സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ 2021 നേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കോഴിക്കോട് ജില്ലയിൽ 13 സീറ്റും നേടും എന്ന് പ്രതികരണം
കോഴിക്കോട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ബേപ്പൂരിൽ 2021 നേക്കാൾ ഉയർന്ന ഭൂരിപക്ഷത്തിൽ ജയിക്കുമെന്നും കോഴിക്കോട് ജില്ലയിൽ 13 സീറ്റും നേടും. എംഎൽഎ എന്ന രീതിയിൽ നടത്തിയത് മികച്ച പ്രവർത്തനമാണ്. അത് ജനങ്ങൾ മനസിലാക്കിയിട്ടുണ്ട്. യുഡിഎഫിനെ പോലെയുള്ള വിങ്ങിപ്പൊട്ടലുകൾ എൽഡിഎഫിൽ ഉണ്ടാവില്ല. കേരളത്തിലെ എല്ലാ മണ്ഡലങ്ങളിലും നടക്കുന്നത് ഗ്ലാമർ പോരാട്ടമെന്നും റിയാസ് പറഞ്ഞു. ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതലയും അദ്ദേഹത്തിനാണ്. 5 മണ്ഡലങ്ങളിലൊഴികെ മറ്റ് മണ്ഡലങ്ങളിലെല്ലാം സിപിഎം സ്ഥാനാർത്ഥി പ്രഖ്യാപനം നടത്തിയിട്ടുണ്ട്. യുഡിഎഫിന്‍റെ സ്ഥാനാർത്ഥികളെ 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപിക്കുമെന്നാണ് വിഡി സതീശന്‍റെ പ്രതികരണം.
കേരളത്തിൽ ഏപ്രിൽ 9 വോട്ടെടുപ്പ് നടക്കും. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. പശ്ചിമ ബംഗാളിൽ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഏപ്രിൽ 23 ന് ഒന്നാം ഘട്ട തെരഞ്ഞെടുപ്പും ഏപ്രിൽ 29 ന് രണ്ടാം ഘട്ട തെരഞ്ഞെടുപ്പും നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പ്രഖ്യാപിച്ചു. എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണൽ മെയ് 4 നായിരിക്കും. തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിനാൽ ഇന്ന് മുതൽ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതായി കമ്മീഷൻ വ്യക്തമാക്കി. സംസ്ഥാനത്ത് എസ് ഐ ആറിനുശേഷം മാർച്ച് 13 വരെയുള്ള കണക്ക് പ്രകാരം 2.70 കോടി വോട്ടര്‍മാരായുള്ളത്. ഇനിയും വോട്ടര്‍പട്ടികയിൽ പേരുചേര്‍ക്കാൻ സമയം അവസരമുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ ഇനി വാശിയേറിയ പോരാട്ടത്തിനാകും സാക്ഷ്യം വഹിക്കുക.



