രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം

Published : Dec 08, 2025, 01:30 AM IST
Rahul Mamkootathil

Synopsis

ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസിൽ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് പരിഗണിക്കുന്ന രണ്ടാമത്തെ കേസ് രാഹുലിനും പൊലീസിനും പ്രോസിക്യൂഷനും വലിയ വെല്ലുവിളിയാണ്

തിരുവനന്തപുരം: ലൈംഗിക പീഡന ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിലിന് ഇന്ന് നിർണായക ദിനം. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യേപക്ഷ ഇന്ന് കോടതി പരിഗണിക്കും. തിരുവനന്തപുരം പ്രിൻസിപ്പിൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ആദ്യ കേസിൽ ഈ മാസം 15 വരെ ഹൈക്കോടതി അറസ്റ്റ് തടഞ്ഞെങ്കിലും രണ്ടാമത്തെ കേസിൽ ഇതുവരെ ഒരു കോടതിയും അറസ്റ്റ് തടഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ഇന്ന് പരിഗണിക്കുന്ന രണ്ടാമത്തെ കേസ് രാഹുലിനും പൊലീസിനും പ്രോസിക്യൂഷനും വലിയ വെല്ലുവിളിയാണ്. ഊരും പേരുമില്ലാത്ത പരാതി രാഷ്ട്രീയ പ്രേരിതമെന്നാണ് രാഹുലിന്‍റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. കെ പി സി സി പ്രസിഡണ്ടിന് പരാതി നൽകിയ ആളെ കണ്ടെത്തി മൊഴിയെടുക്കലാണ് പൊലീസ് സംഘത്തിന് മുന്നിലെ പ്രതിസന്ധി.

പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താനായിട്ടില്ല

ബംഗളൂരുവിൽ താമസിക്കുന്നുവെന്ന് കരുതുന്ന പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതും വെല്ലുവിളി തന്നെ. കേസിലെ വിശദാംശങ്ങൾ കോടതിയിൽ ഹാജരാക്കേണ്ട ബാധ്യത പ്രോസിക്യൂഷനുണ്ട്. പൊലീസിന് പകരം കെ പി സി സി അധ്യക്ഷന് കൊടുത്ത പരാതി രാഷ്ട്രീയപ്രേരിതമല്ലേ എന്ന ചോദ്യം കഴിഞ്ഞ ദിവസം കോടതിയിൽ നിന്ന് തന്നെ ഉണ്ടായി എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടുതന്നെ ഹൈക്കോടതിയുടെ നിലപാട് സുപ്രധാനമാകും. ഈ കേസിൽ അറസ്റ്റ് തടയാത്തതാണ് രാഹുൽ ഒളിവിൽ തുടരാൻ കാരണം. മറിച്ചൊരു തീരുമാനമുണ്ടായാൽ രാഹുൽ പൊതുസമൂഹത്തിന് മുന്നിൽ പ്രത്യക്ഷപ്പെടുമെന്നാണ് കരുതുന്നത്. തിരിച്ചടിയുണ്ടായാൽ രാഹുലിന്‍റെ ഒളിവ് ജീവിതം തുടർന്നേക്കും.

രാഹുലിനെ കണ്ടെത്താൻ പുതിയ അന്വേഷണ സംഘം

അതേസമയം ഒളിവിൽ തുടരുന്ന രാഹുലിനെ കണ്ടെത്താനായി ബംഗളൂരുവിലേക്ക് പുതിയ അന്വേഷണ സംഘം ഇന്നലെ തിരിച്ചിരുന്നു. പത്ത് ദിവസമായി ഒളിവിൽ തുടരുന്ന ഒരു എം എൽ എയെ കേരള പൊലീസിന് പിടിക്കാനാകാത്തത് വലിയ രാഷ്ട്രീയ ചർച്ചയായും മാറിക്കഴിഞ്ഞിട്ടുണ്ട്. ഒളിവ് സങ്കേതങ്ങൾ കണ്ടെത്തിയതിന് പിന്നാലെ രാഹുൽ മുങ്ങുന്നത് അന്വേഷണ സംഘത്തിൽ നിന്ന് വിവരം ചോരുന്നത് കൊണ്ടാണെന്നും ആക്ഷേപമുണ്ട്. ഇത് കൂടി കണക്കിലെടുത്താണ് പുതിയ സംഘത്തെ നിയോഗിച്ചത്. കർണ്ണാടകയിലെ വിവിധ ഫാം ഹൗസുകളിലും റിസോർട്ടുകളിലുമായി മാറി മാറിക്കഴിയുകയാണ് രാഹുലെന്നാണ് പൊലീസ് നിഗമനം. അഭിഭാഷകരുടെ അടക്കം സംരക്ഷണവും ഉണ്ടെന്നാണ് വിവരം. തെരഞ്ഞെടുപ്പ് വരെ അറസ്റ്റ് നീട്ടി വിവാദം നിലനിർത്തുകയാണ് സി പി എം ലക്ഷ്യമെന്നാണ് കോൺഗ്രസ് ആവർത്തിക്കുന്നത്. രാഹുലിനെ പുറത്താക്കിയെങ്കിലും ഇപ്പോഴും കോൺഗ്രസ് തന്നെ സംരക്ഷണം നൽകുന്നുവെന്നാണ് സി പി എമ്മിൻറെ മറുപടി. അതേസമയം രാഹുലിനെതിരെ രണ്ടാമത്തെ പരാതി നൽകിയ ബംഗളൂരു സ്വദേശിയായ യുവതിയുടെ മൊഴി രേഖപ്പെടുത്തുക എന്ന ലക്ഷ്യവും ബംഗളൂരുവിലേക്ക് തിരിച്ച പുതിയ അന്വേഷണ സംഘത്തിനുണ്ട്.

PREV
Read more Articles on
click me!

Recommended Stories

തദ്ദേശ തെരഞ്ഞെടുപ്പിന് സമ്പൂർണ അവധി, തിരുവനന്തപുരം മുതൽ എറണാകുളം വരെ നാളെ അവധി; ബാക്കി 7 ജില്ലകളിൽ വ്യാഴാഴ്ച; അറിയേണ്ടതെല്ലാം
രാഷ്‌ട്രീയാവേശം അലതല്ലിയ തദ്ദേശ തെരഞ്ഞെടുപ്പിൽ തലസ്ഥാനമടക്കം 7 ജില്ലകളിൽ ഇന്ന് നിശബ്ദ പ്രചാരണം, 36630 സ്ഥാനാർഥികൾ ജനവിധി തേടുന്നു; നാളെ വിധിയെഴുത്ത്