രാഹുൽ മാങ്കൂട്ടത്തിലിന് സീറ്റ് നൽകുമോയെന്ന ചോദ്യത്തിന് മുരളീധരന്‍റെ മറുപടി; 'അദ്ദേഹം ഇപ്പോൾ കോണ്‍ഗ്രസ് എംഎൽഎ അല്ല, പിന്നെയെന്തിന് ചർച്ച?'

Published : Jan 03, 2026, 01:50 PM ISTUpdated : Jan 03, 2026, 01:57 PM IST
K Muraleedharan, Rahul Mamkootathil

Synopsis

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സ്ഥാനാർത്ഥിത്വം അനാവശ്യ ചർച്ചയാണെന്ന് കെ മുരളീധരൻ. വർഗീയ പരാമർശം നടത്തിയ വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി തിരുത്താത്തതിനെയും മുരളീധരൻ രൂക്ഷമായി വിമർശിച്ചു.

തിരുവനന്തപുരം: പാർട്ടിയിൽ ഇല്ലാത്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്നത് അനാവശ്യ ചർച്ചയാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരൻ. രാഹുൽ മാങ്കൂട്ടത്തിൽ ഇപ്പോൾ കോണ്‍ഗ്രസ് എംഎൽഎ അല്ല. പിന്നെ എന്തിനാണ് അദ്ദേഹത്തിന്‍റെ വിഷയം ചർച്ച ചെയ്യുന്നത്. പാർട്ടിക്ക് പുറത്തുള്ള ഒരാളുടെ വിഷയം ചർച്ച ചെയ്യേണ്ട ആവശ്യമുണ്ടോ എന്നാണ് മുരളീധരന്‍റെ പ്രതികരണം.

പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കപ്പെട്ടിട്ടും രാഹുല്‍ മാങ്കൂട്ടത്തിലിന് വീണ്ടും സീറ്റ് നല്‍കില്ലെന്ന് തുറന്നു പറയാന്‍ മറ്റു കോണ്‍ഗ്രസ് നേതാക്കൾ ധൈര്യം കാട്ടാത്തപ്പോഴാണ് വ്യക്തമായ പ്രതികരണവുമായി കെ മുരളീധരൻ രംഗത്തെത്തിയത്. രാഹുലിന് പാലക്കാട് സീറ്റ് നല്‍കരുതെന്ന് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസിലൂടെ നിലപാട് പറഞ്ഞ മുതിര്‍ന്ന നേതാവ് പി ജെ കുര്യന്‍ ഇന്ന് മലക്കംമറിഞ്ഞു. അച്ചടക്ക നടപടി പിന്‍വലിച്ചാല്‍ രാഹുലിന് മല്‍സരിക്കാമെന്ന് പിന്നീട് തിരുത്തിയത് പാര്‍ട്ടിയിലെ ആശയക്കുഴപ്പത്തിന് തെളിവായി. വീണ്ടും മല്‍സരിക്കാനുളള സാധ്യത തള്ളിക്കളയാതെയായിരുന്നു രാഹുലിന്‍റെയും പ്രതികരണം. പാര്‍ട്ടിക്ക് പുറത്തായ രാഹുലിന് ഇനിയും സീറ്റുണ്ടോ എന്ന ചോദ്യത്തിന് ഉറപ്പിച്ചൊരു നോ പറയാന്‍ എഐസിസിയുടെ സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനും കഴിയുന്നില്ല. യുഡിഎഫ് കണ്‍വീനർ അടൂർ പ്രകാശും ഒഴിഞ്ഞു മാറുകയാണ്.

