
പത്തനംതിട്ട: മൂന്നാമത്തെ ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ജാമ്യം ഇല്ല. രാഹുലിനെതിരെ നേരത്തെയും സമാന പരാതികൾ ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തിരുവല്ല മജിസ്ട്രേറ്റ് കോടതി ജാമ്യം തള്ളിയത്. പ്രതിഭാഗം തിങ്കളാഴ്ച പത്തനംതിട്ട സെഷൻസ് കോടതിയെ സമീപിക്കും.
ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് രാഹുൽ മാങ്കൂട്ടത്തിൽ മാവേലിക്കര ജയിലിൽ തുടരേണ്ടിവരും. പരാതിക്കാരിയുമായി ഉഭയസമ്മത പ്രകാരമുള്ള ബന്ധം, ചട്ടവിരുദ്ധമായ അറസ്റ്റ് എന്നീ കാര്യങ്ങളാണ് പ്രതിഭാഗം ജാമ്യഹര്‍ജിയിലെ വാദത്തിനിടെ പ്രധാനമായും ചൂണ്ടിക്കാണിച്ചത്. ശബ്ദരേഖയു ചാറ്റ് വിവരങ്ങളും ഹാജരാക്കിയിരുന്നു. എന്നാൽ സ്ഥിരം കുറ്റവാളി എന്ന പ്രോസിക്യൂഷൻ ആരോപണത്തിന് കഴമ്പുണ്ടെന്ന് വിലയിരുത്തലിലേക്ക് കോടതി എത്തി. സമാന വകുപ്പുകൾ ഉള്ള മറ്റ് രണ്ട് കേസുകളുടെ കാര്യം ക്രൈം ബ്രാഞ്ച് ചൂണ്ടിക്കാട്ടിരുന്നു.
മാത്രമല്ല ജാമ്യം നൽകിയാൽ എംഎൽഎയുടെ അധികാരം ഉപയോഗിച്ച് ഇരയെ ഭീഷണിപ്പെടുത്തും. തെളിവുകൾ നശിപ്പിക്കും. പ്രോസിക്യൂഷന്റെ ഈ വാദങ്ങളെല്ലാം പരിഗണിച്ച കോടതി രാഹുലിന് ജാമ്യം നിഷേധിച്ചു. പരാതിക്കാരിയുടെ മൊഴി സിഡിയിലാക്കി പ്രോസിക്യൂഷൻ ഹാജരാക്കിയിരുന്നു. വീഡിയോ കോൺഫറൻസിംഗ് വഴി രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന അപേക്ഷയും പരാതിക്കാരി തിരുവല്ല കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. അതേസമയം, മജിസ്ട്രേറ്റ് കോടതിയിൽ നിന്ന് പ്രതിഭാഗവും ജാമ്യം പ്രതീക്ഷിച്ചിരുന്നില്ല. ജാമ്യ ഹർജിയുമായി തിങ്കളാഴ്ച ജില്ലാ കോടതിയെ സമീപിക്കാനാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam