോ വഴിയാണ് ബുക്കിങ്. കഴിഞ്ഞ ദിവസം സിനിമയുടെ റിലീസ് തടഞ്ഞുള്ള ഹൈക്കോടതിയുടെ സ്റ്റേ നിലനിൽക്കവെയാണ് ബുക്കിംഗ് തുടങ്ങിയിരിക്കുന്നത്. ഇക്കാര്യം ഹൈക്കോടതിയിലുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിലാണ് ഹര്‍ജിക്കാർ.

ഹിന്ദു യുവതിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നത് ഉൾപ്പടെ രംഗങ്ങൾ ചിത്രീകരിച്ച് ടീസറാക്കി പുറത്തുവിട്ട്, കേരളത്തിന്‍റെ മതേതര മുഖം വികൃതമാക്കി കാണിക്കാൻ ശ്രമിച്ച സിനിമയുടെ പ്രദർശനാനുമതി ഹൈക്കോടതി തടഞ്ഞിരുന്നു. സിനിമയ്ക്കെതിരെ കോടതി രൂക്ഷമായ പരാമർങ്ങളാണ് നടത്തിയത്. മതഭ്രാന്തിന്‍റെയും വര്‍ഗീയതയുടെയും നാടായി കേരളത്തെ ചിത്രീകരിക്കുന്ന സിനിമയ്ക്ക് പ്രദർശന അനുമതി നൽകിയ സെൻസർ ബോർഡ് നടപടിയെയും കോടതി വിമർശിച്ചിരുന്നു. സിനിമക്ക് നല്‍കിയ പ്രദര്‍ശനാനുമതി പുനഃപരിശോധിക്കണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തില്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനമെടുക്കാന്‍ കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു.

സാമുദായിക ഐക്യത്തിന് പേരുകേട്ട കേരളത്തെ ആഗോള തലത്തില്‍ മതഭ്രാന്തിന്‍റെയും വര്‍ഗീയതയുടെയും നാടായി ചിത്രീകരിക്കാന്‍ സിനിമ കാരണമാകുമെന്നും ഈ ഘടകങ്ങളൊന്നും സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുമ്പോള്‍ സെന്‍സര്‍ ബോര്‍ഡ് പരിഗണിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി 'ദി കേരള സ്റ്റോറി 2' വിന്‍റെ റിലീസ് തടഞ്ഞത്. നിര്‍ബന്ധിച്ച് ബീഫ് കഴിക്കുന്ന രംഗമുള്‍പ്പെടെയുള്ള സിനിമയുടെ ടീസര്‍ കോടതി പരിശോധിച്ചു. ഇതൊരു പ്രത്യേക മത വിഭാഗവുമായുള്ള സംഘര്‍ഷത്തിന് കാരണമായേക്കാമെന്നും കോടതി നിരീക്ഷിച്ചു. തുടര്‍ന്നാണ് പതിനഞ്ച് ദിവസത്തേക്ക് റിലീസ് സ്റ്റേ ചെയ്തത്. സിനിമക്ക് നല്‍കിയ പ്രദര്‍ശനാനുമതി പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജിക്കാര്‍ സെന്‍സര്‍ ബോര്‍ഡിന് നേരത്തെ പരാതി നല്‍കിയിരുന്നു. ഇതില്‍ രണ്ടാഴ്ചക്കുള്ളില്‍ തീരുമാനനെടുക്കണമെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡിനോട് കോടതി നിര്‍ദേശിച്ചു. കണ്ണൂര്‍ സ്വദേശി ശ്രീദേവ് നമ്പൂതിരി, ഫ്രഡി ഫ്രാന്‍സിസ് അടക്കമുള്ളവരാണ് ഹര്‍ജിക്കാര്‍.

YouTube video player