എന്തുകൊണ്ട് വെള്ളാപ്പള്ളിയെ തിരുത്താൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്ന് മുരളീധരൻ

പേര് നോക്കി മാധ്യമപ്രവർത്തകനെ തീവ്രവാദിയെന്ന് വിളിച്ചത് വെള്ളാപ്പള്ളിയെ പോലൊരാൾ ചെയ്യരുതായിരുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു. ഈ രാജ്യത്തെ പിന്നാക്കക്കാർക്കുവേണ്ടി പ്രവർത്തിക്കുകയും എല്ലാവരെയും സമന്മാരായി കാണുകയും ചെയ്ത ശ്രീനാരായണ ഗുരു ദേവന്‍റെ കസേരയിലാണ് ഇരിക്കുന്നതെന്ന് അദ്ദേഹത്തിന് ബോധമുണ്ടാകണം. വർഗീയ പരാമർശം നടത്താൻ പാടില്ല, തെറ്റാണത്. ഇത്രയും നല്ല ബന്ധമുണ്ടായിട്ടും എന്തുകൊണ്ട് വെള്ളാപ്പള്ളിയെ തിരുത്താൻ മുഖ്യമന്ത്രിക്ക് കഴിയുന്നില്ലെന്നും മുരളീധരൻ ചോദിച്ചു.

വെള്ളാപ്പള്ളി നടേശൻ സിപിഎമ്മിനെ കുറിച്ച് പറയുന്ന കാര്യങ്ങൾ അവർ സ്വാഗതം ചെയ്യുന്നു. മറ്റുള്ള കാര്യങ്ങളിൽ മൌനം പാലിക്കുന്നു. അങ്ങനെയൊരു വ്യക്തിയെ മതേതരവാദിയെന്ന് വിളിച്ചത് ശരിയല്ല- 'അദ്ദേഹം ഞങ്ങളെ തള്ളിപ്പറഞ്ഞിട്ടുണ്ട്. ഞങ്ങൾ അദ്ദേഹത്തെ വന്ദിക്കാനും നിന്ദിക്കാനും ഇല്ല. പക്ഷേ അദ്ദേഹത്തിന്‍റെ ആറ്ററ്റ്യൂഡിനോട് ഞങ്ങൾ ഒരു ശതമാനം പോലും യോജിക്കുന്നില്ല. അദ്ദേഹത്തിന്‍റെ വർഗീയ പരാമർശങ്ങൾ തെറ്റാണ്'- എന്നും കെ മുരളീധരൻ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ഫ്ലാറ്റുകൾ കേന്ദ്രീകരിച്ച് വോട്ടുകൾ ചേർത്തപ്പോൾ ബിഎൽഒമാർ എവിടെപ്പോയെന്ന് മുരളീധരൻ ചോദിക്കുന്നു. എല്ലാ ബിഎൽഒമാരും ബിജെപിക്കാരാണോ? ഇതൊക്കെ ബിജെപി - സിപിഎം കൂട്ടുകച്ചവടമാണെന്നും മുരളീധരൻ ആരോപിച്ചു. ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച എസ്ഐടിയുടെ അന്വേഷണം ഇന്നലെ വരെ വന്ദേഭാരതിന്‍റെ സ്പീഡിൽ പോയിരുന്നെങ്കിൽ ഇന്ന് പാസഞ്ചർ ട്രെയിനിന്‍റെ വേഗതയിലെത്തിയെന്ന് മുരളീധരൻ വിമർശിച്ചു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'ഓർക്കുക! രാഹുൽ ഈശ്വർ മാത്രമാണ് നിങ്ങളോടു സത്യം പറയുന്നത്, അവനാണ് ഇര, യഥാർത്ഥ അതിജീവിതൻ, ചതിക്കപ്പെട്ട ചെറുപ്പക്കാരനൊപ്പം'; രാഹുൽ ഈശ്വർ
കൊച്ചിയിൽ അമിത വേഗത്തിലായിരുന്ന ഊബർ കാർ ബൈക്കിലേക്ക് ഇടിച്ചുകയറി; ബൈക്ക് യാത്രികൻ മരിച്ചു, ഒപ്പമുണ്ടായിരുന്ന യുവാവിന് ഗുരുതര പരിക്ക്