
പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്ത മൂന്നാമത്തെ കേസിൽ പരാതിക്കാരി സാമ്പത്തിക ഇടപാടുകളുടെ തെളിവടക്കം പൊലീസിന് കൈമാറിയെന്ന് വിവരം. രാഹുലിന് വിലകൂടിയ വാച്ചുകളും വസ്ത്രങ്ങളും ചെരുപ്പുകളും സൗന്ദര്യ വർദ്ധക വസ്തുക്കളും വാങ്ങി നൽകിയെന്നാണ് മൊഴി. ചെരിപ്പ് വാങ്ങാൻ മാത്രം പതിനായിരം രൂപ യുപിഐ വഴി രാഹുലിന് അയച്ചുകൊടുത്തതിൻ്റെ തെളിവടക്കം ഇതിലുണ്ട്. പത്തനംതിട്ട ജില്ലക്കാരിയായ യുവതി, ഭ്രൂണത്തിൻ്റെ സാമ്പിൾ ശേഖരിച്ചുവച്ച കേസായതിനാൽ പാലക്കാട് എംഎൽഎക്ക് ഉടൻ ജാമ്യം ലഭിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.
ബലാൽസംഗവും ഗർഭ ഛിദ്രവും ആരോപിച്ചുള്ളതാണ് ഇപ്പോൾ വിദേശത്തുള്ള പരാതിക്കാരി ഇമെയിൽ വഴി പൊലീസിന് നൽകിയ പരാതി. രാഹുൽ ക്രൂരമായ ലൈംഗിക പീഡനവും സാമ്പത്തിക ചൂഷണവും നടത്തിയെന്ന് പരാതിയിൽ ആരോപിക്കുന്നു. ലൈംഗിക ബന്ധത്തിനിടെ മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തുവെന്നാണ് ആരോപണം. ഇ മെയിലിൽ ലഭിച്ച പരാതിയിൽ വീഡിയോ കോൺഫറൻസിലൂടെ പരാതിക്കാരിയുടെ മൊഴി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ഇതെല്ലാം അടിസ്ഥാനമാക്കിയാണ് ഇന്ന് പുലർച്ചെ പാലക്കാട് ഹോട്ടലിൽ നിന്നും രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തത്.
യുവതി വിവാഹബന്ധത്തിൽ പ്രശ്നങ്ങൾ നേരിടുന്ന സമയത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെ സാമൂഹിക മാധ്യമം വഴി പരിചയപ്പെട്ടത്. സൗഹൃദം സ്ഥാപിച്ച രാഹുൽ മാങ്കൂട്ടത്തിൽ പ്രണയ ബന്ധം സ്ഥാപിക്കുകയും വിവാഹ ബന്ധം വേർപെടുത്താൻ ആവശ്യപ്പെടുകയും ചെയ്തു. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി. വിട്ടുപോകാതിരിക്കാൻ ഒരു കുഞ്ഞ് വേണമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ചു. ഒരു കുഞ്ഞുണ്ടായാൽ വീട്ടിൽ വിവാഹം വളരെ വേഗം സമ്മതിക്കുമെന്നും രാഹുൽ പറഞ്ഞു. നേരിൽ കാണാൻ രാഹുൽ ആഗ്രഹം പ്രകടിപ്പിച്ചു. റെസ്റ്റോറന്റിൽ കാണാമെന്ന് യുവതി പറഞ്ഞപ്പോൾ പൊതുപ്രവർത്തകനായതിനാൽ പൊതുവിടത്തിൽ കാണാനാകില്ലെന്ന് രാഹുൽ പറഞ്ഞു.
ഒരു ഹോട്ടലിന്റെ പേര് നിർദേശിച്ച രാഹുൽ മാങ്കൂട്ടത്തിൽ യുവതിയോട് അവിടെ മുറിയെടുക്കാൻ ആവശ്യപ്പെട്ടു. മുറിയിൽ എത്തിയ ഉടൻ ഒരു വാക്ക് പോലും പറയുന്നതിന് മുമ്പേ തന്നെ കടന്നാക്രമിച്ചുവെന്ന് യുവതി പറയുന്നു. ക്രൂരമായ ലൈംഗിക ആക്രമണമാണ് നേരിട്ടത്. മുഖത്ത് അടിക്കുകയും തുപ്പുകയും ദേഹത്ത് പലയിടത്തും മുറിവുണ്ടാകുകയും ചെയ്തു. ഓവുലേഷൻ ഡേറ്റ് ആണെന്ന് പറഞ്ഞിട്ടും കുഞ്ഞുണ്ടാകട്ടെ എന്ന് പറഞ്ഞ് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. ഇതിന് ശേഷം വീണ്ടും തന്നെ കാണണം എന്ന് ആവശ്യപ്പെട്ടെങ്കിലും പോയില്ല. ഗർഭിണിയാണെന്ന വിവരം അറിയിച്ചപ്പോൾ അസഭ്യം പറഞ്ഞു. മറ്റ് ആരുടെയെങ്കിലും കുഞ്ഞാകുമെന്ന് അധിഷേപിച്ചു. ഇതിൽ മനംനൊന്താണ് ഡിഎൻഎ പരിശോധനക്കായി പോയത്. രാഹുലിനോട് സാമ്പിൾ നൽകാൻ ലാബിൽ നിന്ന് ആവശ്യപ്പെട്ടു. പക്ഷെ, ഡിഎൻഎ പരിശോധനയോട് രാഹുൽ സഹകരിച്ചില്ല. ഇതിനുള്ള തെളിവുകൾ . രാഹുലിന്റെ ഭാഗത്ത് നിന്ന് ഗർഭഛിദ്രത്തിനുള്ള കടുത്ത സമ്മർദ്ദം ഉണ്ടായി. അപമാനവും ഭീഷണികളും തന്നെ കടുത്ത ശാരീരിക, മാനസിക സമ്മർദത്തിലാക്കി. തുടർന്ന് ഗർഭം അലസി. അബോർഷൻ വിവരം പറയാൻ വിളിച്ചപ്പോൾ ഫോണിൽ ബ്ലോക്ക് ചെയ്തു. ഇമെയിലിനും മറുപടി ലഭിച്ചില്ല.
രാഹുലിന്റെ സുഹൃത്തും സഹായിയുമായ ഫെനി നൈനാനെ വിവരം അറിയിച്ചു. കടുത്ത ശാരീരിക മനസിക പ്രശ്നങ്ങൾ ഇപ്പോഴും അനുഭവിക്കുന്നുണ്ട്. പാലക്കാട് ഉപതെരഞ്ഞെടുപ്പ് സമയത്ത് ഒന്നും സംഭവിക്കാത്ത പോലെ രാഹുൽ തന്നോട് വീണ്ടും ബന്ധപ്പെട്ടു. തകർന്നിരുന്ന തന്നോട് വീണ്ടും അടുക്കാൻ ശ്രമിച്ചു. ഭാവിയിൽ ഒരുമിച്ച് ജീവിക്കാം എന്നും വാഗ്ദാനം നൽകി. പാലക്കാട് ഒരു ഫ്ലാറ്റ് വാങ്ങി തരണമെന്നും ഒരുമിച്ച് അവിടെ വിവാഹം കഴിച്ചു ജീവിക്കാമെന്നും പറഞ്ഞു. ഇതിൻ്റെ ഭാഗമായി താനും രാഹുലും ബിൽടെക് ഗ്രൂപ്പിനെ സമീപിച്ചു. എന്നാൽ ഫ്ലാറ്റ് വാങ്ങൽ നടന്നില്ല. പിന്നീട് പലപ്പോഴായി രാഹുൽ തന്നോട് സാമ്പത്തിക സഹായം കൈപ്പറ്റി. രാഹുലിനെതിരെ ലൈംഗികാതിക്രമ പരാതികൾ ഉയർന്നപ്പോൾ അതിൽ വസ്തുതയുണ്ടെന്ന് മനസ്സിലാക്കി. പരാതിയുമായി താനും മുന്നോട്ട് പോകുമെന്ന് മനസ്സിലാക്കിയ രാഹുൽ ഭീഷണിപ്പെടുത്തി. കുടുംബത്തെ ഇല്ലാതാക്കുമെന്നും സഹോദരിയെയും അച്ഛനെയും അമ്മയെയും അപായപ്പെടുത്തുമെന്നും രാഹുൽ ഭീഷണി മുഴക്കിയെന്നും പരാതിയിൽ ആരോപണമുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam