രാഹുൽ നിയമസഭയിലെത്തിയത് വിഡി സതീശന്‍റെ നിലപാട് തള്ളി; ഇനി മണ്ഡലത്തിലും സജീവമാകും, ശനിയാഴ്ച പാലക്കാടെത്തും

Published : Sep 15, 2025, 10:44 AM ISTUpdated : Sep 15, 2025, 11:23 AM IST
rahul in assembly

Synopsis

വിഡി സതീശന്‍റെ നിലപാട് തള്ളി നിയമസഭയിലെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ ശനിയാഴ്ച പാലക്കാടെത്തും. ഇനി മുതൽ മണ്ഡലത്തിലും സജീവമാകാനാണ് തീരുമാനം. അതേസമയം, രാഹുലിനെ തടയുമെന്നാണ് ബിജെപിയും ഡിവൈഎഫ്ഐയും വ്യക്തമാക്കുന്നത്

തിരുവനന്തപുരം:  ലൈംഗിക ആരോപണത്തെത്തുടർന്നുള്ള വിവാദ കൊടുങ്കാറ്റിനിടെ ആകാംക്ഷകൾക്ക് വിരാമമിട്ടാണ്  പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിലെത്തിയത്. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍റെ നിലപാട് തള്ളിയാണ് രാഹുൽ നിയമസഭയിലെത്തിയത്. നിയമസഭയിലെത്തിയതിന് പിന്നാലെ പാലക്കാട് മണ്ഡലത്തിലും രാഹുൽ മാങ്കൂട്ടത്തിൽ സജീവമാകും. രാഹുൽ ശനിയാഴ്ച പാലക്കാട് എത്തും. പൊതുപരിപാടികളിൽ പങ്കെടുക്കുമെന്നാണ് വിവരം. തുടര്‍ന്ന് ഞായറാഴ്ച മടങ്ങും. വരും ദിവസങ്ങളിലും രാഹുൽ നിയമസഭയിലെത്തും.ഒരു വിഭാഗം കോൺഗ്രസ് നേതാക്കളുടെ പിന്തുണയോടെയാണ് രാഹുൽ എത്തിയത്. വരും ദിവസങ്ങളിലും രാഹുൽ സഭയിലെത്താൻ തീരുമാനിച്ചതിനാൽ സഭാ സമ്മേളന കാലമാകെ പ്രതിപക്ഷ നിര കടുത്ത പ്രതിരോധത്തിലാകും.

അതേസമയം, പൊതുപരിപാടിയിൽ പങ്കെടുക്കാൻ രാഹുലിനെ അനുവദിക്കില്ലെന്നാണ് ഡിവൈഎഫ്ഐയും ബിജെപിയും വ്യക്തമാക്കുന്നത്.അന്തരിച്ച മുൻ നിയമസഭാ സമാജികര്‍ക്ക് ആദരമര്‍പ്പിക്കുന്നതിനിടെ എംഎൽഎയുടെ ഔദ്യോഗിക വാഹനം ഒഴിവാക്കി സ്വകാര്യവാഹനത്തിലാണ് ഇന്ന് രാവിലെ 9.20ന് രാഹുൽ സഭയിലേക്ക് എത്തിയത്. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയും അടൂരിലെ വിശ്വസ്തനുമായ റെനോ പി. രാജൻ, തിരുവനന്തപുരം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്‍റ് നേമം ഷജീർ , എംഎൽഎയുടെ സഹായി ഫസൽ എന്നിവരും രാഹുലിനൊപ്പമുണ്ടായിരുന്നു. പ്രതിപക്ഷനിരയുടെ ഏറ്റവും പിന്നിൽ പ്രത്യേക ബ്ലോക്കായാണ് രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ ഇരുന്നത്. മുൻപ് പിവി അൻവര്‍ ഇരുന്ന സീറ്റാണിത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ കടുത്ത എതിർപ്പ് അവഗണിച്ചാണ് രാഹുൽ ഇന്ന് സഭയിലെത്തിയത്. അടൂരിലെ വീട്ടിൽ നിന്ന് ഇന്ന് പുലര്‍ച്ചെ അതീവ രഹസ്യമായിട്ടാണ് രാഹുൽ തിരുവനന്തപുരത്തേക്ക് തിരിച്ചത്. 

ചരമോപപാചര ദിനമായതിനാൽ രാഹുലിനെതിരെ നിയമസഭയിൽ ഭരണപക്ഷം പ്രതിഷേധം ഉയര്‍ത്തിയില്ല. പ്രതിപക്ഷനേതാവ് പോയി പണി നോക്കട്ടെ എന്ന നിലപാടാണ് രാഹുലിനെന്ന് ഇപി ജയരാജൻ വിമര്‍ശിച്ചു. അന്തരിച്ച മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന് നിയമസഭ ആദരമര്‍പ്പിച്ചു. കേവല രാഷ്ട്രീയത്തിന് അപ്പുറത്തേക്ക് പോയ വിഎസിന് പാർട്ടി അകമഴിഞ്ഞ പിന്തുണ നൽകിയിരുന്നെന്ന് മുഖ്യമന്ത്രി അനുസ്മരിച്ചു. വാഴൂർ സോമൻ, പിപി തങ്കച്ചൻ എന്നിവർക്കും നിയമസഭ ആദരമര്‍പ്പിച്ചു. പ്രതിപക്ഷനേതാവടക്കമുള്ള നേതാക്കള്‍ അനുസ്മരിച്ചു. അതേസമയം, നിയമസഭയിലെത്തിയെങ്കിലും രാഹുലിന് സംസാരിക്കാൻ അവസരം ലഭിച്ചില്ല. സഭയിലെത്തിയ രാഹുലുമായി നജീബ് കാന്തപുരവും എ.കെ.എം അഷ്റഫും സംസാരിച്ചു. യു.എ ലത്തീഫ് രാഹുലിന്‍റെ ബ്ലോക്കിൽ വന്നിരുന്ന് സംസാരിച്ചു. ടി.വി ഇബ്രാഹിമും രാഹുലിന്‍റെ സീറ്റിനടുത്ത് വന്ന് സംസാരിച്ചു. നടപടികൾ പൂർത്തിയാക്കി സഭ പിരിയും മുൻപ് തന്നെ രാഹുൽ മാങ്കൂട്ടത്തിൽ സഭാതലത്തിൽ നിന്ന് ഇറങ്ങി എംഎൽഎ ഹോസ്റ്റലിലേക്ക് പോയി.

രാഹുലിന്‍റെ സഭയിലെ സാന്നിധ്യം; ചര്‍ച്ച ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി

അതേസമയം, വി ഡി സതീശന്‍റെ നിലപാടിനെ ധിക്കരിച്ചുള്ള രാഹുലിന്‍റെ സഭയിലെ സാന്നിധ്യം കെപിസിസി നേതൃയോഗം ചർച്ച ചെയ്യുമെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു. നിയസഭാ പിരിഞ്ഞാൽ ഇന്ന് കെ.പി. സി.സി ഭാരവാഹികളുടെയും ഡി. സി. സി അധ്യക്ഷമാരുടെയും യോഗം അൽപ്പസമയത്തിനകം തിരുവനന്തപുരത്ത് നടക്കും. യോഗത്തിനെത്തിയപ്പോഴായിരു്നനു കൊടിക്കുന്നിലിന്‍റെ പ്രതികരണം.രാഹുൽ സഭയിൽ എത്തിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും പാർലിമെൻറ്ററി പാർട്ടിയിൽ നിന്ന് നേരത്തെ പുറത്ത് ആക്കിയതാണെന്നും രാഹുലിനെ കുറിച്ച് പാർട്ടി അന്വേഷിക്കേണ്ട കാര്യമില്ലെന്നും ധാർമ്മിക പ്രശ്നം ഇടത് പക്ഷത്തിനാണെന്നുമായിരുന്നു കെ മുരളീധരന്‍റെ പ്രതികരണം.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാൻ ഹൈക്കോടതി, 10-ാം ദിവസവും ഒളിവിൽ തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ
കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം