രാഹുൽ മാങ്കൂട്ടത്തിൽ വരുമോ? വരും, വോട്ട് ചെയ്യുമെന്ന് പ്രാദേശിക നേതാക്കൾ, പ്രതിഷേധിക്കാൻ ഡിവൈഎഫ്ഐയും ബിജെപിയും

Published : Dec 11, 2025, 08:34 AM IST
Rahul Mamkootathil

Synopsis

രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം ലഭിച്ചതിനെ തുടർന്ന് 15 ദിവസമായി ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പാലക്കാട് വോട്ട് ചെയ്യാനെത്തുമെന്ന് സൂചന. 

പാലക്കാട്: ഒളിവുജീവിതം 15ാം ദിവസത്തിൽ എത്തിയിരിക്കെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ എത്തിയേക്കും. രണ്ടാമത്തെ ബലാത്സംഗ കേസിൽ ഉപാധികളോടെ തിരുവനന്തപുരം പ്രിന്‍സിപ്പൽ സെഷൻസ് കോടതി മുൻകൂര്‍ ജാമ്യം അനുവദിച്ചതിനാൽ രാഹുൽ ഇന്ന് പാലക്കാട് എത്തുമെന്നാണ് സൂചന. പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സെന്‍റ് സെബാസ്റ്റ്യൻ സ്കൂളിലെ രണ്ടാം നമ്പർ ബൂത്തിലാണ് വോട്ട്.

രാഹുൽ താമസിക്കുന്ന ഫ്ലാറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ബൂത്തിലാണ് വോട്ട്. പാലക്കാട് നഗരസഭയിലെ 24ാം വാർഡാണിത്. ഈ വാർഡിൽ രാഹുൽ നേരത്തെ പ്രചാരണം നടത്തിയിരുന്നു. രാഹുൽ വോട്ട് ചെയ്യാൻ എത്തും എന്നാണ് പൊലീസിന് ലഭിച്ച റിപ്പോർട്ട്. വൈകുന്നേരം 5നും 6നും ഇടയിൽ എത്തുമെന്നാണ് രാഹുലുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസ് നേതാക്കൾ പറയുന്നത്. രാഹുൽ എത്തിയാൽ ഡി വൈ എഫ് ഐയും ബി ജെ പിയും പോളിങ് ബൂത്തിനരികെ പ്രതിഷേധിക്കും. അതിനാൽ കൂടുതൽ പൊലീസിനെ സ്ഥലത്തു നിയോഗിച്ചിട്ടുണ്ട്.

രാഹുലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്

രാഹുൽ മാങ്കൂട്ടത്തിലിന് രണ്ടാമത്തെ ബലാത്സംഗ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ ഇന്ന് ഹൈക്കോടതിയെ സമീപിക്കും. ഒരു ജനപ്രതിനിധിക്ക് എതിരെ ലൈംഗിക പീഡനം പോലുള്ള ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടും, വസ്തുതകൾ പൂർണമായി പരിഗണിക്കാതെയാണ് ജാമ്യം അനുവദിച്ചതെന്നാണ് പ്രോസിക്യൂഷൻ്റെ പ്രധാന വാദം. സമൂഹത്തിൽ മാതൃകാപരമായി പെരുമാറേണ്ട ഒരു എം.എൽ.എക്കെതിരെയാണ് പരാതി. ഈ സ്ഥാനത്തിരിക്കുന്ന വ്യക്തിക്ക് ജാമ്യം അനുവദിക്കുന്നത് തെറ്റായ സന്ദേശം നൽകുമെന്ന നിലപാടിലാണ് സർക്കാർ.

പരാതിക്കാരിയുടെ രഹസ്യ മൊഴിയിൽ ബലം പ്രയോഗിച്ച് ലൈംഗികമായി പീഡിപ്പിക്കുകയും രക്ഷപ്പെടാൻ കരഞ്ഞു കാലുപിടിച്ചിട്ടും ആക്രമിക്കുകയും ചെയ്തുവെന്ന് പറയുന്നുണ്ട്. രാഹുലിനെതിരെ ബലാത്സംഗം, പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം, ഭീഷണിപ്പെടുത്തൽ, തട്ടിക്കൊണ്ടുപോകൽ, അടക്കം ഗുരുതരമായ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ജാമ്യം ലഭിച്ചാൽ പ്രതി കേസിൻ്റെ അന്വേഷണത്തെയും സാക്ഷികളെയും സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ സാധ്യതയുണ്ടെന്നും ദിവസങ്ങളോളം ഒളിവിൽ കഴിഞ്ഞ രാഹുൽ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.

രണ്ടാമത്തെ കേസിൽ തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി രാഹുൽ മാങ്കൂട്ടത്തിലിന് ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. രാഹുലിനെ അറസ്റ്റ് ചെയ്താൽ ഉടൻ ജാമ്യത്തിൽ വിടണം. അന്വേഷണവുമായി സഹകരിക്കണം. എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിട്ടുപോകരുത് എന്നും നിർദ്ദേശമുണ്ട്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി