പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂര്‍ ജാമ്യ ഹര്‍ജി അടച്ചിട്ട കോടതി മുറിയിൽ പരിഗണിക്കണമെന്ന് ഹര്‍ജി

Published : Dec 02, 2025, 12:13 PM ISTUpdated : Dec 02, 2025, 12:51 PM IST
RAHUL

Synopsis

ബലാത്സംഗ കേസിൽ നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നാണ് ആവശ്യം. ഇതിനിടെ രാഹുലിന്‍റെ ഫ്ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴിയും എസ്ഐടി എടുത്തു

തിരുവനന്തപുരം: ബലാത്സംഗ കേസിൽ നാളെ മുൻകൂര്‍ ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ പുതിയ ഹര്‍ജിയുമായി രാഹുൽ മാങ്കൂട്ടത്തിൽ. നാളെ അടച്ചിട്ട കോടതി മുറിയിൽ മുൻകൂര്‍ ജാമ്യ ഹര്‍ജി പരിഗണിക്കണമെന്നാവശ്യപ്പെട്ടാണ് തിരുവനന്തപുരം സെഷൻസ് കോടതിയിൽ ഹര്‍ജി നൽകിയത്. ഇതിനിടെ, പാലക്കാട് തുടരുന്ന എസ്ഐടി സംഘം വീണ്ടും രാഹുലിന്‍റെ ഫ്ലാറ്റിലെത്തി. ഫ്ലാറ്റിലെ കെയര്‍ടേക്കറുടെ മൊഴി രേഖപ്പെടുത്തി. സിസിടിവി ദൃശ്യങ്ങൾ കെയർടേക്കറെ സ്വാധീനിച്ച് രാഹുലും സംഘവും നശിപ്പിച്ചെന്ന നിഗമനത്തിലായിരുന്നു എസ്ഐടി. ഇക്കാര്യങ്ങളിലടക്കം കൂടുതൽ വിവരങ്ങള്‍ തേടുന്നതിനായാണ് കെയര്‍ ടേക്കറുടെ മൊഴിയെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 4.30 ന് ഫ്ലാറ്റിൽ നിന്ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോയെന്നും രാഹുൽ വ്യാഴാഴ്ച വൈകിട്ട് ഫ്ലാറ്റിൽ എത്തിയതിനെ കുറിച്ച് അറിയില്ലെന്നുമാണ് കെയര്‍ടേക്കറുടെ മൊഴി. സിസിടിവി സംവിധാനത്തിൽ യാതൊരു ഇടപെടലും നടത്തിയിട്ടില്ലെന്ന് കെയർടേക്കര്‍ മൊഴി നൽകി.ബിഎൻസ് 366 വകുപ്പ് പ്രകാരമാണ് രാഹുൽ ഹര്‍ജി നൽകിയത്. കോടതിക്ക് നടപടികൾ റിപ്പോർട്ട്‌ ചെയ്യുന്നതിന് പൂർണ വിലക്ക് ഏർപ്പെടുത്താൻ ഈ വകുപ്പ് പ്രകാരം കഴിയും. വാർത്ത കൊടുക്കുന്നതിന് കോടതിയുടെ മുൻകൂർ അനുമതി ആവശ്യപ്പെടാം. ബലാത്സംഗ കേസുകളിൽ കോടതിക്ക് ഇതിൽ ഇളവ് വരുത്താനുമാകും. പ്രതിയുടെയോ ഇരയുടെയോ പേര് ഒഴിവാക്കി വാർത്ത കൊടുക്കാൻ കോടതിക്ക് അനുമതി നൽകാം. എന്നാൽ, ഹർജിയിൽ ഇക്കാര്യങ്ങൾ അഭിഭാഷകൻ പ്രത്യേകമായി ഉന്നയിച്ചിട്ടില്ല. ഈ വകുപ്പ് പ്രകാരം ഹർജി കേൾക്കണമെന്ന് മാത്രമാണ് ഹര്‍ജിയിലെ ആവശ്യം. അതേസമയം, അടച്ചിട്ട കോടതിയിൽ കേസ് പരിഗണിക്കണമെന്ന് പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്.

 

രാഹുലിനായി അന്വേഷണസംഘം തമിഴ്നാട്ടിൽ

 

അതേസമയം, ഒളിവിലുള്ള രാഹുലിനായി തമിഴ്നാട്ടിൽ ഒന്നിലധികം പൊലീസ് സംഘങ്ങൾ തെരച്ചിൽ നടത്തുകയാണ്. തെരച്ചിലിനായി എസ്ഐടി തമിഴ്നാട് പൊലീസ് രഹസ്യന്വേഷണ വിഭാഗത്തിന്‍റെ സഹായം തേടി. ഞായറാഴ്ച വരെയുള്ള രാഹുലിന്‍റെ സഞ്ചാരപാത ലഭിച്ചെന്നാണ് വിവരം. കോയമ്പത്തൂരും പൊള്ളാച്ചിയും കേന്ദ്രീകരിച്ചാണ് എസ്ഐടി അന്വേഷണം. സഹായത്തിനായി തമിഴ്നാട് ക്യൂ ബ്രാഞ്ചും എസ്ഐടിക്കൊപ്പമുണ്ടെന്നാണ് വിവരം. അതേസമയം, രാഹുലിന്‍റെ സ്റ്റാഫ് അംഗങ്ങളിൽ നിന്നും പൊലീസ് മൊഴിയെടുത്തിരുന്നു. രാഹുലിനെ ഇതുവരെ പൊലീസിന് കണ്ടെത്താനായിട്ടില്ല. രാഹുലിനെതിരെ പരാതി നൽകിയ സ്ത്രീയുടെ സുഹൃത്തുക്കളുടെ മൊഴിയും പൊലീസ് എടുത്തിരുന്നു. കോണ്‍ഗ്രസ് നേതാവ് രാഹുലിനെ രക്ഷപ്പെടാൻ സഹായിച്ചുവെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. രാഹുൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം ചുവന്ന പോളോ കാര്‍ കോണ്‍ഗ്രസ് നേതാവ് ഉപയോഗിച്ചെന്ന വിവരമാണ് പുറത്തുവന്നത്. രാഹുൽ മാങ്കൂട്ടത്തിൽ രക്ഷപ്പെടാൻ ഉപയോഗിച്ച ചുവന്ന പോളോ കാര്‍ സൂക്ഷിച്ചത് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിലാണെന്ന് ബിജെപി നേതാവ് പ്രശാന്ത് ശിവൻ ആരോപിച്ചിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് രാഹുലിന് വേണ്ടി ഗ്രൂപ്പ് യോഗം നടന്ന നേതാവിന്‍റെ വീട്ടിൽ ചുവന്ന പോളോ കാര്‍ കണ്ടെത്തിയതെന്നും പീഢന വീരനായിട്ടുള്ള എംഎൽഎയെ സംരക്ഷിക്കുകയാണ് കോണ്‍ഗ്രസ് നേതാക്കളെന്നും പ്രശാന്ത് ശിവൻ ആരോപിച്ചിരുന്നു. രാഹുലിനെ കോണ്‍ഗ്രസ് നേതാക്കള്‍ അവരുടെ വീടുകളിൽ ഒളിപ്പിച്ചിരിക്കുകയാണെന്ന ഗുരുതരമായ ആരോപണമാണ് പ്രശാന്ത് ശിവൻ ഉന്നയിച്ചത്. അതേസമയം, ആരോപണം തള്ളി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് കെപിസിസി ജനറഷൽ സെക്രട്ഠറി സി ചന്ദ്രൻ പ്രതികരിച്ചിരുന്നു. ചുവന്ന പോളോ കാറുമായി തനിക്ക് ബന്ധമില്ലെന്നും എല്ലാം രാഷ്ട്രീയ ആരോപണമാണെന്നായിരുന്നു ചന്ദ്രന്‍റെ പ്രതികരണം. തന്‍റെ കാര്‍ കേടായ സമയത്ത് രാഹുലിന്‍റെ കിയ കാര്‍ ആശുപത്രിയിൽ പോകാൻ ഉപയോഗിച്ചതല്ലാതെ ചുവന്ന കാറിനെക്കുറച്ച് അറിയില്ലെന്നുമാണ് ചന്ദ്രൻ വ്യക്തമാക്കിയത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

Malayalam News Live:രാഹൂൽ മാങ്കൂട്ടത്തിൽ മുൻകൂർ ജാമ്യാപേക്ഷയുമായി ഇന്ന് ഹൈക്കോടതിയെ സമീപിച്ചേക്കും
പരാതിക്കാരിയെ അപമാനിച്ചെന്ന കേസ്; രാഹുൽ ഈശ്വറിന് ഇന്ന് നിർണായകം, ജാമ്യഹർജി ഇന്ന് കോടതി പരിഗണിക്കും